
കോഴിക്കോട്: മറ്റു പാർട്ടികളോട് താരതമ്യം ചെയ്യുമ്പോൾ കമ്യൂണിസ്റ്റുകാർ ഭേദമാണെന്ന് പറഞ്ഞാൽ പോരാ, വാക്കിലും പ്രവൃത്തിയിലും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും കമ്യൂണിസ്റ്റുകാർ വ്യത്യസ്തരായിരിക്കണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. കോഴിക്കോട്ട് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അശരണരുടെ അഭയമാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും അതിന് അനുയോജ്യമായ രീതിയിൽ ഇന്നുള്ള കുറവുകൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും എം.എ. ബേബി അഭിപ്രായപ്പെട്ടു. ഇഎംഎസും ലെനിനും ഉൾപ്പെടെയുള്ള നേതാക്കൾ തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും അത് തിരുത്തുമെന്നും പറഞ്ഞവരാണ്. തെറ്റ് പറ്റിയാൽ ആ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
എം.എ. ബേബിയുടെ വാക്കുകളിലൂടെ;
കേന്ദ്രത്തിനെതിരായ പോരാട്ടത്തിന് വിശാലമായ സമരവേദി വേണം. ഈ സമരവേദി ഫലപ്രദമാകണമെങ്കിൽ കാഴ്ചപ്പാടിൽ തെളിമയുള്ള സുശക്തമായ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാകണം. സുശക്തമായ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനം ഇന്ത്യയിലുണ്ടാകണം. ഇതിന് ഏറ്റവും വലിയ സംഭാവന അർപ്പിക്കാനാവുക കേരളത്തിനാണ്.
ഇപ്പോൾ നമുക്കുണ്ടായ ക്ഷീണം നമ്മൾ സത്യസന്ധമായി തിരിച്ചറിയണം. ആ ക്ഷീണത്തിൽ വ്യാജപ്രതീതി നിർമാണം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഈ വ്യാജപ്രതീതി നിർമാണം നടക്കുന്നുണ്ടെന്ന് തിരിച്ചറിയാനും അത് തുറന്നുകാട്ടാനും പരാജയപ്പെടുത്താനും ചുമതലപ്പെടുത്തിയ നമ്മൾ ആ കാര്യത്തിൽ ജാഗ്രത പാലിച്ചില്ല.
ആർഎസ്എസുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നൊരു പ്രതീതി സൃഷ്ടിച്ചു. അത് കുറേപേരെ സ്വാധീനിച്ചു. ആളുകൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകുമ്പോൾ മറുപടി പറയേണ്ട കാര്യങ്ങളിൽ മറുപടി പറഞ്ഞു പോകണം. ഇതോടൊപ്പം മറ്റ് ശ്രദ്ധക്കുറവുകളും നമുക്ക് ഉണ്ടായി. ഇതെല്ലാം തിരുത്തി ജനവിശ്വാസം വീണ്ടെടുത്ത് നമുക്ക് മുന്നോട്ടുപോകാൻ കഴിയും.
തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്താൻ കഴിയണം. ഇഎംഎസും ലെനിനും ഉൾപ്പെടെയുള്ള നേതാക്കൾ തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും അത് തിരുത്തുമെന്നും പറഞ്ഞവരാണ്. തെറ്റ് പറ്റിയാൽ ആ തെറ്റ് തിരിച്ചറിയണം, തെറ്റുകൾ തിരുത്താൻ ആവശ്യമായ ഇടപെടൽ വേണം. ജനങ്ങൾ പറയുന്നതിൽനിന്ന് എന്തെങ്കിലും സ്വീകരിക്കാനുണ്ടെങ്കിൽ അത് ഉൾക്കൊണ്ട് സിപിഎം മുന്നോട്ടുപോകും.
മറ്റു പാർട്ടികളോട് താരതമ്യം ചെയ്യുമ്പോൾ കമ്യൂണിസ്റ്റുകാർ ഭേദമാണെന്ന് പറഞ്ഞാൽ പോരാ.. കമ്യൂണിസ്റ്റുകാർ വ്യത്യസ്തരായിരിക്കണം. അത് വാക്കിലും പ്രവൃത്തിയിലും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും വേണം. എന്തെങ്കിലും ബലഹീനതയോ കുറവുകളോ ഉണ്ടെങ്കിൽ അത് കമ്യൂണിസ്റ്റുകാർക്ക് അനുയോജ്യമായ രീതിയിൽ തിരുത്താൻ തയ്യാറാകണം.
ഇഎംഎസ്, നായനാർ, വി.എസ്. അച്ച്യുതാനന്ദൻ, പിണറായി വിജയൻ തുടങ്ങി പാർട്ടിയിലെ ഓരോ ഘടകത്തിൽപ്പെട്ടവരും ചർച്ചകളുടെ ഭാഗമായി തിരുത്തൽ നടപടികൾക്ക് വിധേയരായവരാണ്. ഇത് പാർട്ടിക്ക് ആകെ ബാധകമായ തത്വമാണ്.
രാജ്യത്തെ അശരണരുടെ പ്രസ്ഥാനമാണ്, അഭയമാണ് കമ്യൂണിസ്റ്റ് പാർട്ടി. അതിന് അനുയോജ്യമായ രീതിയിൽ ഇന്നുള്ള കുറവുകൾ പരിഹരിച്ച് പൂർവാധികം സ്വാധീനവും ശക്തിയും വീണ്ടെടുത്ത് സിപിഎമ്മിന് വളരാൻ കഴിയണം. അത് ഇന്ത്യയിലെ സിപിഎമ്മിന്റെ വളർച്ചയ്ക്കുള്ള പ്രധാന ഘടകമാണ്. ചില വിഭാഗങ്ങൾക്കിടയിലുണ്ടായ അവിശ്വാസങ്ങളും സംശയങ്ങളും ദൂരീകരിക്കാൻ ഇനിയുള്ള നാളുകളിലെ പ്രവർത്തനങ്ങളിലൂടെ സാധിക്കണം.
Content Highlights: Communist Party General Secretary M.A. Baby emphasized the need for communists to be distinct in their words, actions, and behavior compared to other parties, highlighting the importance of addressing current shortcomings to move forward effectively.
Published: 13 Sept 2026, 01:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented