
കണ്ണൂർ: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി.ധനരാജിനെ വെട്ടിക്കൊന്ന കേസിൽ അന്വേഷണ സംഘത്തിന് വീഴ്ചകളുണ്ടായെന്ന് സമ്മതിച്ച് പ്രോസിക്യൂട്ടർ സി.കെ.ശ്രീധരൻ. കേസിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നാലു മുതൽ 20 വരെയുള്ള പ്രതികളെ വെറുതെവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
'ധനരാജനെ വെട്ടിക്കൊലപ്പെടുത്തിയത് ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളാണെന്ന് പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയതാണ്. 37-ഓളം മാരക മുറിവേൽപ്പിച്ച് ധനരാജനെ കൊലപ്പെടുത്തിയ ഈ മൂന്ന് പ്രതികളെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി സ്വാഗതം ചെയ്യുന്നു' സി.കെ.ശ്രീധരൻ പറഞ്ഞു.
കൊലപാതകം നടന്ന ദിവസവും അതിന് ഒരു മാസം മുമ്പും നടന്ന ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് വാദിച്ചത്. അതുമായി ബന്ധപ്പെട്ട പ്രതികളെ കുറ്റവിമുക്തമാക്കുകയാണ് കോടതി ചെയ്തത്. ഇതിനെതിരെ അപ്പീൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായ കാരണങ്ങൾ വ്യക്തമാക്കിയാണ് ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി പറഞ്ഞത്. അദ്ദേഹം അന്ന് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. അതുകൊണ്ട് ഇയാൾ ഒരു സ്വതന്ത്ര സാക്ഷിയാണെന്ന് പറയാൻ കഴിയില്ലെന്നാണ് കോടതിയുടെ വാദമെന്നും എന്നാൽ ഇക്കാര്യം ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടുമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
'കീഴ്ക്കോടതി വിധിയുടെ പകർപ്പ് ലഭിച്ചശേഷം മേൽക്കോടതിയെ സമീപിക്കും. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പാളിച്ച ഉണ്ടായോ എന്ന് ചോദിച്ചാൽ അത് തീർത്തും നിരാകരിക്കാൻ ഞാൻ ആളല്ല. പാളിച്ചകളുണ്ടെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. സാക്ഷിമൊഴികൾ ഉണ്ടാക്കിയെടുക്കാൻ അന്വേഷണ ഘട്ടത്തിൽ പരിമിതികൾ ഉണ്ടായിരുന്നു' ശ്രീധരൻ കൂട്ടിച്ചേർത്തു.
Content Highlights: Prosecutor C.K. Sreedharan admitted investigation lapses in the Dhanaraj murder case., Court convicted the first three accused while acquitting accused 4 to 20., Prosecution plans to file an appeal in the High Court against the acquittals.
Published: 23 Nov 2026, 12:53 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented