കണ്ണൂർ: സി.വി. ധനരാജ് വധക്കേസിലെ 16 പ്രതികളെ വെറുതേ വിട്ടതിൽ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിഷയത്തിൽ സർക്കാർതന്നെ അപ്പീലിന് പോവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ച് വിധി പഠിച്ചശേഷം ആവശ്യമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

നിഷ്ഠൂരമായ കൊലപാതകമാണ് നടന്നതെന്ന് കോടതിതന്നെ പറഞ്ഞിട്ടുണ്ട്. തെളിയിക്കുന്നതിൽ വന്ന വീഴ്ചയാണ് കോടതി ചൂണ്ടിക്കാട്ടിയത്. അതെല്ലാംവെച്ച് സർക്കാർതന്നെ അപ്പീൽ പോവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോവേണ്ടതുമാണ്. കാരണം കോടതിയുടെതന്നെ പരാമർശം ആ രീതിയിലുള്ളതാണ്. കുറ്റക്കാരെല്ലാം ശിക്ഷിക്കപ്പെടണം. അത് സംഭവിക്കുമെന്നാണ് പ്രതീക്ഷ. നിയമവിദഗ്ധരുമായി ആലോചിച്ച് വിധി പഠിച്ചശേഷം ആവശ്യമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

പയ്യന്നൂരിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികളെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ടി.പി. ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവരാണ് കുറ്റക്കാർ. എം. വിപിനും, എം. വൈശാഖും സഹോദരങ്ങളാണ്. നാലുമുതൽ 20വരെയുള്ള പ്രതികളെ വെറുതേവിട്ടു.

തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് വിധിപറഞ്ഞത്. 20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. 12-ാം പ്രതിയായ സി. ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടിരുന്നു. 19 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. പത്തുവർഷത്തിനുശേഷമാണ് കേസിൽ വിധിവരുന്നത്. 2016 ജൂലായ് 11-ന് രാത്രി പത്തോടെ ധനരാജിനെ ഒരുസംഘം വീടിനുമുന്നിൽ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.