നാഗർകോവിൽ: പ്രണയാഭ്യർഥനയുമായെത്തിയ യുവാവിന്റെ ശല്യം സഹിക്കാനാവാതെ യുവതി ആത്മഹത്യ ചെയ്തു. യുവതിയുടെ ബന്ധുക്കൾ യുവാവിനെ അടിച്ചുകൊന്നു. കൊട്ടാരം പെരുവിള സ്വദേശി ജ്ഞാനശെൽവത്തിന്റെ മകൾ ഏയ്‌ഞ്ചൽ (26) ആണ് ജീവനൊടുക്കിയത്. തുടർന്നാണ് കൊട്ടാരം പെരുവിളയിലെ, ആന്റണിരാജിനെ (30) ഏയ്‌ഞ്ചലിന്റെ ബന്ധുക്കൾ കൊലപ്പെടുത്തിയത്.

To advertise here,

കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഏയ്‌ഞ്ചലിന്റെ ബന്ധുക്കളായ രവിശെൽവൻ (56), യേശുനേശ ശെൽവൻ (58), സഹോദരന്മാരായ ബെവിൻ (26), ബെനിസ് (25), വിനിസ് (22) എന്നിവരാണ് അറസ്റ്റിലായത്. ആന്റണിരാജ് മാസങ്ങളായി ഏയ്‌ഞ്ചലിനെ പിന്തുടർന്ന് ശല്യം ചെയ്യുന്നതു പതിവായപ്പോൾ, കഴിഞ്ഞമാസം പോലീസിൽ പരാതിപ്പെട്ടു.

കന്യാകുമാരി പോലീസ് അറസ്റ്റുചെയ്ത് ജ്യാമത്തിൽ പുറത്തുവന്ന ആന്റണിരാജ് വീണ്ടും ഏയ്‌ഞ്ചലിനെ ശല്യംചെയ്യാൻ തുടങ്ങി. സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയായ ഏയ്‌ഞ്ചൽ, ഞായറാഴ്ച ഉച്ചയോടെ മുറിക്കുള്ളിൽ ഉറങ്ങാൻപോയശേഷമാണ് ജീവനൊടുക്കിയത്. വിവരമറിഞ്ഞ് നാട്ടുകാർ എത്തിയതോടെ ആന്റണിരാജും വീടിനുമുന്നിൽ വന്നു. യുവതിയുടെ മരണത്തിനു കാരണക്കാരനായ യുവാവിനെ കണ്ടപ്പോൾ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നു. ഇതിൽ ചിലർ കല്ലുകൊണ്ട് അടിച്ചതാണ് മരണത്തിനു കാരണമായതെന്നു പോലീസ് പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)