
മേപ്പാടി: വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ മഹാദുരന്തവും തോറ്റു. എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയത്തിന്റെ മധുരം ഇക്കുറിയും കുട്ടികൾ നുണഞ്ഞു. ഉരുൾ ദുരന്തമേൽപ്പിച്ച വേദനയുടെ മരവിപ്പിൽനിന്ന് പ്രത്യാശയുടെ ഒരു ദൂരംകൂടി കുഞ്ഞുങ്ങൾ നടന്നുതീർത്തു. ഉള്ളുലച്ച ദുരന്തത്തിന്റെ ഓർമ്മകളും ഒരു മാസം ക്ലാസുകൾ നഷ്ടപ്പെട്ടതും അതിജീവിച്ചാണ് കുട്ടികൾ വിജയമധുരം രുചിച്ചത്. പരീക്ഷയെഴുതിയ 55 കുട്ടികളും വിജയിച്ചപ്പോൾ ആദിൽ എന്ന വിദ്യാർഥിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
ദുരന്തത്തിൽ സ്കൂളിലെ 36 കുട്ടികൾ മരിക്കുകയും 17 കുട്ടികളെ കാണാതാവുകയും ചെയ്തിരുന്നു. പത്താം ക്ലാസ് വിദ്യാർഥികളായ ഏഴു കുട്ടികളെയാണ് ദുരന്തത്തിൽ ഈ വിദ്യാലയത്തിന് നഷ്ടമായത്.
എല്ലാ ദിവസവും ക്ലാസ്‌മുറികളിൽ രാവിലെ 7.30 മുതൽ രാത്രി 9.30 വരെ തങ്ങളുടെ പ്രിയശിഷ്യർക്ക് കൂട്ടിരുന്നും പുതിയ പാഠങ്ങൾ പകർന്നുനൽകിയും അധ്യാപകർ അവർക്ക് താങ്ങായി. തങ്ങളുടെ കഠിനപ്രയത്നം ഫലംകണ്ട സന്തോഷത്തിലാണ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും. ഈ അധ്യയനവർഷം വിരമിക്കുന്ന പ്രധാനാധ്യാപകൻ എം.പി. ദിലീപ് കുമാറിനും ഇൗ വിജയം അഭിമാനകരമായി. വിദ്യാർഥികൾക്ക് മധുരപലഹാരങ്ങൾ വിതരണംചെയ്താണ് അധ്യാപകരും രക്ഷിതാക്കളും വിജയം ആഘോഷിച്ചത്.
ആദിലിന് സർജനാവണം
വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ ഈ വർഷത്തെ ഏക ഫുൾ എ പ്ലസ്-കാരന് ഭാവിയിൽ സർജനാവാനാണ് ആഗ്രഹം. തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സയൻസ് ഗ്രൂപ്പെടുത്ത് പഠിക്കണമെന്ന തീരുമാനത്തിലാണ് ആദിൽ. ചൂരൽമല പുതിയ വില്ലേജ് റോഡിലായിരുന്നു ആദിൽ താമസിച്ചിരുന്നത്. ദുരന്തശേഷം മേപ്പാടി മുക്കിൽ പീടികയിൽ വാടകവീട്ടിലാണ് താമസം. കൂരിമണ്ണിൽ ബഷീറിന്റെയും സുനീറയുടെയും മകനാണ് ആദിൽ. ഏകസഹോദരൻ ആസിൽ ഇതേ വിദ്യാലയത്തിൽ ഒൻപതാംക്ലാസ് വിദ്യാർഥിയാണ്.
Content Highlights: Students of Vellarmala Govt. Vocational Higher Secondary School achieve 100% SSLC pass rate
Published: 10 May 2025, 07:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented