ഈഫൽടവർ ഇരുമ്പു വിലയ്ക്ക്: ഓസ്ട്രിയക്കാരനായ വിക്ടർ ലസ്റ്റിഗ് എന്ന സൂത്രശാലിയാണ് ഈ കഥയിലെ നായകനും വില്ലനും. ഒരു ഹോട്ടലിൽ വിക്ടർ പ്രഭു എന്ന കള്ളപ്പേരിൽ കഴിഞ്ഞുകൂടവെ, വിക്ടർ യാദൃച്ഛികമായി ഒരു പത്രവാർത്ത കണ്ടു. 'ഈഫൽ ഗോപുരത്തിന്റെ ബലവും ഉറപ്പും ദിനേനയെന്നോണം കുറഞ്ഞുവരുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികളാണ് ഗോവണിയും ലിഫ്റ്റ് വഴിയും കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. അതിനാൽ വിശദമായൊരു പുതുക്കിപ്പണി ആവശ്യമാണ്. അധികൃതർ ശ്രദ്ധിക്കുക' എന്നിങ്ങനെയായിരുന്നു പത്രത്തിൽ ഏതോ വായനക്കാരന്റെ നിർദേശം.
കോട്ടും സ്യൂട്ടും ഇട്ട കള്ളൻ: 'വല്ലഭന് പുല്ലുമായുധം' എന്നാണല്ലോ പഴമൊഴി. വിക്ടർ തലപുകഞ്ഞാലോചന തുടങ്ങി. വൈകാതെ കുറച്ചു 'ചില്ലറ' തടയുന്ന തന്ത്രം മെനഞ്ഞെടുക്കുകയും ചെയ്തു. അന്നുതന്നെ ഇഷ്ടൻ ഹോട്ടലിലെ വി.ഐ.പി സ്യൂട്ടിലേക്ക് താമസം മാറ്റി. വില കൂടിയ കോട്ടും സ്യൂട്ടും വജ്രാഭരണങ്ങളുമൊക്കെയായി ശരിക്കുമൊരു കോടീശ്വരന്റെ മട്ടിൽ തന്ത്രം പ്രയോഗിക്കാൻ തുടങ്ങി. എന്നിട്ട് പാരീസിലെ പ്രമുഖ ഇരുമ്പുവ്യാപാരികളിൽ ചിലരെ ഹോട്ടലിലെ തന്റെ സ്യൂട്ടിലേക്ക് വിളിച്ചുവരുത്തി.
വിക്ടറിന്റെ കെണി: വിക്ടർ തന്റെ പദ്ധതി വിവരിച്ചു. 'വളരെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക രഹസ്യം പറയാനാണ് നിങ്ങളെ വിളിപ്പിച്ചത്. രാജ്യത്തിന്റെ ഔദ്യോഗിക കാര്യമായതിനാൽ സംഗതി പുറത്തറിയാനും പാടില്ല. നിങ്ങളിലുള്ള വിശ്വാസം സർക്കാറിന് നേരത്തേ ബോധ്യമായിട്ടുണ്ട്.' അതോടെ, ഇരുമ്പുവ്യാപാരികൾ വിക്ടറിന്റെ കെണിയിൽ വീണു. കാരണം തങ്ങൾ വിശ്വസ്തരാണെന്ന് സർക്കാർ അംഗീകരിച്ചിരിക്കുകയാണല്ലോ.
ഈഫൽ ടവർ ഇരുമ്പുവിലയ്ക്ക് പൊളിച്ചുവിൽക്കാനുള്ള സർക്കാർ പദ്ധതിയാണ് വിക്ടർ അവതരിപ്പിച്ചത്. അങ്ങനെ വ്യാപാരികളിൽ കൂടുതൽ തുക വാഗ്ദാനം ചെയ്തയാളെ കരാർ ഏല്പിച്ചു. എന്നിട്ട് വിക്ടറും പ്രൈവറ്റ് സെക്രട്ടറിയും രായ്ക്കുരാമാനം കിട്ടിയ കാശുമായി സ്ഥലം കാലിയാക്കി. ലേലം ഏറ്റ വ്യാപാരി, ഗോപുരം പൊളിക്കാൻ ആൾക്കാരും വാഹനവുമായി വന്നപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുന്നത്. പിന്നീട് പലതവണ പോലീസ് പിടിയിലായ വിക്ടർ ഒടുവിൽ ജയിലിൽ വെച്ചാണ് മരിച്ചത്.
ആർതർ ഇന്റർനാഷണൽ: വിക്ടർ, ഈഫൽ ടവറാണ് വിൽക്കാൻ ശ്രമിച്ചതെങ്കിൽ ആർതർ ഫെർഗൂസൻ എന്നൊരു വിരുതൻ ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും പല പ്രധാനപ്പെട്ട പ്രതിമകളും സ്മാരകങ്ങളും വിൽപന നടത്താൻ ശ്രമിച്ചയാളാണ്. സ്കോട്ട്ലൻഡ് ആണ് ഇയാളുടെ സ്വദേശം. ഇംഗ്ലണ്ടിലെ രാജ്ഞിയുടെ കൊട്ടാരമായ ബക്കിങ്ഹാം പാലസ്, ബിഗ്ബെൻ എന്ന മണി, അഡ്മിറൽ നെൽസണിന്റെ സ്മാരകമായ നെൽസൺ സ്ക്വയർ തുടങ്ങിയവയൊക്കെയായിരുന്നു ആർതറുടെ കച്ചവടച്ചരക്കുകൾ.
ഇതൊക്കെ അയാൾ വിറ്റു എന്നറിയുമ്പോൾ നമ്മൾ മൂക്കത്ത് വിരൽ വെച്ചുപോകും. എങ്ങനെയാണ് തസ്കരവീരൻ ഇത്തരം വേലകൾ ഒപ്പിക്കുന്നതെന്നല്ലേ, പറയാം:
കൊട്ടാരവും സ്മാരകമന്ദിരവുമൊക്കെ കാണാനും ക്യാമറയിലാക്കാനും വരുന്ന വിദേശ സഞ്ചാരികളാണ് എന്നും ആർതറുടെ ഇരകൾ. ഇത്തരം സ്ഥാപനങ്ങളുടെ സമീപത്ത് മാന്യമായി വസ്ത്രധാരണം ചെയ്ത് ആർതർ നിൽക്കുന്നുണ്ടാവും. സ്ഥാപനങ്ങളുടെ മേൽനോട്ടക്കാരൻ എന്ന മട്ടിലായിരിക്കും നിൽപും ഭാവവുമെല്ലാം. അത് മനസ്സിലാക്കിയ സഞ്ചാരികൾ അവയെപ്പറ്റിയുള്ള വിവരങ്ങൾ ആർതറിൽ നിന്ന് ചോദിച്ചറിയും. അപ്പോഴായിരിക്കും ആർതർ തന്റെ ബുദ്ധി ശരിക്കും പ്രയോഗിക്കുന്നത്.
രാജ്യം ഒരു ആഭ്യന്തര പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണെന്നും സാമ്പത്തികമാന്ദ്യം തരണം ചെയ്യാൻ രാജ്യത്തിന് അത്യാവശ്യമല്ലാത്ത സ്ഥാപനങ്ങളും മറ്റും വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും താനാണ് ആ വകുപ്പിന്റെ മേധാവിയെന്നുമൊക്കെ വളരെ തന്മയത്വത്തോടെ അയാൾ സഞ്ചാരികളെ വിശ്വസിപ്പിക്കും. കൈ നിറയെ പണവുമായി വരുന്ന സഞ്ചാരികൾ ഒരു നിമിഷം ആലോചനയിലാണ്ടുനിൽക്കും. ആ നേരം, അത്ര താത്പര്യമില്ലാത്തപോലെ സ്മാരകം തൊട്ടുതലോടി, പൊടിതട്ടി നിൽക്കുന്ന ആർതറോട് അവർ വില അന്വേഷിക്കും. ആർതർ വില പറയും. അപ്പോൾ തന്നെ പണവും നൽകി, സഞ്ചാരികൾ സ്തൂപം വലിച്ചിളക്കാൻ ബ്രിട്ടനിലെ ഒരു ഏജൻസിക്കുള്ള കത്തും വാങ്ങി അവിടം വിടും.
അങ്ങനെ, സഞ്ചാരികൾ കത്തുമായി ഏജൻസിയെ സമീപിച്ച് വേണ്ടത് ചെയ്തുതരണമെന്ന് അഭ്യർഥിക്കും. അപ്പോഴാണ് സംഗതി ശരിക്കും ചതിയായിരുന്നുവെന്ന് സഞ്ചാരികൾക്ക് ബോധ്യമാകുന്നത്.
ഇങ്ങനെ ആർതർ എത്രയാണ് സമ്പാദിച്ചതെന്നോ? ബക്കിങ്ഹാം പാലസ് വെറും രണ്ടായിരം പൗണ്ട്, ബിഗ് ബെൻ എന്ന മണിക്കും രണ്ടായിരം പൗണ്ട്. നെൽസൺ സ്മാരകത്തിന് ആറായിരം പൗണ്ട്! ഇത്ര നിസ്സാരമായ തുകക്ക് പ്രതിമകളും സ്മാരകങ്ങളും കിട്ടിയാൽ സഞ്ചാരികൾ വേണ്ടെന്ന് വെക്കുമോ? തങ്ങളുടെ രാജ്യത്തുകൊണ്ടുപോയി അഭിമാനത്തോടെ കാത്തുസൂക്ഷിക്കാമല്ലോ.
അമേരിക്കൻ തട്ടിപ്പ്: ആർതർ അങ്ങനെ കൊച്ചുപണക്കാരനായി മാറി. ഇനിയും ബ്രിട്ടനിൽ തന്നെ പണി തുടർന്നാൽ അകത്താകുമെന്ന് മുൻകൂട്ടിക്കണ്ട് പുള്ളി വൈകാതെ അമേരിക്കയിലേക്ക് ടിക്കറ്റെടുത്തു.
ആർതർ അമേരിക്കയിലെ തന്റെ കൊയ്ത്തിന് ഹരിശ്രീ കുറിക്കാൻ കണ്ടത് ആ രാജ്യത്തിന്റെ അഭിമാനസ്തംഭമായ ലിബർട്ടി പ്രതിമയായിരുന്നു. ന്യൂയോർക്ക് തുറമുഖം വിപുലീകരിക്കാനുള്ള ഫണ്ട് ശേഖരണത്തിന് ലിബർട്ടി ഇളക്കി വിൽക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും താനാണ് ചുമതലക്കാരനെന്നും ഓസ്ട്രേലിയക്കാരനെ പറഞ്ഞുവിശ്വസിപ്പിച്ച് ഒരു ലക്ഷം ഡോളറാണ് പിടുങ്ങിയത്.
'പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ' എന്നാണല്ലോ. ആർതറും വൈകാതെ പോലീസ് പിടിയിലായി.
Content Highlights: Victor Lustig successfully conned scrap metal dealers into buying the Eiffel Tower., Arthur Ferguson sold iconic landmarks like Buckingham Palace and Big Ben to unsuspecting tourists.
Published: 02 Sept 2026, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented