കണ്ണൂർ: തിരഞ്ഞെടുപ്പിലുണ്ടാകുന്ന തോൽവിയിൽ ജനങ്ങളെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. പകരം ‘ഞാൻ എന്ത് ചെയ്തു’ എന്ന് സ്വയം ആലോചിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ എം.വി. രാഘവൻ വലിയൊരു മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

പത്തുവർഷത്തെ വികസനത്തിനുവേണ്ടി പ്രവർത്തിച്ചാലും അതെല്ലാം ജനങ്ങളിലേക്ക് സൂക്ഷ്മമായി എത്തിക്കാൻ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ, വോട്ട് ചെയ്യുന്ന സമയത്ത് ജനങ്ങൾ അത് ഓർത്തുകൊള്ളണമെന്നില്ല. അത്തരം ഘട്ടത്തിൽ "നിങ്ങൾ എന്തുകൊണ്ട് അത് ഓർത്തില്ല" എന്ന് ജനങ്ങളെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. മറിച്ച് ജനങ്ങളെ അത് ഓർമ്മിപ്പിക്കേണ്ട കടമ ‘ഞാൻ എന്തുകൊണ്ട് ചെയ്തില്ല’ എന്ന് സ്വയം ചിന്തിക്കുകയാണ് വേണ്ടതെന്ന് എം.എ. ബേബി വിശദീകരിച്ചു.

ജനങ്ങളുമായി നിരന്തരബന്ധം പുലർത്തുന്നതിൽ എം.വി. രാഘവൻ വലിയൊരു മാതൃകയായിരുന്നു. നെയ്ത്ത് തൊഴിലാളിയായി സാധാരണ നിലയിൽനിന്നാണ് അദ്ദേഹം വളർന്നുവന്നത്. തനിക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങൾ മറ്റുള്ളവരോട് ചോദിച്ചുമനസ്സിലാക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു.

സംഘടനയെ എങ്ങനെ ചലിപ്പിക്കണം എന്നതിലും തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി സംഘടനാസംവിധാനത്തെ എങ്ങനെ പ്രവർത്തിപ്പിക്കണം എന്നതിലും അസാധാരണമായ പ്രായോഗിക അറിവാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.