തിരുവനന്തപുരം: എക്‌സൈസ് കമ്മിഷണറായിരിക്കേ സ്ഥലംമാറ്റ ഉത്തരവിന്റെ പേരിൽ വി. സീറാം സാംബശിവ റാവു ഭീഷണിപ്പെടുത്തിയെന്ന് പരാതി. സ്ഥലംമാറ്റ പട്ടിക തയ്യാറാക്കുന്നതിന്റെ ചുമതല വഹിച്ചിരുന്ന എക്‌സൈസ് ഇൻസ്‌പെക്ടർ ആരോൺ കോശി വർഗീസാണ് പരാതിക്കാരൻ. എക്‌സൈസ് മന്ത്രി എം. ലിജുവിന് ആരോൺ പരാതി നൽകി.

To advertise here,

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരുടെയും എക്‌സൈസ് ഇൻസ്‌പെക്ടർമാരുടെയും സ്ഥലംമാറ്റ പട്ടിക തയ്യാറാക്കുന്ന ചുമതലയുള്ള ഇൻസ്‌പെക്ടറാണ് ആരോൺ. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. മൂന്നാംതീയതി പട്ടിക തയ്യാറാക്കുകയും നാലാം തീയതി അത് അസിസ്റ്റന്റ് എക്‌സെസ് കമ്മിഷണർ ഉത്തരവായി പുറത്തിറക്കുകയും ചെയ്തു.

എന്നാൽ, ആറാം തീയതി രാവിലെ ആരോണിനെയും ചുമതലക്കാരനായ സെക്ഷൻ സൂപ്രണ്ടിനെയും സീറാം തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും താൻ ഈ പട്ടിക കണ്ടിട്ടില്ലല്ലോ എന്നും എങ്ങനെയാണിത് തയ്യാറാക്കിയതെന്നും ചോദിച്ച് ശകാരിച്ചെന്ന് പരാതായിൽ പറയുന്നു. ശേഷം ഈ പട്ടിക, എക്‌സൈസ് അസോസിയേഷനും മന്ത്രിയുടെ ഓഫീസും ഇടപെട്ടാണ് തയ്യാറാക്കിയത് എന്ന് നിർബന്ധിച്ച് എഴുതി വാങ്ങിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോണിന്റെ ആരോപണം.