തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. മുഖ്യമന്ത്രി പ്രസ്താവനകളിലൂടെ പുകമറ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി സംസാരിക്കാൻ തയ്യാറായാൽത്തന്നെ വിഷയത്തിന് പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയല്ല, എൻട്രി ചെയ്യുകയാണുണ്ടായതെന്നും ഹംസ കൂട്ടിച്ചേർത്തു.
‘ഒരു പാർട്ടിയുടെയോ സമുദായത്തിന്റെയോ വ്യക്തിയുടെയോ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായ മാർഗങ്ങളിലൂടെ കോടതികളിലൂടെ കയറിയിറങ്ങി അതിന്റെ ഉടമസ്ഥാവകാശം തെളിയിക്കുമ്പോൾ അങ്ങനെയാണോ നേരിടേണ്ടത്. അതിനെ ആ രീതിക്ക് നേരിടേണ്ടതല്ലേ,’ ഹംസ പറഞ്ഞു.
‘മനുഷ്യൻ അവൻ അറിയാത്തതിന്റെ ശത്രു എന്നാണ് പറയുക. 100 ശതമാനം വഖഫ് പ്രോപ്പർട്ടികളും ഉമീദ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ എൻട്രി ചെയ്തുകഴിഞ്ഞു എന്ന കാര്യം രണ്ടാഴ്ച മുൻപുതന്നെ ഫെയ്‌സ്ബുക്കിൽ ഇടുകയും വാർത്താക്കുറിപ്പ് കൊടുക്കുകയും ചെയ്തിരുന്നു. പല പത്രങ്ങളിലും വാർത്തയും വന്നിരുന്നു. മുനമ്പം അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ 100 ശതമാനം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പറഞ്ഞത്. മുനമ്പം വഖഫാണ്. അതുകൊണ്ട് അതിൽ പെട്ടു. മുഖ്യമന്ത്രി ഇത് ഇന്നലെയോ മിനിഞ്ഞാന്നോ ആണ് പറയുന്നത്’, ഹംസ പറഞ്ഞു
‘വിവരങ്ങൾ ഉൾപ്പെടുത്തുന്ന സമയത്ത് യാതൊരുവിധ ഒളിച്ചുകളികളുമില്ലാതെയാണ് ചെയ്തത്. കേസുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്താനുള്ള കോളമുണ്ട്. അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട്, മുനമ്പം വിഷയത്തിൽ ഒരു തർക്കം നിലനിൽക്കുന്നുണ്ട്. കോടതിയിൽ കേസ് നിലവിലുണ്ട് എന്നുതന്നെ പറഞ്ഞാണ് ഉൾപ്പെടുത്തിയിട്ടുള്ളത്’, ഹംസ കൂട്ടിച്ചേർത്തു.
പുതിയ സർക്കാരിന് എട്ടിന്റെ പണികൊടുക്കാൻ ലക്ഷ്യമിട്ടാണ് പോയപോക്കിൽ കഴിഞ്ഞ സർക്കാരും വഖഫ് ബോർഡും മുനമ്പം ഭൂമി ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർചെയ്തതെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത്. മുനമ്പത്തുചെന്ന് കുടിയൊഴിപ്പിക്കില്ലെന്നു പറഞ്ഞ മുൻ സർക്കാർ വഖഫ് സ്വത്തുക്കൾ രജിസ്റ്റർചെയ്യാനുള്ള കേന്ദ്രന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഉമീദ് പോർട്ടലിൽ ഭൂമി രജിസ്റ്റർചെയ്യുകയായിരുന്നു. സാധാരണ വഖഫ് ഭൂമി രജിസ്റ്റർചെയ്യുന്നത് സൂക്ഷിപ്പ് ചുമതലയുള്ള മുത്തവല്ലിയാണ്. മുനമ്പത്ത് വഖഫ് ബോർഡുതന്നെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. എന്താണ് ഉദ്ദേശ്യമെന്നറിയില്ല. വഖഫ്ഭൂമിയെന്ന് വ്യക്തമായാൽ അവിടെ താമസിക്കുന്നവർ കൈയേറ്റക്കാരാകും. ഏതായാലും അവിടെനിന്ന് ആരെയും കുടിയൊഴിപ്പിക്കുന്ന പ്രശ്നമില്ല. സ്ഥലത്തിന് നികുതി നൽകാനുള്ള സംവിധാനമൊരുക്കും. ഇപ്പോഴത്തേത് വഖഫ് ബോർഡുണ്ടാക്കിയ നിയമപ്രശ്നമാണ്. വഖഫ് ട്രിബ്യൂണലിന്റെ ഉത്തരവുപോലും വഖഫ് ബോർഡ് സ്റ്റേ ചെയ്യിച്ചുവെന്നും സതീശൻ പറഞ്ഞിരുന്നു.
Content Highlights: KS Hamza refutes CM Satheesan's claims regarding the Umeed portal registration., Waqf Board maintains that Munambam land is legally classified as Waqf property., The board claims transparency was maintained regarding ongoing court cases during digital entry., CM Satheesan alleges the previous government and Waqf Board created the crisis intentionally., Assurance given that no residents will be evicted from Munambam despite legal disputes.
Published: 26 May 2026, 05:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented