ആര്‍ട്ടിസ്റ്റ് മദനന് രൂപകല്പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും പൊന്നാടയും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം

കോഴിക്കോട്: ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 14-ാമത് 'രൈക്വഋഷി' പുരസ്‌കാരം ചെലവ് കുറഞ്ഞതും വായുമലിനീകരണ രഹിതവുമായ ശവസംസ്‌കാര രീതിയായ ഐവർമഠം സംസ്‌കാര രീതിയുടെ ഉപജ്ഞാതാവും അതിന്റെ പാറ്റന്റ് ഹോൾഡറുമായ തൃശൂർ തിരുവില്വാമല സ്വദേശി മലവട്ടത്ത് മഠത്തിൽ പി.വി. കൃഷ്ണപ്രസാദ് വാരിയർക്ക്.
2011 മാർച്ചിൽ തിരുവില്വാമല തുടക്കമിട്ട ഐവർമഠം പോർട്ടബിൾ സംസ്‌കാര രീതി മറ്റ് രാജ്യങ്ങളിൽ വരെ പ്രചാരം ലഭിക്കാൻ ഇയാക്കിയത് അതിന്റെ സൗകര്യകൂടുതലും വായുമലിനീകരണത്തിനും ചെലവിലുമുള്ള കുറവുമാണ്. ടെറസിലും ചെറിയ മുറ്റത്തും വെള്ളകെട്ടിലും ഉൾപ്പെടെ സമ്പൂർണ്ണ സംസ്‌കാരം ഉറപ്പാക്കുന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ കണ്ടെത്തൽ.
ദീപാവലി ദിനമായ 2026 നവംബർ എട്ടിന് വൈകീട്ട് മൂന്നിന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ ഇരിഞ്ഞാലക്കുട ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ.ഗിരീഷ് കുമാർ പുരസ്‌കാരം സമ്മാനിക്കും. ആർട്ടിസ്റ്റ് മദനൻ രൂപകല്പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും പൊന്നാടയും ഉൾപ്പെട്ടതാണ് പുരസ്‌കാരം.
ഇന്ത്യൻ റെയ്കി അസോസിയേഷന്റെ സ്ഥാപകനും കേരളത്തിലെ രാഷ്ട്രീയസാംസ്‌കാരിക നഭോമണ്ഡലങ്ങളിൽ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച സി.എം.കൃഷ്ണനുണ്ണിയുടെ 12-ാം അനുസ്മരണ പ്രഭാഷണം ഇതേ ചടങ്ങിൽ സയിബാബ മിഷൻ പ്രസിഡന്റ് പി.നാഗരത്‌നൻ നടത്തും. ചടങ്ങിൽ അന്താരാഷ്ട്ര ബ്രിക്‌സ് ഉച്ചകോടിയിൽ ഇന്ത്യയുടെ യൂത്ത് അംബാസഡറായി തിളങ്ങിയ കോഴിക്കോട് എടച്ചേരി സ്വദേശി അമൽ മനോജിനെ ആദരിക്കും.
ഛാന്ദോഗ്യോപനിഷത്തിൽ പരാമർശിക്കുന്ന കാളവണ്ടിക്കാരനായ രൈക്വ മഹർഷിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ രൈക്വഋഷി പുരസ്‌കാരത്തിന് നിഷ്‌കാമ കർമ്മയോഗികളെയും ഭാരതീയ സംസ്‌കാരത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരെയുമാണ് യോഗ്യരായി കാണുന്നത്.
ഡോ.എം.ലക്ഷ്മീകുമാരി (2007), മഹാകവി അക്കിത്തം (2008), പ്രൊഫ. വാസുദേവൻ പോറ്റി (2009), ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (2010), വി. എം.സി.ശങ്കരൻ നമ്പൂതിരി (2011), സായിറാം ഭട്ട് (2012), സുമംഗലാ ദേവി (2013), കെ.ബി.ശ്രീദേവി (2014), ഡോ.ധനഞ്ജയ് സഗ്ദേവ് (2015), ഡോ.കെ.കെ.മുഹമ്മദ് (2017), നാട്യാചാര്യൻ മനു മാസ്റ്റർ (2019), ചെറുവയൽ രാമൻ (2022), കെ.വി.ദയാൽ (2024) എന്നിവരാണ് മുൻ വർഷങ്ങളിലെ അവാർഡ് ജേതാക്കൾ.
Content Highlights: PV Krishnaprasad Variyar, innovator of the eco-friendly Ivarmadhom cremation system, has been selected for the 14th Raikwarishi Award instituted by the Indian Reiki Association, to be presented in Kozhikode.
Published: 27 Oct 2026, 01:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented