ആര്യനാട് (തിരുവനന്തപുരം): പന്നിഫാമിലേക്ക് ഭക്ഷണാവശിഷ്ടങ്ങളും മാംസാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളുമായി എത്തിയ മിനിലോറി നാട്ടുകാർ തടഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പൊട്ടൻചിറയിൽ വാഹനം പ്രദേശവാസികൾ തടഞ്ഞത്.
സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും മറ്റു ജനപ്രതിനിധികളും സ്ഥലത്തെത്തി. തുടർന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പരിശോധന നടത്തി. ഭക്ഷണാവശിഷ്ടങ്ങൾക്കും മാംസാവശിഷ്ടങ്ങൾക്കും പുറമേ പ്ലാസ്റ്റിക് മാലിന്യങ്ങളും പൊതുജനാരോഗ്യത്തിന് പ്രശ്നമുണ്ടാക്കാൻ സാധ്യതയുള്ള മറ്റവശിഷ്ടങ്ങളും വാഹനത്തിലുണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തിയെന്ന് പ്രദേശവാസികൾ പറഞ്ഞു.
തുടർന്ന് പന്നിഫാം ഉടമ വി. ബാബുവിന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. മാലിന്യങ്ങൾ കുഴിച്ചുമൂടാൻ നിർദേശം നൽകിയതായും തുടർനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചതായാണ് വിവരം.

To advertise here,

20 പന്നികളെ വളർത്തുന്നതിനാണ് ഫാമിന് ലൈസൻസുള്ളതെന്നും എന്നാൽ, ആയിരത്തിലധികം പന്നികൾ ഇവിടെയുണ്ടെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ആയിരത്തോളം മുതിർന്ന പന്നികൾക്കൊപ്പം അതിലേറെ കുഞ്ഞുങ്ങളുമുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ഫാമിൽനിന്നുള്ള രൂക്ഷമായ ദുർഗന്ധംകാരണം വീടുകളിൽനിന്ന് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയാണെന്നും പരിസരവാസികൾ പറയുന്നു.
പന്നിഫാമുകളുടെ പ്രവർത്തനത്തിനെതിരേ പ്രദേശത്ത് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചിട്ടുണ്ട്. എന്നാൽ, സമരത്തിൽ പങ്കാളികളാകുന്നവർക്ക് പന്നിഫാം നടത്തിപ്പുകാരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടാകുന്നതായും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.
മാലിന്യം കൊണ്ടുവരാനുള്ള ഓർഡറാണെന്ന് അവകാശപ്പെട്ട് വാഹനത്തിലുണ്ടായിരുന്നവർ ഒരു രേഖ കാണിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അത് വ്യാജമാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞതായും അവർ പറഞ്ഞു.