കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ്. ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. വീണയ്‌ക്കൊപ്പം മറ്റ് എട്ട് പേർക്ക് കൂടി നോട്ടീസ് നൽകിയിട്ടുണ്ട്. സിഎംആർഎല്ലുമായി ബന്ധപ്പെട്ടവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്നാണ് വിവരം.

To advertise here,

നേരത്തെ റെയ്ഡിന്റെ ഭാഗമായി ചില ചോദ്യങ്ങൾ ഇഡി ചോദിച്ചിരുന്നു. അവർ നൽകിയ മറുപടിയിൽ വ്യക്തതയില്ല എന്ന നിലപാടിലായിരുന്നു ഇഡി. അതിന് പിന്നാലെയാണ് വീണയെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തുന്നത്. കേസിൽ ഇതാദ്യമായാണ് വീണയെ ഇ.ഡി. വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. നേരത്തെ വീണയുടെ പിതാവ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ, ഭർത്താവ് മുഹമ്മദ് റിയാസ് എം.എൽ.എ., സി.എം.ആർ.എൽ. എം.ഡി. എന്നിവരുടെ വീടുകളിലുൾപ്പെടെ ഇഡി റെയ്ഡ് നടത്തിയിരുന്നു.

സി.എം.ആർ.എൽ. കമ്പനി വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന കേസിൽ ഇ.ഡി. അന്വേഷണം തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും അനുമതി നൽകിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സി.എം.ആർ.എൽ. നൽകിയ അപ്പീൽ ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ബെഞ്ച് തള്ളിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പി.എം.എൽ.എ.) പ്രകാരമുള്ള അന്വേഷണം നടത്തുന്നതിനും താത്കാലികമായി സ്വത്ത് കണ്ടുകെട്ടുന്നതിനും ഇ.ഡി.ക്ക് മറ്റേതെങ്കിലും അന്വേഷണ ഏജൻസിയുടെ എഫ്.ഐ.ആറോ പരാതിയോ വേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. സുപ്രീംകോടതിയെ സമീപിക്കാൻ രണ്ടാഴ്ചത്തേക്ക് കടുത്ത നടപടികളിൽനിന്ന് സംരക്ഷണം നൽകണമെന്ന് സി.എം.ആർ.എലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.