കോഴിക്കോട്: വഖഫ് നിയമഭേദഗതി ഭാഗികമായി സ്‌റ്റേ ചെയ്തുകൊണ്ടുള്ള  സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗും പ്രതിപക്ഷ കക്ഷികളും പ്രകടിപ്പിച്ച ആശങ്കകളിൽ കഴമ്പുണ്ടെന്ന് സുപ്രിംകോടതിക്ക് ബോധ്യമായിരിക്കുകയാണ്. മുസ്ലിം ലീഗ് പ്രതിപക്ഷ കക്ഷികളോടൊപ്പം നിയമ പോരാട്ടവും രാഷ്ട്രീയ പോരാട്ടവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

ഭരണഘടനയെ നോക്കുകുത്തിയാക്കിയാണ് സർക്കാർ ഈ വിഷയത്തിൽ നിയമം പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വർഷം ഇസ്ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കിൽ വഖഫ് അസാധുവാകുമെന്ന നിയമം അധികാര ദുർവിനിയോഗത്തിന് കാരണമാകുമെന്നാണ് അർത്ഥശങ്കക്കിടയില്ലാത്ത വിധം സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. നിയമ ഭേദഗതിയിലെ വിചിത്രമായ ഈ നിയമം തന്നെ കോടതി സ്‌റ്റേ ചെയ്തു. വഖഫ് സ്വത്തുക്കളുടെ റവന്യൂ രേഖകളിൽ അവകാശങ്ങൾ നിർണയിക്കാൻ കളക്ടറെ അനുവദിക്കുന്നത് സ്റ്റേ ചെയ്തതും വലിയൊരു നേട്ടമാണ്.

വഖഫ് ബോർഡ് എക്സ്-ഒഫീഷ്യോ ഓഫീസർ മുസ്ലിം സമുദായത്തിൽ നിന്നുള്ളയാളായിരിക്കണമെന്നും വഖഫ് ബോർഡുകളിലെ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിക്കുന്നുണ്ട്.  ഇതെല്ലാം മുസ്ലിം ലീഗ് ഹർജിയിൽ ഉന്നയിച്ച സുപ്രധാന കാര്യങ്ങളാണ്. സാദിഖലി തങ്ങൾ പറഞ്ഞു.