കോഴിക്കോട്: സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി കോഴിക്കോട് പുരോഗമിക്കവെ പാർട്ടിയോട് ചോദ്യവുമായി വടകര എംഎൽഎയും ആർഎംപി നേതാവുമായ കെ.കെ. രമ. കോഴിക്കോടിന്റെ മണ്ണിൽ നടന്ന ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ എന്ന് രമ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.കെ. രമ ഇക്കാര്യം ചോദിച്ചത്. ടി.പിയുടെ ചിത്രവും രമ പോസ്റ്റിനൊപ്പം ചേർത്തിരുന്നു. 

To advertise here,

കെ.കെ. രമയുടെ പോസ്റ്റ്

നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയവും സംഘടനാപരവുമായ നൂറുകൂട്ടം തെറ്റുകൾ തിരുത്താനെന്ന പേരിൽ കൊട്ടിഘോഷിച്ച് കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട് ഒരൊറ്റ ചോദ്യം മാത്രം. നേതൃത്വത്തിന്റെ അഴിമതിക്കും നയവഞ്ചനകൾക്കുമെതിരെ സഖാവ് വി.എസ്സും, വിജയൻ മാഷുമടക്കമുള്ളവർ പാർട്ടിക്കകത്തും പുറത്തും നടത്തിയ ഉജ്വലമായ രാഷ്ട്രീയ സമരത്തെ പിന്തുണച്ച് നേതൃത്വത്തിന്റെ തെറ്റുകൾക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ വിരൽ ചൂണ്ടിയെന്ന ഒരൊറ്റ കുറ്റത്തിന് സിപിഎം നേതാക്കൾ ഗൂഢാലോചന നടത്തി ഇതേ കോഴിക്കോട് ജില്ലയുടെ മണ്ണിൽ വെട്ടിനുറുക്കി തീർത്തുകളഞ്ഞ ടി.പി. ചന്ദ്രശേഖരനെന്ന ധീര കമ്യൂണിസ്റ്റിന്റെ നിഷ്ഠൂര കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ നിങ്ങൾക്ക്?