പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശി രാം നാരായണൻ ഭയ്യാർ (31) ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർകൂടി അറസ്റ്റിൽ. പാമ്പാമ്പള്ളം കിഴക്കേ അട്ടപ്പള്ളം തമ്പാട്ടിവീട്ടിൽ വി. ജഗദീഷ് കുമാർ (49), കിഴക്കേ അട്ടപ്പള്ളം സി. വിനോദ്കുമാർ (58) എന്നിവരെയാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ടവരാണ് പിടിയിലായവരെന്ന് അന്വേഷണംസംഘം പറഞ്ഞു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കഴിഞ്ഞ 17-നാണ് രാം നാരായണൻ ഭയ്യാർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. സംഭവത്തിൽ അഞ്ചുപേരെ അന്വേഷണസംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിൽ പത്തംഗ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കേസ് ഏറ്റെടുത്തതിനുപിന്നാലെ പ്രദേശവാസികളിൽനിന്ന് കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു. ഇതോടെയാണ് മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. പിന്നാലെ ജഗദീഷ് കുമാറിനെയും വിനോദ് കുമാറിനെയും തിങ്കളാഴ്ച അന്വേഷണസംഘം കസ്റ്റഡിയിലെടുക്കയായിരുന്നു. ചൊവ്വാഴ്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തേ അറസ്റ്റിലായവരെ കസ്റ്റഡിയിൽക്കിട്ടാൻ എസ്ഐടി ബുധനാഴ്ച കോടതിയിൽ അപേക്ഷനൽകും.
ഒളിവിൽക്കഴിയുന്നവർക്ക് കീഴടങ്ങാൻ സമ്മർദം
ഒളിവിൽക്കഴിയുന്ന മറ്റ് പ്രതികൾക്കായി എസ്ഐടി അന്വേഷണം ഊർജിതമാക്കി. ഇവർ കീഴടങ്ങുന്നതിനായി ബന്ധുക്കളിൽ സമ്മർദം ചെലുത്തുന്നതായാണ് വിവരം. ഇനിയും എട്ടിലധികംപേർ കേസിലുൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. രാം നാരായണനെ ചൂണ്ടിക്കാട്ടിയവരും പ്രതികളാകുമോ എന്നത് തുടരന്വേഷണത്തിൽ മാത്രമേ പറയാനാകൂ എന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. റിമാൻഡിലുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നതോടെ മറ്റ് പ്രതികളെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡിവൈഎസ്‌പി പി.എം. ഗോപകുമാർ പറഞ്ഞു.
രാഷ്ട്രീയവത്കരിക്കരുതെന്ന് ബിജെപി
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശി രാം നാരായൺ ഭയ്യാർ (31) ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് ബിജെപി. സംഭവം സങ്കടകരമാണെന്നും ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ കുറ്റവാളികളെ നിയമത്തിനുമുൻപിൽ കൊണ്ടുവരണമെന്നാണ് ബിജെപിയുടെ നിലപാടെന്നും സംസ്ഥാന വൈസ്പ്രസിഡന്റ് സി. കൃഷ്ണകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. സംഭവം സംഘപരിവാറിന്റെ തലയിൽ കെട്ടിവെയ്ക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അറസ്റ്റിലായവരിൽ ആർഎസ്എസ്, ബിജെപി ഭാരവാഹികളില്ല. ഇത് പരിശോധിക്കാതെ എല്ലാം ആർഎസ്എസ് നേതാക്കളുടെ തലയിൽകെട്ടിവെയ്ക്കാനാണ് മന്ത്രി എം.ബി. രാജേഷ് ശ്രമിച്ചത്. എലപ്പുള്ളിയിലെ മദ്യക്കമ്പനിക്കായി പിആർ വർക്ക് നടത്തിയ മന്ത്രിക്ക് കോടതിയിൽനിന്നേറ്റ തിരിച്ചടി മറയ്ക്കാനാണ് ഉത്തരവാദിത്വമില്ലാതെ പലതും വിളിച്ചുപറയുന്നതെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തി.
കേസിലെ നാലാംപ്രതി സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു ചുമട്ടുതൊഴിലാളിയുമാണ്. അവസാനം അറസ്റ്റിലായ വിനോദും ജഗദീഷും കോൺഗ്രസ് പ്രവർത്തകരാണ്. രാം നാരായണിനെ ആക്രമിക്കാൻ ആഹ്വാനംചെയ്തവരിൽ പ്രധാനി കോൺഗ്രസിന്റെ മുൻ പഞ്ചായത്തംഗമാണെന്നതിന് വീഡിയോ, ശബ്ദസന്ദേശങ്ങൾ തെളിവാണെന്നും കൃഷ്ണകുമാർ അവകാശപ്പെട്ടു.
അതിഥിത്തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
നെടുമ്പാശ്ശേരി: വാളയാറിൽ ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാം നാരായൺ ഭയ്യാറിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ വിമാനമാർഗം നാട്ടിലേക്ക് കൊണ്ടുപോയി. ചർച്ചകൾക്കൊടുവിൽ തിങ്കളാഴ്ചയാണ് രാം നാരായണിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായത്.
എംബാം ചെയ്ത മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ തൃശ്ശൂർ മെഡിക്കൽ കോളേജിൽനിന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നു. തുടർന്ന് നടപടികൾ പൂർത്തിയാക്കി ഇൻഡിഗോ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സർക്കാർ ചെലവിലാണ് മൃതദേഹം കൊണ്ടുപോയത്. രാം നാരായണിന്റെ കുടുംബവും ഒപ്പം നാട്ടിലേക്കു പോയി.
Content Highlights: Palakkad Mob Lynching: Two More Arrested in Chhattisgarh Native's Killing
Published: 24 Dec 2025, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented