ന്യൂഡൽഹി: മുനമ്പം ഭൂമി തർക്കത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാന സർക്കാർ നടപടിക്ക് എതിരേ കേരള വഖഫ് ബോർഡ്. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ച സംസ്ഥാന സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ബോർഡ് ആരോപിച്ചു. മുനമ്പം വിഷയത്തിൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലാണ് സംസ്ഥാന സർക്കാർ നടപടിയെ കേരള വഖഫ് ബോർഡ് വിമർശിച്ചിരിക്കുന്നത്. മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യുണൽ ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

To advertise here,

സിപിഎം നേതാവും, പി.എസ്.സി. മുൻ ചെയർമാനുമായ എം.കെ. സക്കീർ ചെയർമാനായ സംസ്ഥാന വഖഫ് ബോർഡ് ആണ് മുനമ്പം വിഷയത്തിൽ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരുടെ അന്വേഷണത്തെ സുപ്രീം കോടതിയിൽ എതിർക്കുന്നത്. വഖഫ് ആക്ടിന്റെ 83 (1) പ്രകാരം തർക്കമുള്ള വഖഫ് ഭൂമികളിൽ അന്തിമ തീർപ്പ് എടുക്കേണ്ടത് വഖഫ് ട്രിബ്യുണൽ ആണ്. കോടതികൾകൾക്കോ, ജുഡീഷ്യൽ കമ്മീഷനോ അതിന് അധികാരമില്ലെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ സംസ്ഥാന വഖഫ് ബോർഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോഴിക്കോട് വഖഫ് ട്രിബ്യുണലിന്റെ പരിഗണനയിൽ മുനമ്പം തർക്കവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുണ്ടെന്നും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.

മുനമ്പത്തെത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധി തെറ്റാണ്. റിട്ട് അപ്പീലിലോ, റിട്ട് ഹർജിയിലൂടെയോ അല്ല വഖഫ് ഭൂമി കണ്ടെത്തേണ്ടത്. അതിനാൽ, ഹൈക്കോടതി വിധി റദ്ദാക്കണമെന്നും അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേന ഫയൽ ചെയ്ത ഹർജിയിൽ സംസ്ഥാന വഖഫ് ബോർഡ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുപ്രധാനമായ ഈ കേസിൽ ഹൈക്കോടതി തങ്ങളുടെ വാദം കേട്ടില്ലെന്നും വഖഫ് ബോർഡ് ആരോപിക്കുന്നു. മുനമ്പത്തെ ഭൂമി, വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ കേരള ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്തിരുന്നു. സുപ്രീം കോടതിയിൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടി ഹൈക്കോടതി പുനഃപരിശോധന ഹർജി തീർപ്പാക്കിയിരുന്നു. ഇതിന് ശേഷമാണ് കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മുനമ്പം ഭൂമിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു.