2020 ജൂണിലെ ഗാൽവാൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലാണ് ഏറ്റവും അവസാനമായി ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സൈനിക സംഘർഷം. തോക്കുകളോ മറ്റ് സൈനിക ആയുധങ്ങളോ ഉപയോഗിക്കാതെ രണ്ട് രാജ്യങ്ങളിലെ സൈനികർ പരസ്പരം ഏറ്റുമുട്ടിയ അപൂർവ സംഭവം. എങ്കിലും, അതുവരെ അതൃപ്തി പുകഞ്ഞുകൊണ്ടിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയൊരു പൊട്ടിത്തെറിയാണ് ഗാൽവാൻ സംഘർഷത്തോടെ ഉണ്ടായത്. ഇതിനുശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണവും സംഘർഷഭരിതവുമായ ഘട്ടത്തിലൂടെയാണ് കടന്നുപോയത്.

To advertise here,

നീണ്ട നാലര വർഷത്തെ നയതന്ത്ര-സൈനിക ചർച്ചകൾക്ക് ഒടുവിൽ, 2024 ഒക്ടോബറിൽ യഥാർത്ഥ നിയന്ത്രണ രേഖയിലെ (LAC) പട്രോളിംഗ് സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും കൈവരിച്ച ധാരണ ഉഭയകക്ഷി ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവായി മാറിയിട്ടുണ്ട്. തന്ത്രപ്രധാന മേഖലകളിലെ ചൈനയുടെ താൽപ്പര്യങ്ങളും ഭൂതകാല അനുഭവങ്ങളും കണക്കിലെടുക്കുമ്പോൾ, നയതന്ത്രപരമായ ഈ പുരോഗതിയെ തികഞ്ഞ ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ട്. നിലവിൽ ബ്രിക്‌സ് ഉച്ചകോടിയിലും അതിനുമുമ്പും ഇന്ത്യയുമായി സംഘർഷത്തിനില്ലെന്നുള്ള ലൈനിലാണ് ചൈന പ്രതികരിക്കുന്നത്. ബന്ധം മെച്ചപ്പെടുത്താൻ ചൈന താത്പര്യം കാണിക്കുന്നുമുണ്ട്.

മുൻകാലങ്ങളിലെ ചരിത്രം പരിശോധിക്കുമ്പോൾ ചൈനയെ അങ്ങനെ കണ്ണടച്ച് വിശ്വസിക്കാനും കഴിയില്ല. സമാധാനം പറയുകയും അതിന് തുരങ്കം വയ്ക്കുകയും ചെയ്യുന്നത് 'ജനകീയ ചൈന'യുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണെന്ന് തോന്നുന്നു. 2019-ലെ സമാധാനപരമായ അനൗപചാരിക ചർച്ചകൾ നടന്ന് ഏതാനും മാസങ്ങൾക്കുള്ളിലാണ് ഗാൽവനിൽ ചൈന കടന്നുകയറാൻ ശ്രമിച്ചതെന്നു മറക്കാൻ പാടില്ല. മാമല്ലപുരം ഉച്ചകോടിയിലൂടെ ഉണ്ടാക്കിയെടുത്ത 'വൂഹാൻ സ്പിരിറ്റ്', 'ചെന്നൈ കണക്ട്' തുടങ്ങിയ നയതന്ത്ര ധാരണകളെല്ലാം ഈ കടന്നുകയറ്റത്തോടെ തകർന്നു.

യഥാർത്ഥ നിയന്ത്രണ രേഖയിലെ നിലവിലെ സാഹചര്യം

2024 ഒക്ടോബർ 21-നാണ് കിഴക്കൻ ലഡാക്കിലെ തർക്കപ്രദേശങ്ങളായ ഡെപ്‌സാങ് പ്ലെയിൻസ് (Depsang Plains), ഡെംചോക് (Demchok) എന്നീ മേഖലകളിൽ പട്രോളിംഗ് പുനരാരംഭിക്കുന്നതിനായി ഇന്ത്യയും ചൈനയും സുപ്രധാന കരാറിൽ ഒപ്പിട്ടത്. 2020-ലെ അതിർത്തി കടന്നുകയറ്റത്തെ തുടർന്ന് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട തന്ത്രപ്രധാനമായ പട്രോളിംഗ് പോയിന്റുകളിലേക്ക് (PP 10, 11, 11A, 12, 13) വീണ്ടും പ്രവേശനം ലഭിക്കാൻ ഈ ധാരണ സഹായിച്ചു. ഇതോടൊപ്പം ഡെംചോക്കിലെ ചാർഡിംഗ് നള മേഖലയിലും പരമ്പരാഗത പട്രോളിംഗ് അവകാശങ്ങളും പുനഃസ്ഥാപിക്കപ്പെട്ടു. എന്നാൽ, ഈ മുന്നേറ്റത്തെ അതിർത്തിയിലെ പൂർണ്ണമായ സാധാരണ നിലയിലേക്കുള്ള മടങ്ങിവരവായി വിലയിരുത്താൻ സാധിക്കില്ല.

നിലവിലെ ധാരണ പ്രകാരം ഡെപ്‌സാങ്ങിലും ഡെംചോക്കിലും ഇരുപക്ഷവും നടപ്പിലാക്കുന്നത് അങ്ങേയറ്റം പരിമിതപ്പെടുത്തപ്പെട്ട 'ഏകോപിത പട്രോളിംഗ്' (coordinated patrolling) സംവിധാനമാണ്. ഇതനുസരിച്ച് ഒരു പട്രോളിംഗ് സംഘത്തിൽ പരമാവധി 14 സൈനികർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്നും പട്രോളിംഗ് ആരംഭിക്കുന്നതിന് മുൻപ് എതിർഭാഗത്തെ വിവരമറിയിക്കണമെന്നും പ്രതിമാസം നടത്താവുന്ന പട്രോളിംഗുകളുടെ എണ്ണം രണ്ടോ മൂന്നോ ആയി നിജപ്പെടുത്തിയിട്ടുണ്ടെന്നും വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു.

ഇതിനു പുറമെ, മുൻപ് സേനാപിന്മാറ്റം പൂർത്തിയാക്കിയ ഗാൽവാൻ താഴ്വര (PP 14), പാങ്‌ഗോങ് ത്സോ (വടക്ക്-തെക്ക് തീരങ്ങൾ), ഗോഗ്ര (PP 17A), ഹോട്ട് സ്പ്രിങ്‌സ്‌ (PP 15) എന്നീ മേഖലകളിൽ ഇരുപക്ഷത്തിന്റെയും പട്രോളിംഗ് തടസ്സപ്പെടുത്തുന്ന 'ബഫർ സോണുകൾ' ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിനാൽ തർക്ക പ്രദേശങ്ങളിൽനിന്നുള്ള സൈനിക പിന്മാറ്റം ഒരുപരിധി വരെ പൂർത്തിയായെങ്കിലും, സൈനികരുടെ എണ്ണം കുറയ്ക്കലും പ്രധാന താവളങ്ങളിലേക്കുള്ള തിരിച്ചയക്കലും അനിശ്ചിതത്വത്തിൽ തന്നെയാണ്.

വ്യാളിയെ വിശ്വസിക്കാമോ?

2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ വേദിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ച, ഗാൽവാൻ സംഭവമുണ്ടായി അഞ്ച് വർഷത്തിന് ശേഷമുള്ള ആദ്യത്തെ ഔപചാരിക ഉഭയകക്ഷി ചർച്ചയായിരുന്നു. ഇതിനെത്തുടർന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വംഗ്‌യിയും ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്ത 25-ാം റൗണ്ട് സ്‌പെഷ്യൽ റെപ്രസെന്റേറ്റീവ് ചർച്ചകളിൽ അതിർത്തിയിൽ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുന്നതിനും ഹോട്ട്ലൈനുകൾ പുനരാരംഭിക്കുന്നതിനും ധാരണയായി. എന്നാൽ, ഈ നയതന്ത്ര പ്രകടനങ്ങളുടെ പേരിൽ ചൈനയുടെ ദീർഘകാല തന്ത്രപരമായ ലക്ഷ്യങ്ങളെ വിശ്വസിക്കുന്നത് അപകടകരമാണ്.

ചൈനീസ് നയതന്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാൽ, സമാധാന ധാരണകൾ ഒപ്പുവെക്കുന്ന വേളയിൽതന്നെ അതിർത്തിയിൽ ഏകപക്ഷീയമായി അധിനിവേശം നടത്തുന്ന തന്ത്രം അവർ പലപ്പോഴും സ്വീകരിച്ചിട്ടുള്ളതായി കാണാം. 1993-ലും 1996-ലും ഒപ്പുവെച്ച അതിർത്തി സമാധാന കരാറുകളെ പൂർണ്ണമായി ലംഘിച്ചുകൊണ്ടാണ് 2020-ൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (PLA) ലഡാക്കിൽ കടന്നുകയറാൻ ശ്രമിച്ചത്.

ഈ നീക്കം മുൻകരാറുകളുടെ ലംഘനമായിരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഔദ്യോഗികമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1954-ലെ ബാരഹോട്ടി തർക്കം, 1959-ലെ ലോങ്ജു സംഭവം, 1986-1995 കാലയളവിലെ സംദോറോങ് ചു മേഖലയിലെ സംഘർഷം, 2013-ലെ ഡെപ്‌സാങ് ഇൻകർഷൻ എന്നിവയെല്ലാം ചൈന ഉഭയകക്ഷി ബന്ധത്തിൽ പുലർത്തുന്ന വിശ്വസനീയതയില്ലായ്മയുടെ ആവർത്തിക്കപ്പെടുന്ന ചരിത്രപരമായ ഉദാഹരണങ്ങളാണ്.

കൂടാതെ, ഉച്ചകോടികളിലും നയതന്ത്രവേദികളിലും സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോഴും, അതിർത്തിയിലെ തന്ത്രപരമായ സൈനിക സജ്ജീകരണങ്ങൾ വർദ്ധിപ്പിക്കുന്നത് ചൈന തുടരുകയാണ്. കരസേനയ്ക്ക് ഉയർന്ന പ്രദേശങ്ങളിൽ യുദ്ധം ചെയ്യാൻ അനുയോജ്യമായ ടൈപ്പ്- 15 ടാങ്കുകൾ, സിഎച്ച്-4 ഡ്രോണുകൾ, അത്യാധുനിക പീരങ്കികൾ എന്നിവ വിന്യസിക്കുകയും വ്യോമതാവളങ്ങളും ഹെലിപോർട്ടുകളും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ, ബ്രിക്‌സ് അല്ലെങ്കിൽ എസ്‌സിഒ (SCO) വേദിയിലെ ചൈനയുടെ നയതന്ത്ര സമീപനം തന്ത്രപരമായ ഇടവേള മാത്രമാണെന്ന് വേണം കരുതാൻ.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കടുത്ത നിലപാട് പുലർത്തിയിരുന്ന ചൈന, ഇന്ത്യയുമായുള്ള തർക്കങ്ങൾ ലഘൂകരിക്കാൻ പെട്ടെന്ന് താൽപ്പര്യം കാണിക്കുന്നതിന് പിന്നിൽ സങ്കീർണ്ണമായ ഭൗമരാഷ്ട്രീയ-സാമ്പത്തിക കാരണങ്ങളുണ്ട്. ചൈനയുടെ ആഭ്യന്തര സാമ്പത്തികരംഗം നേരിടുന്ന കടുത്ത വെല്ലുവിളികളാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. നിർമ്മാണ മേഖലയിലെ മന്ദതയും റിയൽ എസ്റ്റേറ്റ് തകർച്ചയും കാരണം ചൈനീസ് സാമ്പത്തിക വളർച്ച കുറഞ്ഞ പശ്ചാത്തലത്തിൽ, ഇന്ത്യയെപ്പോലുള്ള ഒരു വൻവിപണിയെ പൂർണ്ണമായി ഒഴിവാക്കാൻ ബീജിങ്ങിന് സാധിക്കില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പരിശോധിച്ചാൽ, ചൈനയ്ക്ക് ഇന്ത്യയിൽനിന്നുള്ള സാമ്പത്തിക താൽപ്പര്യം വ്യക്തമാകും. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി 14.25 ശതകോടി ഡോളറായി ചുരുങ്ങിയപ്പോൾ, ചൈനയിൽനിന്നുള്ള ഇറക്കുമതി 113.45 ശതകോടി ഡോളറായി ഉയരുകയും വ്യാപാര കമ്മി 99.2 ശതകോടി ഡോളറിൽ എത്തുകയും ചെയ്തു. 2025-26 കാലയളവിൽ ഈ വ്യാപാര കമ്മി വീണ്ടും വർദ്ധിച്ച് 112 ശതകോടി ഡോളർ കടന്നു.

ഗാൽവാൻ സംഭവത്തിനു ശേഷം ഇന്ത്യ ഏർപ്പെടുത്തിയ ആപ്പ് നിരോധനങ്ങളും ചൈനീസ് വിദേശ നിക്ഷേപങ്ങൾക്കുള്ള കർശന നിയന്ത്രണങ്ങളും ചൈനീസ് ടെക്-നിർമ്മാണ കമ്പനികൾക്ക് കനത്ത സാമ്പത്തിക തിരിച്ചടിയായിരുന്നു. മറ്റൊരു പ്രബലമായ കാരണം അന്താരാഷ്ട്ര തലത്തിൽ ഉയർന്നുവരുന്ന 'ചൈന പ്ലസ് (China plus)' തന്ത്രമാണ്. പാശ്ചാത്യരാജ്യങ്ങളും പ്രമുഖ ആഗോള ബഹുരാഷ്ട്ര കമ്പനികളും ചൈനയ്ക്ക് പകരമായി മറ്റ് നിർമ്മാണകേന്ദ്രങ്ങളിലേക്ക് മാറുമ്പോൾ, ഇന്ത്യ പൂർണ്ണമായി ആഗോള വിതരണ ശൃംഖലകളുടെ കേന്ദ്രമാകുന്നത് തടയാനും തങ്ങളുടെ സാങ്കേതിക വിതരണ മേധാവിത്വം നിലനിർത്താനും ബീജിങ് ആഗ്രഹിക്കുന്നു. ഇതോടൊപ്പം, അമേരിക്കയുമായുള്ള വ്യാപാര യുദ്ധങ്ങളും ഭൗമാതിർത്തി തർക്കങ്ങളും കടുക്കുന്ന പശ്ചാത്തലത്തിൽ, ഇന്തോ- പസഫിക് മേഖലയിൽ അമേരിക്കയുമായി ചേർന്ന് ഇന്ത്യ ക്വാഡ് (QUAD) അല്ലെങ്കിൽ ഒരു 'ഏഷ്യൻ നാറ്റോ' പോലുള്ള ശക്തമായ സൈനിക വിരുദ്ധ അച്ചുതണ്ട് രൂപീകരിക്കുന്നത് തടയുകയെന്ന നയതന്ത്ര ലക്ഷ്യവും ചൈനയ്ക്കുണ്ട്.

ഏറ്റവും പ്രധാനമായി, 2020-ലെ സംഘർഷത്തിന് ശേഷം നിയന്ത്രണം നേടിയ തന്ത്രപ്രധാന ലൊക്കേഷനുകളിൽ സൈനികാധിപത്യം ഉറപ്പിച്ച ശേഷം, അതിർത്തി വിഷയത്തെ സാവധാനം സാധാരണ നിലയിലേക്ക് കൊണ്ടുവന്ന് മറ്റ് സാമ്പത്തിക- നയതന്ത്ര സഹകരണങ്ങൾ പുനഃസ്ഥാപിക്കുക എന്നത് ചൈനയുടെ ആസൂത്രിത തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്ന് വേണം കരുതാൻ.

നിയന്ത്രണം കുറച്ച് ഇന്ത്യ

2020 ഏപ്രിലിൽ, കോവിഡ്-19 മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കമ്പനികളെ ചൈനീസ് കാപിറ്റലിസ്റ്റുകൾ ഒളിച്ചുകടന്ന് ഏറ്റെടുക്കുന്നത് തടയാനാണ് നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിൽ ഇന്ത്യ 'പ്രസ് നോട്ട് 3' (PN3) എന്ന വ്യവസ്ഥ കൊണ്ടുവന്നത്. ഇന്ത്യയുമായി കരയതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ള ഏതൊരു നിക്ഷേപത്തിനും നിർബന്ധിത സർക്കാർ അനുമതി ആവശ്യമായിരുന്നു ഈ നയമനുസരിച്ച്‌. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷത്തെ പരിചയസമ്പത്തിൽനിന്ന്, ഈ നിയന്ത്രണങ്ങൾ ചൈനീസ് ഉൽപ്പന്നങ്ങളുടെ വരവിനെ തടഞ്ഞില്ലെങ്കിലും, തദ്ദേശീയമായ ഉൽപ്പാദന മേഖലയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യയും ആഗോള വെഞ്ച്വർ ഫണ്ടുകളിൽ നിന്നുള്ള നിക്ഷേപവും തടസ്സപ്പെടുത്തിയെന്നു വിലയിരുത്തപ്പെട്ടു.

ആഗോള വൻകിട കമ്പനികളിലെ കുറഞ്ഞ ചൈനീസ് ഓഹരി സാന്നിധ്യംപോലും കോടിക്കണക്കിന് ഡോളറിന്റെ വിദേശ നിക്ഷേപങ്ങൾ നയത്തിന്റെ നൂലാമാലകളിൽപെട്ട് കുടുങ്ങാൻ കാരണമായി. ഈ ഭൗതിക സാമ്പത്തിക യാഥാർത്ഥ്യവും ഇക്കണോമിക് സർവേ എന്നിവയുടെ ശുപാർശകളും കണക്കിലെടുത്ത് 2026 ആരംഭത്തിൽ കേന്ദ്രസർക്കാർ ഈ നയത്തിൽ നിർണ്ണായകമായ ചില മാറ്റങ്ങൾ വരുത്തി. ചൈനയിൽനിന്നുള്ള പൂർണ്ണമായ സാമ്പത്തിക വേർപെടൽ പ്രായോഗികമല്ലെന്ന തിരിച്ചറിവിൽനിന്നാണ്, തന്ത്രപ്രധാന മേഖലകളെ സംരക്ഷിച്ചുകൊണ്ട് ഉൽപ്പാദന ആവശ്യങ്ങൾക്ക് മാത്രമായി സാങ്കേതികവിദ്യയും നിക്ഷേപവും സ്വീകരിക്കുന്ന 'ഡി-റിസ്‌കിങ്‌' (de-risking) തന്ത്രത്തിലേക്ക് ഇന്ത്യ മാറിയത്.

യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന സൃഷ്ടിക്കുന്ന സുരക്ഷാ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി ഇന്ത്യ സംയോജിതമായ സൈനിക, സാമ്പത്തിക, നയതന്ത്ര തന്ത്രങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സൈനിക പ്രതിരോധ തലത്തിൽ, കിഴക്കൻ ലഡാക്കിൽ നിർമ്മിച്ച മുധ്-ന്യോമ വ്യോമസേന താവളം (Nyoma Airbase) സജ്ജമാക്കിയത് ഇന്ത്യയുടെ തന്ത്രപരമായ മുന്നേറ്റമാണ്. സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ എയർബേസ്, അത്യാധുനിക യുദ്ധവിമാനങ്ങൾ വേഗത്തിൽ വിന്യസിക്കാനും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വ്യോമസേന താവളങ്ങൾക്ക് തടസ്സമില്ലാത്ത മറുപടി നൽകാനും ഇന്ത്യൻ സേനയെ പ്രാപ്തമാക്കുന്നു.

ഇതോടൊപ്പം ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ (BRO) നേതൃത്വത്തിൽ ഇന്ത്യ-ചൈന ബോർഡർ റോഡ്‌സ് (ICBR) പദ്ധതി വഴി അതിർത്തി താവളങ്ങളിലേക്കും പട്രോളിങ്‌ പോയിന്റുകളിലേക്കും തടസ്സമില്ലാത്ത റോഡ് ഗതാഗതം സാധ്യമാക്കിയിട്ടുണ്ട്. തന്ത്രപ്രധാന മേഖലകളിൽ ജനവാസം നിലനിർത്തി ചൈനയുടെ അതിർത്തി കയ്യേറ്റങ്ങൾ തടയാനായി 'വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം' വഴി അതിർത്തി ഗ്രാമങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ശക്തിപ്പെടുത്തി വരുന്നു.

സൈനിക നവീകരണത്തിന്റെ ഭാഗമായി, ചൈനീസ് പീപ്പീൾസ് ലിബറേഷൻ ആർമിയുടെ ഉയർന്ന പ്രദേശങ്ങളിലെ യുദ്ധസജ്ജീകരണങ്ങൾക്ക് ആനുപാതികമായി ഇന്ത്യ അതിർത്തിയിൽ കൂടുതൽ സേനയെ വിന്യസിക്കുകയും ഹെവി ആർമർഡ് വ്യൂഹങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ നിരത്തുകയും ചെയ്തു. അതിർത്തി മുന്നണിയിലെ സൈനിക സാന്നിധ്യം കുറയ്ക്കാതെ തൽസ്ഥിതി സംരക്ഷിക്കുന്ന 'ഡിറ്ററൻസ് ഫോർവേഡ് പോസ്റ്ററിംഗ്' തന്ത്രമാണ് ഇന്ത്യ പിന്തുടരുന്നത്. നയതന്ത്രതലത്തിൽ, അതിർത്തിയിലെ ശാന്തിയും സമാധാനവുമാണ് ഉഭയകക്ഷി ബന്ധത്തിന്റെ വികസനത്തിനുള്ള പ്രധാന നിബന്ധനയെന്ന കർശനമായ നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു.

റഷ്യ, ചൈന എന്നിവരുമായി ചേർന്ന് ബ്രിക്‌സ്, എസ്.സി.ഒ പോലുള്ള സംഘടനകളിൽ സജീവമായി പങ്കെടുക്കുമ്പോൾ തന്നെ, ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ സമുദ്രാധിപത്യം തടയുന്നതിന് അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവരുൾപ്പെടുന്ന ക്വാഡ് സഖ്യവുമായുള്ള ബന്ധം ഇന്ത്യ കൂടുതൽ ശക്തമാക്കുന്നു. ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടാകുന്ന ഏത് തിരിച്ചടിയും നേരിടാൻ പരമാധികാരത്തിലും പ്രാദേശിക അഖണ്ഡതയിലും വിട്ടുവീഴ്ചയില്ലാത്ത തന്ത്രപരമായ സ്വയംഭരണമാണ് (Strategic Autonomy) ഇന്ത്യ പ്രകടിപ്പിക്കുന്നത്.

ഇന്ത്യയും ചൈനയും തമ്മിൽ 2024 ഒക്ടോബറിൽ നിലവിൽ വന്ന പട്രോളിങ്‌ ധാരണ അതിർത്തിയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിൽ ഗുണപരമായ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും, ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല തന്ത്രപരമായ മത്സരത്തിന്റെ അവസാനമല്ല. ചരിത്രപരമായ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് നയതന്ത്ര സന്ദേശങ്ങൾക്കപ്പുറം പ്രായോഗിക സൈനിക നിരീക്ഷണമാണ് ചൈനയുമായുള്ള ഇടപാടുകളിൽ ഇന്ത്യ സ്വീകരിക്കേണ്ടതെന്നാണ്‌. ചൈനയുടെ ഇപ്പോഴത്തെ ചർച്ചാതാൽപ്പര്യങ്ങൾക്ക് പിന്നിൽ അവരുടെ സാമ്പത്തിക ആവശ്യങ്ങളും അന്താരാഷ്ട്ര സമ്മർദ്ദങ്ങളുമാണ് ഉള്ളത്. അതിനാൽ ജാഗ്രത പുലർത്തിക്കൊണ്ട് മാത്രമായിരിക്കണം ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടത്.

അതിർത്തി തടസ്സങ്ങൾ ഘട്ടങ്ങളായി പരിഹരിക്കുമ്പോഴും, അതിർത്തിയിലെ പ്രതിരോധ അടിസ്ഥാന സൗകര്യ വികസനവും ആഭ്യന്തര സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിലൂടെ മാത്രമേ ചൈനയിൽനിന്നുള്ള ഭവിഷ്യത്തുകളെ ഇന്ത്യയ്ക്ക് ദീർഘകാല അടിസ്ഥാനത്തിൽ നിർവീര്യമാക്കാൻ സാധിക്കൂ.