കൊച്ചി: യു.എസ്. പ്രതിരോധക്കരാറിന്റെ പേരിൽ കോടികൾ തട്ടിയെടുത്ത കേസിലെ പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങി കേരള പോലീസ്. വർക്കല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് വർക്കല മജിസ്ട്രേട്ട് കോടതിയാണ് പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചത്. സെപ്റ്റംബർ എട്ടിന് രാവിലെ 11-ന് വർക്കല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ വി.പി.വി.വി. കമ്പനിയുടെ മുഖ്യ സൂത്രധാരൻ വെങ്കിട്ട വെങ്കിടിനെ ഹാജരാക്കാനാണ് നിർദേശം.
പ്രതികൾക്കെതിരേ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി റിമാൻഡ് ചെയ്തെങ്കിലും കേസ് ഒത്തുതീർപ്പാക്കി പ്രതികൾ ജയിൽ മോചിതരായിരുന്നു. എന്നാൽ ഇതിനു മുൻപു തന്നെ തിഹാർ ജയിൽ അധികൃതർക്കും ഡൽഹി പോലീസിനും ഈ വാറന്റ് മെയിൽ മുഖാന്തരം എത്തിയിരുന്നു. എന്നാൽ, കേരളത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളിൽ തുടർ നടപടിയുണ്ടായിരുന്നില്ല. ഇരകളുടെ സമ്മർദം ശക്തമായ സാഹചര്യത്തിലാണ് നടപടികൾക്ക് പോലീസ് വേഗം കൂട്ടിയത്.
വി.പി.വി.വി. ചെയർമാൻ, സഹായികളായ തിരുവനന്തപുരം സ്വദേശി ബിജു ജി.എസ്., കൊല്ലം സ്വദേശി പ്രദീപ് കുമാർ, ഡോ. സാബ്, ആന്ധ്ര സ്വദേശി പത്മരാജ ഗോപാൽ എന്നിവരാണ് കേസിൽ ഒന്നുമുതൽ അഞ്ചുവരെ പ്രതികൾ.
തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ ഏഴ് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൊത്തം 50 മുതൽ 70 കോടി രൂപവരെ ഇരകൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. പരാതിക്കാരുടെ സമ്മർദം കൂടുമ്പോൾ ഒത്തുതീർപ്പിനുള്ള ശ്രമവും തുടരുന്നുണ്ട്. ചിലർക്ക് പണം മടക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെക്കുകൾ നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ ചെക്കുകൾ പണമില്ലാത്തതിനാൽ മടങ്ങുകയാണ്.
കേരളത്തിലെ കേസുകളിൽ നടപടിയാവശ്യപ്പെട്ട് ഇരകൾ മുഖ്യമന്ത്രിക്കും പരാതി നൽകി. ഇന്ത്യൻ നേവിയുടെയും ആർമിയുടെയും വേഷത്തിൽ ആൾമാറാട്ടം നടത്തിയാണ് ഇല്ലാത്ത യു.എസ്. പ്രതിരോധക്കരാറിന്റെ പേരിൽ തട്ടിപ്പ് നടത്തിയതെന്ന് ഇവർ ആരോപിക്കുന്നു. പ്രതികളെ സംരക്ഷിക്കാൻ ഉന്നതതലത്തിൽ ശ്രമം നടക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ വിഷയം ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽപ്പെടുത്താനും നീക്കമുണ്ട്.
Content Highlights: Varkala Magistrate Court issued a production warrant against main accused Venkitta Venkidi. The scam involves multi-crore fraud worth 50 to 70 crore rupees under the guise of US defense contracts. Impersonation of Indian Navy and Army officials was used to execute the fraud. Kerala Police accelerated action following strong pressure and petitions from victims to the Chief Minister.
Published: 04 Sept 2026, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented