തോപ്പുംപടി: സംസ്ഥാനത്ത് റേഷൻ മണ്ണണ്ണവില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 71 രൂപയുണ്ടായിരുന്ന മണ്ണെണ്ണയ്ക്ക് ഈ മാസം മുതൽ 76 രൂപയാകും. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതവും കേന്ദ്രസർക്കാർ വെട്ടിക്കുറച്ചിട്ടുണ്ട്.

To advertise here,

16.08 ലക്ഷം ലിറ്ററാണ് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്. നേരത്തേ 56.76 ലക്ഷം ലിറ്റർ മണ്ണെണ്ണ ലഭിച്ചിരുന്നതാണ്. ഇപ്പോഴത് 40.68 ലക്ഷം ലിറ്ററായി. നാലുപ്രാവശ്യമായാണ് കേന്ദ്രം മണ്ണെണ്ണ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മൂന്നു തവണയും മണ്ണെണ്ണ വെട്ടിക്കുറച്ചിരുന്നു. ഒടുവിൽ ജൂലായ്-സെപ്റ്റംബർ പാദത്തിലെ വിഹിതവും വെട്ടിക്കുറച്ചിരിക്കുകയാണ്. സംസ്ഥാനത്ത് റേഷൻ ഉപഭോക്താക്കൾക്കും, മത്സ്യത്തൊഴിലാളികൾക്കും വിതരണം ചെയ്യുന്നത് ഈ മണ്ണെണ്ണയാണ്.

95 ലക്ഷത്തോളം റേഷൻകാർഡുടമകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 5.94 ലക്ഷം മഞ്ഞക്കാർഡുകളുണ്ട്. ഇവർക്ക് ഒരു ലിറ്ററും മറ്റുള്ളവർക്ക് അര ലിറ്ററുമാണ് നൽകുന്നത്. ഇത്തവണ ഈ വിഹിതത്തിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്കും നൽകാൻ നിർദേശിച്ചിരിക്കുകയാണ്. എൻജിന്റെ ശേഷിയനുസരിച്ച് 30 മുതൽ 130 ലിറ്റർ വരെ മണ്ണെണ്ണയാണ് മീൻപിടിത്ത വള്ളങ്ങൾക്ക് നൽകുന്നത്. കുറച്ചുകാലമായി മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണവിഹിതം വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. വീണ്ടും വിഹിതം വെട്ടിക്കുറച്ച സാഹചര്യത്തിൽ മത്സ്യമേഖലയ്ക്ക് നൽകാനുള്ള മണ്ണെണ്ണ ലഭിക്കില്ലെന്നാണ് സൂചന. മത്സ്യത്തൊഴിലാളികൾ കൂടിയ വിലയ്ക്ക് കരിഞ്ചന്തയിൽനിന്ന് മണ്ണെണ്ണ വാങ്ങിയാണ് തൊഴിലിന് ഇറങ്ങുന്നത്. പുറം വിപണയിൽ 110 മുതൽ 120 രൂപ വരെയാണ് കരിഞ്ചന്തയിലെ മണ്ണെണ്ണവില. സർക്കാർ നൽകുന്ന വിഹിതം ഒന്നിനും തികയാത്തതിനാൽ, പുറമേ നിന്നാണ് തൊഴിലാളികൾ മണ്ണെണ്ണ വാങ്ങുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇപ്പോഴും വള്ളങ്ങളിൽ മണ്ണെണ്ണ തന്നെയാണ് കൂടുതൽ ഉപയോഗിക്കുന്നത്. പുറമേ നിന്ന് മണ്ണെണ്ണ വാങ്ങാതെ അവർക്ക് മുന്നോട്ട് പോകാനാവില്ല.

വിഹിതം വെട്ടിക്കുറയ്ക്കുന്നതോടാപ്പം, വില ഉയർത്തുകയും ചെയ്യുന്നത് പുറം വിപണിയിൽ വില വർധനയ്ക്കിടയാക്കുമെന്ന ആശങ്കയാണ് തൊഴിലാളികൾക്ക്. പുറംവിപണിയിൽ ഇനിയും വില ഉയർന്നാൽ മത്സ്യമേഖലയ്ക്ക് ഇരുട്ടടിയാകും. അതേസമയം കേന്ദ്രസർക്കാർ മണ്ണെണ്ണ വഹിതം വെട്ടിക്കുറച്ച് വില കൂട്ടിയ നടപടിക്കെതിരേ സംസ്ഥാന സർക്കാർ പ്രതികരിച്ചിട്ടുമില്ല.