കോഴിക്കോട്: എം.എൽ.എ.യും കോൺഗ്രസ് നേതാവുമായ വിദ്യാ ബാലകൃഷ്ണനോട്, മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് മൂന്നുകോടി ആവശ്യപ്പെട്ട കേസിൽ അന്വേഷണസംഘം ഡൽഹിക്ക്. ഡൽഹി മേൽവിലാസത്തിലാണ് സിം കാർഡ് എടുത്തിട്ടുള്ളതെന്ന് സൈബർ പോലീസ് കണ്ടെത്തി. ഈ മേൽവിലാസം സ്ഥിരീകരിക്കണം. വാട്സാപ്പിലാണ് കോൾ വന്നത്. കോഴിക്കോട് സിറ്റി പോലീസിലെ സൈബർ ക്രൈം അസിസ്റ്റന്റ് കമ്മിഷണർ എസ്.എം. പ്രദീപ്കുമാറിനാണ് അന്വേഷണച്ചുമതല.

To advertise here,

ജൂലായ് ആറിന് ഉച്ചയ്ക്ക് രണ്ടിനാണ് വിദ്യക്ക്‌ ഫോൺ വന്നത്. പ്രിയങ്കാഗാന്ധി എം.പി.യുടെ ഡൽഹി ഓഫീസിലെ രാജ്കുമാറാണെന്ന വ്യാജേനയായിരുന്നു ഫോൺവിളി. വിവരമറിഞ്ഞ് വിഷയത്തിൽ ഇടപ്പെട്ട പ്രിയങ്കാ ഗാന്ധി, വിദ്യയുടെ ഫോണിലേക്ക് യഥാർഥ രാജ്കുമാറിന്റെ ശബ്ദസന്ദേശം അയച്ചുനൽകി. രണ്ടു ശബ്ദവും തമ്മിൽ വ്യത്യാസമുണ്ടെന്ന് വിദ്യ സ്ഥിരീകരിച്ചു. തുടർന്ന്, ശനിയാഴ്ച സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിക്ക് വിദ്യ നേരിട്ടു പരാതി നൽകി. ആൾമാറാട്ടംനടത്തി വഞ്ചിക്കാൻശ്രമിച്ചതിനും ഐ.ടി. നിയമത്തിലെ 66 ഡി വകുപ്പ് പ്രകാരവുമാണു കേസ്.

സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നതായും പിന്നിൽ പ്രവർത്തിച്ചവരെ പോലീസ് ഉടൻ കണ്ടെത്തണമെന്നും ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ എം.എൽ.എ. പറഞ്ഞു.