പാലക്കാട്: വാളയാറിൽ അതിഥി തൊഴിലാളി റാംനാരായൺ ഭയ്യാൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് നിർണ്ണായക ഇടപെടലുകൾ. റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ, കൊല്ലപ്പെട്ട റാംനാരായണിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബാംഗങ്ങളും സമരസമിതിയും തീരുമാനിച്ചു.

To advertise here,

തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ചർച്ചയിൽ പത്തുലക്ഷം രൂപയിൽ കുറയാത്ത സാമ്പത്തിക സഹായം വേണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്തുലക്ഷം രൂപ അനുവദിക്കുന്ന കാര്യം അടുത്ത ക്യാബിനറ്റ് യോഗത്തിൽ അവതരിപ്പിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി കെ. രാജൻ ഉറപ്പുനൽകി. കൂടാതെ, എസ്.സി/എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരമുള്ള കൂടുതൽ ആനുകൂല്യങ്ങളും കുടുംബത്തിന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ഒരാളെപ്പോലും വെറുതെ വിടില്ലെന്നും പഴുതടച്ച അന്വേഷണം നടത്തുമെന്നും മന്ത്രി ഉറപ്പുനൽകി. ഇതിനായി ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഒരു പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കും. കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്ന തലത്തിലുള്ള നീക്കങ്ങളായിരിക്കും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി രേഖാമൂലമുള്ള ഉറപ്പിനായി മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബാംഗങ്ങൾ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധത്തിലായിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടായ സാഹചര്യത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. റാംനാരായണിന്റെ മൃതദേഹം വിമാനത്തിൽ ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.