തിരുവനന്തപുരം: ഒരു മതവിഭാഗത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്നതിനും അവരെ ദ്രോഹിക്കുന്നതിനും വേണ്ടി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായുള്ളതാണ് വഖഫ് ബില്‍ ഭേദഗതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.  അതിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നതില്‍ ഒരു സംശയവും വേണ്ട. ഇവിടെ ചിലര്‍ മുനമ്പം വിഷയത്തെയും വഖഫ് ബില്ലിനെയും കൂട്ടിക്കെട്ടാന്‍ ശ്രമിച്ചു. മുന്‍കാല പ്രാബല്യമില്ലെന്ന് കേന്ദ്ര മന്ത്രി തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പാസാക്കുന്ന വഖഫ് ബില്‍ എങ്ങനെയാണ് മുനമ്പത്തെ ജനങ്ങളെ സഹായിക്കുന്നതെന്നു കൂടി ഈ പ്രചരണം നടത്തുന്നവര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. 

To advertise here,

ബില്‍ പാസായെന്നു കരുതി മുനമ്പത്തെ വിഷയം പരിഹരിക്കാനാകില്ല. വഖഫ് ബില്ലിനെ മുനമ്പവുമായി കൂട്ടിയിണക്കി രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റാനാണ് കുറെ ആളുകള്‍ ശ്രമിക്കുന്നത്. അതിന് സംസ്ഥാന സര്‍ക്കാര്‍ കുടപിടിച്ചു കൊടുക്കാന്‍ പാടില്ല. അതാണ് സംസ്ഥാന സര്‍ക്കാരിനോടുള്ള എതിര്‍പ്പ്. രണ്ട് ന്യൂനപക്ഷ മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് സംഘര്‍ഷമുണ്ടാക്കുക എന്നതാണ് സംഘപരിവാറിന്റെ അജണ്ട. ഞങ്ങള്‍ അത് പരിഹരിക്കാന്‍ ശ്രമിച്ചവരാണ്. പാണക്കാട് തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മലപ്പുറത്ത് നിന്നും എറണാകുളത്തെ രൂപതാ ആസ്ഥാനത്ത് വന്ന് മുനമ്പത്തെ ജനങ്ങളെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതു തന്നെയാണ് യു.ഡി.എഫ് നിലപാട്. ദേശീയതലത്തിലും നേരത്തെ സ്വീകരിച്ച നിലപാട് അനുസരിച്ചുള്ള വിപ്പാണ് കോണ്‍ഗ്രസ് നേതൃത്വം എം.പിമാര്‍ക്ക് നല്‍കിയത്. - വി.ഡി. സതീശൻ പറഞ്ഞു.

വര്‍ഗീയമായ സംഘര്‍ഷം ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കേണ്ടത്. വഖഫ് ബില്ലും മുനമ്പം വിഷയവും തമ്മില്‍ ഒരു ബന്ധവുമില്ല. കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്ത് ഇരിക്കുന്ന പാര്‍ട്ടിയാണ്. നാളെ ചര്‍ച്ച് ബില്‍ വന്നാലും ഇതേ നിലപാട് സ്വീകരിക്കും. ദേശീയ തലത്തില്‍ ക്രൈസ്തവരാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നത്. ക്രൈസ്തവരെ ആക്രമിക്കുന്നത് സംഘപരിവാറുകാരാണ്. കഴിഞ്ഞ ദിവസമാണ് ജബല്‍പൂരില്‍ തീര്‍ത്ഥാടനം നടത്തിയിരുന്ന ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടത്തിയത്. തൃശൂര്‍ സ്വദേശിയായ ഫാദര്‍ ഡേവിസിനെ പൊലീസിന് മുന്നില്‍ വച്ചാണ് ക്രൂരമായി ആക്രമിച്ചത്. വിശ്വാസികളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് മര്‍ദ്ദിച്ചത്. 

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. വഖഫ് ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഇടപെട്ട് മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ ഭൂമിയില്‍ സ്ഥിരമായ അവകാശം നല്‍കണം. അതു ചെയ്യാതെയാണ് കമ്മിഷനെ നിയോഗിച്ചത്. കോടതിക്ക് പുറത്തുവച്ചു തന്നെ മുമ്പത്തെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനാകും. എന്തിനാണ് മുനമ്പം വിഷയത്തെയും വഖഫ് ബില്ലിനെയും കൂട്ടിക്കുഴയ്ക്കുന്നത്. മുനമ്പം വിഷയം ഇവിടെ പരിഹരിക്കാനാകും. - വി.ഡി. സതീശൻ പറഞ്ഞു.