ചിങ്ങവനം(കോട്ടയം): യു.എസിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ വിദേശത്തെ നിയമനടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിക്കും. തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് സുഷമ ദമ്പതിമാരുടെ മകൾ അഞ്ജന വിജീഷ് (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ ആൻമേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ എട്ടോടെ നെടുമ്പാശ്ശേരിയിലെത്തിക്കുന്നത്.

To advertise here,

ഓഗസ്റ്റ് 28-നാണ് കേസിനാസ്പദമായ സംഭവം. അഞ്ജനയുടെ സുഹൃത്തായ കോട്ടയം മൂന്നിലവ്‌ സ്വദേശിനി അനിലയാണ്‌ ഇരുവരെയും കൊലപ്പെടുത്തിയത്‌. അഞ്ജനയെ കാറിടിപ്പിടിച്ചും ആൻമേരിയെ കുത്തിയുമാണ്‌ കൊലപ്പെടുത്തിയത്‌. പോസ്റ്റ്‌മോർട്ടം, എംബാംചെയ്യൽ, വിദേശകാര്യ വകുപ്പുകളുടെ ഇമിഗ്രേഷൻ നടപടികൾ എന്നിവ പൂർത്തിയാക്കിയശേഷമാണ് മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിക്കുന്നത്. അഞ്ജനയുടെ മൃതദേഹം തൃശ്ശൂരിലെ വസതിയിലെത്തിച്ചശേഷം തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. ആൻ മേരിയുടെ സംസ്‌കാരം, ഭർത്താവ് കുറിച്ചി പള്ളത്തറ ജേക്കബിന്റെ (മിഥുൻ) ഇടവകയായ പള്ളം ബുക്കാന സെയ്‌ന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളി സെമിത്തേരിയിൽ ചൊവ്വാഴ്ച നടക്കും.