കാഞ്ഞാണി: സർപ്പദോഷമുണ്ടെന്നു പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറരപ്പവനോളം സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകളെ അന്തിക്കാട് പോലീസ് അറസ്റ്റുചെയ്തു. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനി കൊള്ളിപ്പറമ്പിൽ വീട്ടിൽ സുജാത(28), പടിഞ്ഞാറേ വെമ്പല്ലൂരിൽ താമസിക്കുന്ന പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്തു വീട്ടിൽ റോജ (43) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞാണി പുത്തൻകുളം വല്ലത്തുപറമ്പിൽ സ്വർണലത (70)യാണ് തട്ടിപ്പിനിരയായത്. ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 1.20-ഓടെയാണ് സംഭവം.

To advertise here,

പുൽത്തൈലം വിൽക്കാനെന്ന വ്യാജേന സ്വർണലതയുടെ വീട്ടിലെത്തിയവർ വീടിരിക്കുന്ന സ്ഥലത്തിന് സർപ്പദോഷമുണ്ടെന്നും രണ്ടു ദിവസത്തിനകം രണ്ടാമത്തെ മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് ഭയപ്പെടുത്തി. സർപ്പകോപം തീർക്കാനായി സ്വർണംകൊണ്ട് നാഗത്തിന്റെ മുട്ടയും ശിലയും തയ്യാറാക്കി സമർപ്പിക്കണമെന്നു വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച് പരാതിക്കാരി കൈയിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൂത്ത മരുമകളുടെ മാലയുമടക്കം ആറരപ്പവനോളം സ്വർണവും 6,500 രൂപയും വഴിപാടിനായി പ്രതികൾക്ക് കൈമാറി. ആകെ 6,75,000 രൂപയുടെ നഷ്ടമാണ് ഇവർക്കുണ്ടായത്.

പ്രതികൾ വീട്ടിൽനിന്ന് പോയതിനുശേഷമാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ഇവർക്ക് മനസ്സിലായത്. തുടർന്ന് അന്തിക്കാടുപോലീസിൽ പരാതി നൽകി. മോഷ്ടിച്ച 48 ഗ്രാം സ്വർണം ഇവർ ചെന്ത്രാപ്പിന്നിയിലെ ജൂവലറിയിൽ വിറ്റിരുന്നു. പോലീസ് ഇത് വീണ്ടെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ കേഴ്സൺ. വി. മാർക്കോസ്, എസ്.ഐ. മാരായ ഹാസിഷ്, റിജി, ഋഷിപ്രസാദ്, സി.പി.ഒ.മാരായ രേഷ്മ, കിരൺ, ശ്രീജിൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.