ഭരത്പുർ: രാജസ്ഥാനിലെ ഭരത്പുർ ജില്ലയിൽ അടഞ്ഞുകിടന്ന മെറ്റൽ ക്രഷർ യൂണിറ്റ് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് ബിജെപി നേതാവിനെ നാട്ടുകാർ തല്ലിക്കൊന്നു. ബിജെപി മുൻ എംഎൽഎ അതാർ സിങ് ബദാനയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

To advertise here,

ഭോണ്ഡ ഗ്രാമത്തിലെ ക്രഷർ യൂണിറ്റ് സന്ദർശിക്കുന്നതിനിടെ, ഒരു കൂട്ടം ഗ്രാമവാസികൾ വടികളും കല്ലുകളും ഉപയോഗിച്ച് അതാർ സിങ്ങിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് അതാർ സിങ്ങിൻ്റെ അനുയായികളും നാട്ടുകാരും തമ്മിലുണ്ടായ കൈയ്യാങ്കളിക്കിടെയാണ് അതാർ സിങ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ സഹായിയായ ഗഗൻ ശർമയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഭരത്പുരിലെ ആശുപത്രിയിലേക്ക് മാറ്റി.

നാട്ടുകാർ കന്നുകാലികളെ മേയാൻ വിട്ടിരുന്ന സ്ഥലം കയ്യേറിയെന്നും അനധികൃത ഖനനം നടത്തിയെന്നും ആരോപിച്ചാണ് ഗ്രാമവാസികൾ ബദാനയ്ക്കെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ ഒരു വർഷത്തോളമായി അടഞ്ഞുകിടന്ന മെറ്റൽ ക്രഷർ യൂണിറ്റ് വീണ്ടും തുറക്കാനുള്ള നീക്കം പ്രദേശത്ത് കുറച്ചുദിവസങ്ങളായി സംഘർഷത്തിന് കാരണമായിരുന്നു. ക്രഷർ യൂണിറ്റ് തുറക്കുന്നതിനെതിരെ കഴിഞ്ഞ മാസംമുതൽ തങ്ങൾ പ്രതിഷേധിക്കുകയാണെന്ന് ഗ്രാമവാസികൾ പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം തൻ്റെ അൻപതോളം അനുയായികളുമായി എത്തിയ അതാർ സിങ്, പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് ഒഴിപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചതെന്നും അവർ ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹരിയാന സ്വദേശിയായ ഭഡാന 2003 മുതൽ 2008 വരെ രാജസ്ഥാനിലെ ബയാനയിൽനിന്നുള്ള എംഎൽഎയായിരുന്നു.