തിരുവനന്തപുരം: പുതിയ സർക്കാരിന് എട്ടിന്റെ പണികൊടുക്കാൻ ലക്ഷ്യമിട്ടാണ് പോയപോക്കിൽ കഴിഞ്ഞ സർക്കാരും വഖഫ്‌ ബോർഡും മുനമ്പം ഭൂമി ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർചെയ്തതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുനമ്പത്തുചെന്ന് കുടിയൊഴിപ്പിക്കില്ലെന്നു പറഞ്ഞ മുൻ സർക്കാർ വഖഫ് സ്വത്തുക്കൾ രജിസ്റ്റർചെയ്യാനുള്ള കേന്ദ്രന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഉമീദ് പോർട്ടലിൽ ഭൂമി രജിസ്റ്റർചെയ്യുകയായിരുന്നു. സാധാരണ വഖഫ് ഭൂമി രജിസ്റ്റർ ചെയ്യുന്നത് സൂക്ഷിപ്പ് ചുമതലയുള്ള മുത്തവല്ലിയാണ്. മുനമ്പത്ത് വഖഫ് ബോർഡുതന്നെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. എന്താണ് ഉദ്ദേശ്യമെന്നറിയില്ല. വഖഫ്ഭൂമിയെന്ന് വ്യക്തമായാൽ അവിടെ താമസിക്കുന്നവർ കൈയേറ്റക്കാരാകും. ഏതായാലും അവിടെനിന്ന് ആരെയും കുടിയൊഴിപ്പിക്കുന്ന പ്രശ്നമില്ല. സ്ഥലത്തിന് നികുതി നൽകാനുള്ള സംവിധാനമൊരുക്കും. ഇപ്പോഴത്തേത് വഖഫ് ബോർഡുണ്ടാക്കിയ നിയമപ്രശ്നമാണ്. വഖഫ് ട്രിബ്യൂണലിന്റെ ഉത്തരവുപോലും വഖഫ് ബോർഡ് സ്റ്റേ ചെയ്യിച്ചുവെന്നും സതീശൻ പറഞ്ഞു.

To advertise here,

വഖഫ് ബോർഡ് നടപടിയെ സർക്കാർ നിയമപരമായി നേരിടും. മുനമ്പം പ്രശ്നത്തിൽ പത്തുമിനിറ്റിൽ തീരുമാനമെടുക്കുമെന്ന് പറഞ്ഞിരുന്നു. അങ്ങനെ ഉണ്ടാകാതിരിക്കാനാണ് ഈ ചെയ്ത്ത് ചെയ്തത്. മുനമ്പം ഭൂമിപ്രശ്നത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാറിന്റെ അജൻഡയ്ക്ക്‌ കുടപിടിച്ചുനിൽക്കുകയാണ് മുൻസർക്കാർ ചെയ്തതെന്നും സതീശൻ പറഞ്ഞു.