പയ്യന്നൂർ: ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയിൽ പ്രതികരണവുമായി പയ്യന്നൂർ എം.എൽ.എ. വി. കുഞ്ഞികൃഷ്ണൻ. കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതും അവർക്ക് ശിക്ഷ ഉറപ്പായതും ആശ്വാസകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നാം സാക്ഷി രാഷ്ട്രീയക്കാരനായതുകൊണ്ട് മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചതെന്നാണ് മനസ്സിലാക്കുന്നത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും പാർട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്നു ഒന്നാം സാക്ഷി എന്ന നിലയിലാണ് പ്രോസിക്യൂഷൻ ഭാഗം കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിച്ചത്. വിധി പകർപ്പ് പൂർണമായും പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം പറയാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ വെറുതെവിട്ട 16 പ്രതികളുടെ കാര്യത്തിൽ വിധി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ സന്നദ്ധമാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഗൂഢാലോചനക്കുറ്റം തെളിയിക്കുക എന്നത് നിയമപരമായി വളരെ പ്രയാസമുള്ള കാര്യമാണ്. നേരത്തെ അരിയിൽ ഷുക്കൂർ വധക്കേസ് വിധിയിലും ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെന്ന് പറഞ്ഞാണ് പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരെ കോടതി വെറുതെവിട്ടത്. ഗൂഢാലോചന തെളിയിക്കാൻ കൃത്യമായ രേഖാപരമായ തെളിവുകളോ ദൃക്സാക്ഷി മൊഴികളോ അനിവാര്യമാണ്.
ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ല എന്നതുകൊണ്ട് മാത്രം ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറയാൻ കഴിയില്ല. കോടതിക്ക് മുന്നിൽ വിശ്വാസയോഗ്യമായ തെളിവുകൾ ലഭ്യമായിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ കോടതിക്ക് മുന്നോട്ട് പോകാൻ സാധിക്കൂ. രാഷ്ട്രീയമായി വിവിധ ചേരികളിൽ നിൽക്കുന്നവരെ കൊലപ്പെടുത്തുക എന്നത് കണ്ണൂർ ജില്ലയിൽ നേരത്തെ നിരന്തരമായി നടന്നുകൊണ്ടിരുന്ന കാര്യമാണ്. ഇത്തരം കേസുകളിൽ കൊലപാതകത്തിന്റെ പിന്നിലെ ലക്ഷ്യം തെളിയിക്കുക പ്രയാസമാണ്. ഗൂഢാലോചന തെളിഞ്ഞാൽ മാത്രമേ മോട്ടീവും കൃത്യമായി തെളിയിക്കാനാകൂ. എന്നാൽ ധനരാജ് കൊല്ലപ്പെട്ടിട്ടുണ്ടെന്നും കൊലപ്പെടുത്തിയ പ്രതികൾ ശിക്ഷിക്കപ്പെടേണ്ടവരാണെന്നും കോടതി കണ്ടെത്തിയിരിക്കുന്നുവെന്നും വി. കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
2016 ജൂലൈ 11-ന് രാത്രി പത്ത് മണിയോടെയാണ് പയ്യന്നൂർ രാമന്തളി കാരന്താട്ടെ സി.വി. ധനരാജിനെ അക്രമിസംഘം വീട്ടുമുറ്റത്ത് വെട്ടിക്കൊലപ്പെടുത്തിയത്. പത്ത് വർഷത്തിനുശേഷം ഇന്ന് വിധി പ്രസ്താവിച്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത്, ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളായ ടി.പി. ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് നിരീക്ഷിച്ച കോടതി, നാല് മുതൽ ഇരുപത് വരെയുള്ള 16 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.
Content Highlights: Court finds the first three accused guilty in the CV Dhanaraj murder case., MLA V. Kunhikrishnan stated the verdict punishing the culprits is a relief., 16 accused were acquitted as the prosecution failed to prove conspiracy., The incident dates back to July 11, 2016, in Ramanthali, Payyannur.
Published: 23 Nov 2026, 12:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented