തിരുവനന്തപുരം: പുനർജനി പദ്ധതിക്ക് ഫണ്ട് പിരിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. വിജിലൻസ് ഡയറക്ടർക്ക് വിജിലൻസ് ഡിഐജി കഴിഞ്ഞവർഷം സെപ്റ്റംബറിൽ കൈമാറിയ കത്താണ് പുറത്തുവന്നത്. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതിന് തെളിവില്ല. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ സതീശൻ ചെയ്തതായി കണ്ടെത്താനായില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.

To advertise here,

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി സതീശനെതിരേ സിബിഐ അന്വേഷണം വേണമെന്ന് വിജിലൻസ് ശുപാർശ നൽകിയതായി നേരത്തെ വാർത്ത പുറത്തുവന്നിരുന്നു. പതിനൊന്ന് മാസങ്ങൾക്ക് മുൻപാണ് ഇത്തരമൊരു ശുപാർശ നൽകിയിരുന്നത്. എന്നാൽ, വിജിലൻസ് അന്വേഷണം പൂർത്തിയാക്കിയ ശേഷം 2025 സെപ്റ്റംബറിലാണ് സതീശനെതിരേ തെളിവില്ലെന്ന് വ്യക്തമാക്കി വിജിലൻസ് ഡിഐജി വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിരിക്കുന്നത്. ഈ കത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പുനർജനി പദ്ധതി സംബന്ധിച്ച് പ്രധാനമായും നാലുകാര്യങ്ങളാണ് കത്തിലുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവിന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്താനായിട്ടില്ലെന്നതാണ് ഒന്നാമത്തേത്. വിദേശ സന്ദർശനത്തിനുശേഷം സതീശൻ വസ്തു വാങ്ങിയതായി പരാതിയിൽ ആരോപിച്ചിട്ടില്ലാത്തതിനാൽ ഈ വിഷയത്തിൽ അന്വേഷണം നടത്തിയിട്ടില്ലെന്നതാണ് മറ്റൊന്ന്. പുനർജനി ഫണ്ട് കൈകാര്യം ചെയ്തത് മണപ്പാട് ഫൗണ്ടേഷനെന്ന സന്നദ്ധസംഘടനയാണെന്നതാണ് മൂന്നാമത്തേത്. സതീശൻ ഫണ്ട് കൈകാര്യം ചെയ്തതായി അറിവായിട്ടില്ലെന്നും വിജിലൻസ് വ്യക്തമാക്കുന്നു. നാലാമതായി, സതീശൻ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും കത്തിൽ പറയുന്നു.

പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പറവൂർ മണ്ഡലത്തിൽ വി.ഡി. സതീശൻ എംഎൽഎ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു പുനർജനി.