ഫ്​ഗാനിസ്താനിലെ പോപ്പി പാടങ്ങള്‍ക്കിപ്പോള്‍ പഴയ പ്രതാപമില്ല. ഒരുകാലത്ത് പോപ്പി പൂത്തു നിന്ന പാടങ്ങളിലൊന്നുമിപ്പോൾ കൃഷിയില്ല. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതോടെ അധികാരത്തില്‍ തിരിച്ചെത്തിയ താലിബാന്‍ രാജ്യത്ത് പോപ്പി കൃഷി നിരോധിച്ചു. അതോടെ അതിര്‍ത്തി കടന്ന പോപ്പി കര്‍ഷകര്‍ പാകിസ്താനിലേക്ക്  കൃഷി വ്യാപിപ്പിച്ചു. പോപ്പി കൃഷിക്ക് വളക്കൂറുള്ള മണ്ണായി മാറുകയാണ് പാകിസ്താന്‍. ഇന്നിപ്പോള്‍ കറുപ്പിന്റെ വിളനിലമാകുകയാണ് ബലൂചിസ്താനും സമീപ പ്രവിശ്യകളും. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ആസ്ഥാനമായ ബലൂചിസ്താൻ‍ പ്രവിശ്യയിൽ കൃഷി വ്യാപിക്കുന്നതിന്റെ തെളിവായി വിശാലമായ പോപ്പി പാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളടക്കം പുറത്തുവിട്ടുകൊണ്ട് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ കറുപ്പിന്റെ 80 ശതമാനത്തിലധികം ഉത്പാദിപ്പിച്ചിരുന്ന അഫ്ഗാനിസ്താനെ മറികടന്ന് പാകിസ്താനിലെ പോപ്പി കൃഷി അതിവേ​ഗം വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. 2001-ല്‍ 'പോപ്പിരഹിതം' എന്ന് പ്രഖ്യാപിക്കപ്പെട്ട പാകിസ്താൻ അഫ്ഗാന്‍ കര്‍ഷകരുടെ കൃഷി  വൈദഗ്ദ്ധ്യം, മരുഭൂമിയിലെ ജലസേചന സൗകര്യങ്ങൾ എന്നിവയെല്ലാം ഉപയോ​ഗപ്പെടുത്തിയാണ് ലോകത്തിലെ പ്രാഥമിക കറുപ്പ് ഉത്പാദകരായി മാറുന്നത്.

To advertise here,

ലോകത്തെ മയക്കുന്ന കറുപ്പ്! 

ലോകത്ത് ഏറ്റവുമധികം ഉപയോഗത്തിലുള്ള ലഹരികളിലൊന്നാണ് കറുപ്പ്. ഒപ്പിയം പോപ്പി (Papaver somniferum) എന്ന പോപ്പി ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന, വളരെ ആസക്തി ഉളവാക്കുന്നതും രാസേതര മയക്കുമരുന്നാണിത്. മോര്‍ഫിന്‍, കൊഡീന്‍, ഹെറോയിന്‍ എന്നിവയുള്‍പ്പെടെ നിരവധി മയക്കുമരുന്നുകളുടെ പ്രധാന ഉറവിടവും പോപ്പിയാണ്. ഈ ചെടിയുടെ കായും തണ്ടുമൊക്കെ ലഹരിവസ്തു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. തൈ നട്ട് 80 ദിവസത്തിനുള്ളില്‍ പോപ്പിച്ചെടി പൂക്കും. കായ മൂപ്പെത്തുവാന്‍ വേണ്ടത് മൂന്നാഴ്ചക്കാലമാണ്. വിളവെത്തിയ കായുടെ പുറംതൊലിയില്‍ സൂചികൊണ്ട് നേര്‍ത്ത മുറിവിടും. അതില്‍ നിന്ന് ഊര്‍ന്നുവരുന്ന കറ ചുരണ്ടിയെടുക്കും. ഉണങ്ങുമ്പോള്‍ കറപ്പുനിറമാകുന്ന ആ കറയാണ് (ലാറ്റക്‌സ്) ലഹരിവസ്തു. നമ്മള്‍ മലയാളികള്‍ ഈ ലഹരി പദാര്‍ഥത്തെ കറുപ്പ് എന്ന് വിളിക്കുന്നു. കറുപ്പില്‍ ചില രാസവസ്തുക്കള്‍ ചേര്‍ത്ത് ശുദ്ധീകരിച്ചാണ് മോര്‍ഫിനും ഹെറോയിനുമൊക്കെ ഉണ്ടാക്കുന്നത്. ഇങ്ങനെ രാസപരമായി സംസ്കരിച്ചുണ്ടാക്കുന്ന ഹെറോയിനും  മറ്റ് സിന്തറ്റിക് ഒപിയോയിഡുകളും ഔഷധ ഉപയോഗത്തിനും മയക്കുമരുന്നായും ഉപയോ​ഗിക്കുന്നു.

placeholder
പോപ്പി കായകളിൽ കത്തി ഉപയോ​ഗിച്ച് മുറിവുണ്ടാക്കുന്ന കർഷകൻ  | Photo : Tessa Bunney/In Pictures Ltd./Corbis via Getty Images

മനുഷ്യന്റെ കറുപ്പ് ഉപയോ​ഗത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലാണ് പോപ്പി ഉത്ഭവിച്ചതെന്നാണ് കരുതുന്നത്. സുമേറിയക്കാരാണ് ഇത് ആദ്യമായി ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. സിൽക്ക് റോഡ് വഴി പോപ്പിയും കറുപ്പും  ലോകമെമ്പാടും വ്യാപിച്ചു. പുരാതന ഈജിപ്തിലെ വൈദ്യശാസ്ത്രരം​ഗത്ത് ഇത് ഉപയോഗിച്ചിരുന്നു. ലഹരിയായും വേദനസംഹാരിയായും ചരിത്രാതീതകാലം തൊട്ട് മനുഷ്യർ കറുപ്പ് ഉപയോഗിച്ചിട്ടുണ്ട്.  കറുപ്പില്‍നിന്നുണ്ടാക്കുന്ന മോര്‍ഫിന്‍ എന്ന മരുന്ന് ഒരു വേദനസംഹാരിയാണ്. രോഗിയെ ഉറക്കിക്കിടത്താന്‍ മോര്‍ഫിന്‍ ഉപയോഗിക്കാറുണ്ട്. പുരാതനകാലം മുതൽ പോപ്പി വ്യാപകമായി കൃഷി ചെയ്തിരുന്നു. ഇപ്പോൾ ലോകമെമ്പാടും മിതശീതോഷ്ണ കാലാവസ്ഥയിൽ ഇത് നന്നായി വളർത്തിയെടുക്കാൻ സാധിക്കും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പല രാജ്യങ്ങളിലും കറുപ്പ് നിരോധിച്ചു. കറുപ്പ് ഉത്പാദനവും വിതരണവും അന്താരാഷ്ട്രതലത്തില്‍ നിയന്ത്രിക്കപ്പെടുന്നുണ്ടെങ്കിലും ലോകമെമ്പാടുമുള്ള അന്‍പതോളം രാജ്യങ്ങളില്‍ ഈ ലഹരി നിയമവിരുദ്ധമായി ഉത്പാദിപ്പിക്കപ്പെടുന്നു. 

ചരിത്രപരമായി ലോകത്തിലെ മുന്‍നിര കറുപ്പ് ഉത്പാദകരായിരുന്നു അഫ്ഗാനിസ്താന്‍. എൺപതുകളിലാണ് അഫ്ഗാനിസ്താൻ കറപ്പുത്പാദനത്തിൽ മുൻനിരയിലേക്ക് വരുന്നത്. ഒരു സമയത്ത് ലോകത്തിലെ കറുപ്പ് ഉത്പാദനത്തിന്റെ സിംഹഭാ​ഗവും അഫ്ഗാനിസ്താനില്‍ നിന്നായിരുന്നു. 2019-ല്‍ ആഗോള വിപണിയിലെത്തിയ കറുപ്പിന്റെ 84 ശതമാനവും അഫ്ഗാനില്‍ നിന്നായിരുന്നു. അഫ്ഗാനിസ്താന്  പുറമേ, പാകിസ്താൻ തെക്കുകിഴക്കൻ ഏഷ്യയിലെ സുവർണ ത്രികോണ മേഖല (മ്യാൻമർ, തായ്‌ലൻഡ്, ലാവോസ്), കൊളംബിയ, ഗ്വാട്ടിമാല, മെക്സിക്കോ എന്നിവിടങ്ങളിലും കറുപ്പ് ഉത്പാദിപ്പിക്കപ്പെടുന്നു. താലിബാന്‍ അധികാരത്തിലെത്തിയതോടെ കാര്യങ്ങളില്‍ മാറ്റമുണ്ടായി. താലിബാന്‍ പോപ്പി കൃഷിക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇതോടെ അഫ്ഗാനിസ്താനിലെ പോപ്പി കൃഷി 95 ശതമാനത്തോളം കുറഞ്ഞു. 2023-ല്‍ അഫ്ഗാനിസ്താനെ മറികടന്ന് മ്യാന്‍മര്‍ ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് ഉത്പാദക രാജ്യമായി. യുഎൻ റിപ്പോർട്ട് പ്രകാരം 1080 മെട്രിക് ടണ്ണാണ് അവരുടെ ഉത്പാദനം. 

placeholder
അഫ്ഗാനിസ്താന്റെ വടക്കുകിഴക്കൻ തന്റെ പോപ്പി വയലിൽ ഒരു കർഷകൻ | Photo : Paula Bronstein/Getty Images

പാകിസ്താനിലെ പോപ്പി കൃഷി

നീണ്ട വര്‍ഷങ്ങളുടെ സങ്കീർണ ചരിത്രം പാകിസ്താനിലെ പോപ്പി കൃഷിക്കുണ്ട്. കൊളോണിയല്‍ കാലഘട്ടം മുതല്‍ നീളുന്ന പരമ്പരാഗത ഉപയോഗവുമായും അന്താരാഷ്ട്ര മയക്കുമരുന്ന് വ്യാപാരവുമായും ബന്ധപ്പെട്ടിരിക്കുന്നതാണ് അത്. 1947-ലെ വിഭജനത്തിനുശേഷം ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് കറുപ്പ് നിയമങ്ങളും ഭരണ സംവിധാനങ്ങളും പാക് നിയമവ്യവസ്ഥയുടെ ഭാഗമായി. അക്കാലത്ത് വരുമാനത്തിനും ഔഷധ ഉപയോഗത്തിനുമായി നിയന്ത്രിത തോതില്‍ പോപ്പി കൃഷി പാകിസ്താനിലുണ്ടായിരുന്നു. പഞ്ചാബിലും വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലും (ഇപ്പോള്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ) പോപ്പി കൃഷിയില്‍ ആദ്യകാല പരീക്ഷണങ്ങള്‍ നടന്നിരുന്നു. പ്രധാനമായും ആരോ​ഗ്യരം​ഗത്തെ ആവശ്യങ്ങള്‍ക്കായി കറുപ്പ് ഉത്പാദിപ്പിക്കുന്ന ലാഹോര്‍ കറുപ്പ് ഫാക്ടറി പോലുള്ള സര്‍ക്കാര്‍ സൗകര്യങ്ങളുടെ പിന്തുണയോടെയായിരുന്നു ഇത്. 1955 വരെ ഇന്ത്യ പാകിസ്താന് കറുപ്പ് നല്‍കിയിരുന്നു. അന്താരാഷ്ട്ര നിയമം കാരണം ഇറക്കുമതി നിലച്ചു. ഇതോടെ ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കറുപ്പ് കൃഷി വികസിപ്പിക്കാന്‍ പാകിസ്താനെ പ്രേരിപ്പിച്ചു. 

1970-കളിൽ പാകിസ്താനിൽ രാഷ്ട്രീയ നേതൃത്വം ദുർബലമായി. പോപ്പി കൃഷിയിൽ സര്‍ക്കാരിന്റെ പിടി അയഞ്ഞു. പലപ്പോഴും നിരീക്ഷണവും നിയന്ത്രണങ്ങളും വളരെ ദുർബലമായിരുന്നു. ഇതോടെ എഴുപതുകളുടെ മധ്യത്തിൽ പാകിസ്താനിൽ പോപ്പി കൃഷി വ്യാപകമായി. പ്രധാനമായും വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലും അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ഗോത്ര മേഖലകളിലുമായിരുന്നു കൃഷി. ഇക്കാലഘട്ടത്തില്‍ ഉത്പാദനത്തിലും വില്‍പ്പനയിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ മോല്‍നോട്ടം ഉണ്ടായിരുന്നില്ല. ഇതേ കാലഘട്ടത്തിൽ  തുര്‍ക്കിയും ഫ്രാന്‍സും അവരുടെ കറുപ്പ് വ്യവസായങ്ങളുടെ മേല്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഇതോടെ അനധികൃത ഹെറോയിന് ബദല്‍ സ്രോതസ്സായി പാകിസ്താൻ, അഫ്ഗാനിസ്താൻ, ഇറാൻ (ഗോൾഡൻ ക്രസന്റ് എന്നറിയപ്പെടുന്ന പ്രദേശം) മാറി. പാകിസ്താന്‍ ആഗോള വിപണിയിലെ പ്രധാന  വിതരണക്കാരായതോടെ രാജ്യത്ത് ഹെറോയിന്‍ ലാബുകള്‍ വളരുകയും ചെയ്തു. 

സോവിയറ്റ് യൂണിയൻ അഫ്​ഗാൻ അധിനിവേശ കാലത്ത് (1979–1989), യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള ഹെറോയിന്റെ പ്രധാന ഉത്പാദകരും ഗതാഗതകേന്ദ്രവുമായി പാകിസ്താൻ മാറി. ഉൽപ്പാദനം കുതിച്ചുയർന്നു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് ഉൾപ്പെടെയുള്ള തന്ത്രപരമായ കാരണങ്ങളാൽ പാക് അധികാരികൾ പലപ്പോഴും കൃഷി അനുവദിക്കുകയോ സൗകര്യമൊരുക്കുകയോ ചെയ്തു. 1990-കളിൽ പാക് സർക്കാരിന്റെ ശ്രമങ്ങളുടെയും അന്താരാഷ്ട്ര പിന്തുണയുടെയും ഫലമായി രാജ്യത്ത് പോപ്പികൃഷി കുറയാൻ തുടങ്ങി. തൊണ്ണൂറുകളിൽ ഏകദേശം  9,000 ഹെക്ടര്‍ പ്രദേശത്ത് ഉണ്ടായിരുന്ന കൃഷി 2000-കളുടെ തുടക്കത്തില്‍ ഏകദേശം 243 ഹെക്ടറായി കുറഞ്ഞു. 2000-ൽ ഐക്യരാഷ്ട്രസഭ പാകിസ്താനെ "പോപ്പി വിമുക്തം" ആയി പ്രഖ്യാപിച്ചു. 2000-01-ൽ താലിബാൻ അഫ്ഗാനിൽ ആദ്യമായി കറുപ്പ് നിരോധനം ഏർപ്പെടുത്തിയതിന്റെ ഫലമായി പാകിസ്താനിൽ പോപ്പി കൃഷി വ്യാപിച്ചു. 2003-ൽ ആദ്യമായി ബലൂചിസ്താനിൽ പോപ്പി കൃഷി ചെയ്തുവെങ്കിലും പിന്നീട് വീണ്ടും കുറഞ്ഞു. 2007-ൽ വെറും 424 ഹെക്ടറിൽ മാത്രമായിരുന്നു കൃഷി.

placeholder
പാകിസ്താൻ അതിർത്തിക്ക് സമീപം പോപ്പികൾ വളരുന്നു | Photo: David Bathgate/Corbis via Getty Images

അഫ്ഗാനില്‍നിന്ന് ബലൂചിസ്താനിലേക്ക് 

അഫ്​ഗാനിസ്താനിലെ അധികാരമാറ്റമാണ് പാകിസ്താനിലേക്ക് വീണ്ടും പോപ്പി വസന്തം തിരികെ കൊണ്ടുവന്നത്. താലിബാൻ രണ്ടാം തവണയും അധികാരത്തിലെത്തിയതിന് പിന്നാലെ 2022-ല്‍ അഫ്​ഗാനിസ്താൻ പരമോന്നത ആത്മീയനേതാവ് രാജ്യത്ത് പോപ്പി കൃഷി നിരോധിച്ചു. ഇതോടെ രാജ്യത്ത് നിരോധനം വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ കൃഷി 95 ശതമാനത്തോം കുറഞ്ഞു എന്നാണ് യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓഫ് ഡ്ര​ഗ്സ് ആൻഡ് ക്രൈം (യു.എൻ.ഒ.ഡി.സി.) പുറത്തുവിടുന്ന വിവരം. 2024-ൽ അഫ്​ഗാനിസ്താനിൽ ഏകദേശം 12,800 ഹെക്ടറിലായിരുന്നു പോപ്പി കൃഷി. 2023-നെ അപേക്ഷിച്ച് 19 ശതമാനം കൂടുതൽ (10,800 ഹെക്ടർ). അതുപോലെ, 2024-ൽ രാജ്യത്തിന്റെ കറുപ്പ് ഉത്പാദനം 2023-നെ അപേക്ഷിച്ച് 30 ശതമാനം വർദ്ധിച്ച് 433 ടണിലെത്തി. പക്ഷേ 2022-നെ അപേക്ഷിച്ച് വളരെ കുറവാണിത്. 2022-ൽ ഏകദേശം 232,000 ഹെക്ടർ സ്ഥലത്തായിരുന്നു കൃഷി. കർഷകരെ സംബന്ധിച്ചിടത്തോളം മറ്റൊരു വിളയ്ക്കും പോപ്പി കൃഷി നൽകുന്ന വരുമാനം നൽകാനാകില്ല. അതിനാൽ തന്നെ  2022 ഏപ്രിലിൽ താലിബാൻ കൃഷി നിരോധിച്ചപ്പോൾ, നിരവധി കർഷകർ പാകിസ്താനിലേക്ക് കുടിയേറി. ഇത്തവണ, നിരോധനം പ്രഖ്യാപിച്ചതിനുശേഷം താലിബാൻ കർഷകർക്ക് ഒരു ഇളവ് നൽകി; അത് ഇതിനകം വിത്തിറക്കിയ കർഷകരെ വിളവെടുക്കാൻ അനുവദിച്ചു. 

നിരോധനം കർശനമായി നടപ്പിലാക്കിയതോടെ അഫ്​ഗാനിലെ പോപ്പി കൃഷി ഫലത്തിൽ കുറഞ്ഞു. താലിബാന്റെ കറുപ്പ് നിരോധനത്തോടെ വരുമാനം നഷ്ടപ്പെട്ട പോപ്പി കര്‍ഷകര്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലേക്ക് എത്തി. പാകിസ്താനിലെ മരുഭൂമികളിലേക്ക് അവർ കൃഷിയുടെ നൂതന സാങ്കേതിക വിദ്യകള്‍ കൊണ്ടുവന്നു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കിണറുകള്‍ ഉപയോഗിച്ച്, അവര്‍ വിശാലമായ വയലുകള്‍ നനച്ചു. ഭൂമി വാടകയ്ക്കെടുക്കുകയോ, പ്രാദേശിക ബലൂച് കര്‍ഷകരുമായി ചേർന്ന് കൃഷി ചെയ്യുകയോ ചെയ്യുന്നു. ഇതോടെ 2022 മുതൽ ബലൂചിസ്താൻ പോപ്പി കൃഷിയുടെ പുതിയ കേന്ദ്രമായി ഉയർന്നുവന്നു. ബലൂചിസ്താന്‍ പ്രവിശ്യയില്‍ മാത്രം 8,100 ഹെക്ടർ പോപ്പി ഫാമുകള്‍ ഉണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങളടക്കം പുറത്തുവിട്ടുകൊണ്ട് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്. ഭൂമിശാസ്ത്ര ഡാറ്റാ കമ്പനിയായ ആല്‍സിസ് ആണ് ചിത്രങ്ങള്‍ ശേഖരിച്ചത്. ഈ ഫാമുകളില്‍ പലതും അഞ്ച് ഹെക്ടറില്‍ കൂടുതൽ വിസ്തീർണമുള്ളവയാണ്. ചില സ്ഥലങ്ങളില്‍ കൃഷിഭൂമിയുടെ ഏകദേശം 70 ശതമാനവും പോപ്പി കൈയടക്കിയിരിക്കുന്നു. നഗരപ്രദേശങ്ങള്‍ക്ക് സമീപം പോലും കൃഷിയിടങ്ങളുണ്ട്. 2001-ൽ പോപ്പി വിമുക്തം എന്ന് പ്രഖ്യാപിക്കപ്പെട്ട പാകിസ്താൻ 2025-ൽ ലോകത്തിലെ മുൻനിര കറുപ്പ് ഉത്പാദകരാജ്യമായി മാറി.

എന്തുകൊണ്ട് ബലൂചിസ്താനിൽ വീണ്ടും പോപ്പി പൂക്കുന്നു?

ബലൂചിസ്താനിൽ പോപ്പി കൃഷി വ്യാപകമാകുന്നതിന് പിന്നിൽ പാരിസ്ഥിതിക, സാമ്പത്തിക, ഭൗമരാഷ്ട്രീയ ഘടകങ്ങളുണ്ട്. അഫ്ഗാനിസ്താനിൽ താലിബാൻ നിരോധനം ഏർപ്പെടുത്തിയതിനുശേഷം, പോപ്പി കൃഷിയിൽ പതിറ്റാണ്ടുകളുടെ വൈദഗ്ധ്യമുള്ള അഫ്ഗാൻ കർഷകരുടെ വരവ് ഈ പ്രദേശത്തെ കറുപ്പ് ഉത്പാദനത്തിന്റെ പുതിയ കേന്ദ്രമാക്കി മാറ്റി. ബലൂചിസ്താന്റെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം കൃഷി വ്യാപനത്തിന് പ്രധാന കാരണമായി. ബലൂചിസ്താൻ വളരെ ദരിദ്രമാണ്, ദാരിദ്ര്യനിരക്ക് 70 ശതമാനത്തോളമാണ്. ചെറുകിട കർഷകർക്ക് സാധാരണ വിളകളിൽനിന്ന് ലഭിക്കുന്ന വരുമാനം തുച്ഛമാണ്. അതേസമയം കറുപ്പിന്റെ വില ആകർഷകമായി തുടരുന്നു.  അതിനാൽ തന്നെ നിയമവിരുദ്ധതയും അപകടസാധ്യതകളും ഉണ്ടായിരുന്നിട്ടും പോപ്പി കൃഷിയിലേക്ക് തിരിയാൻ അവരെ പ്രരിപ്പിക്കുന്നു. പാകിസ്താൻ- അഫ്​ഗാനിസ്താൻ അതിർത്തി വളരെ ദുർബലമായതിനാൽ തന്നെ അഫ്ഗാൻ തൊഴിലാളികളുടെയും കർഷകരുടേയും  ഒഴുക്ക് ബലൂചിസ്താനിലേക്ക് എളുപ്പത്തിൽ നടക്കുന്നു. 

placeholder
വിളവെടുത്ത കറുപ്പ് പ്ലാസ്റ്റിക് ബാഗുകളിൽ  | Photo: Paula Bronstein/Getty Images

വലിയ തോതിലുള്ള കൃഷി, സായുധ ഗ്രൂപ്പുകളുടെ സാന്നിധ്യം, ദുര്‍ബലമായ സർക്കാർ എന്നിവ കണക്കിലെടുക്കമ്പോൾ സമീപകാലത്ത് തന്നെ പാകിസ്താന്‍ പോപ്പി കൃഷിയില്‍ അഫ്ഗാനിസ്താനെ മറികടക്കുമെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. ചില നിരീക്ഷകർ ഇക്കാര്യത്തിൽ കാര്യത്തിൽ ബലൂചിസ്താനെ 'പുതിയ അഫ്ഗാനിസ്താന്‍' എന്നാണ് വിളിക്കുന്നത്. ബലൂചിസ്താൻ ലിബറേഷന്‍ ആര്‍മി, ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ ഗ്രൂപ്പുകളുടെ ദീര്‍ഘകാല കലാപങ്ങള്‍ക്ക് പ്രവിശ്യ ഇതിനകം തന്നെ കേന്ദ്രമാണ്. ഈ സംഘടനകള്‍ ഒരു ദശാബ്ദത്തിലേറെയായി പാകിസ്താന്‍ ഭരണകൂടത്തിനെതിരെ പോരാടുകയാണ്. ഉയര്‍ന്ന അപകടസാധ്യതയുള്ള പാകിസ്താന്‍ ആണവ സൗകര്യങ്ങളുടെയും ചൈനീസ് നിക്ഷേപപദ്ധതികളുടെയും സാന്നിധ്യം കണക്കിലെടുക്കുമ്പോള്‍ ഇത് ഒരു സെന്‍സിറ്റീവ് മേഖല കൂടിയാണ്. സുരക്ഷയുടെ കാര്യത്തില്‍ പിന്നാക്കം നിൽക്കുന്ന മേഖലയെ മയക്കുമരുന്ന് വ്യാപാരം അസ്ഥിരപ്പെടുത്താം. തീവ്രവാദപ്രവർത്തനങ്ങൾ വ്യാപകമായ ഒരു പ്രദേശത്ത്  മയക്കുമരുന്ന് കൃഷിയും വ്യാപാരവും കൂടിയാകുമ്പോൾ അപകടസാധ്യതകള്‍ സ്വാഭാവികമായും ഉയരും.

ബലൂചിസ്താനിൽ പോപ്പികൃഷി വ്യാപകമാകുന്നത് ഇന്ത്യയേയും ആശങ്കപ്പെടുത്തുന്നുണ്ട്. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് വർദ്ധിച്ചേക്കുമെന്നതിനാലും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം ലഭിക്കാൻ സാധ്യതയുള്ളതിനാലും ഇന്ത്യ വളരെയധികം ആശങ്കാകുലരാണ്. ബലൂചിസ്താനിലെ മയക്കുമരുന്ന് ഉൽപ്പാദനത്തിൽ നിന്നുള്ള വരുമാനം ഇന്ത്യയിലും പരിസരത്തും പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ഒഴുകിയെത്തുമെന്നും ഇത് ആക്രമണങ്ങൾക്കും അശാന്തിക്കും സാധ്യത വർദ്ധിപ്പിക്കുമെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഭയപ്പെടുന്നു.  ഹെറോയിന്റെ വരവ് മൂലമുണ്ടാകുന്ന വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ആസക്തി ഇന്ത്യയിൽ സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾക്ക് കാരണമായേക്കുമെന്നും ഭയപ്പെടുന്നു.  അതേസമയം, അഫ്ഗാന്‍ കറുപ്പിനെതിരായ താലിബാന്‍ നടപടി ആഗോള മയക്കുമരുന്ന് വിപണികളില്‍ മാറ്റത്തിന് കാരണമായതായാണ് വിലയിരുത്തൽ. കറുപ്പിന് പകരം സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം, പ്രത്യേകിച്ച് യൂറോപ്പില്‍ വര്‍ദ്ധിച്ചുവരുന്നതായാണ് യു.എൻ.ഒ.ഡി.സി. ചൂണ്ടിക്കാണിക്കുന്നത്. 

Reference