തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്‌കാരമായി വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സർക്കാരിന് മാത്രമായി ഇത് സാധിക്കില്ല. എൻ.ജി.ഒകളും മറ്റ് ഏജൻസികളും ഇതിനായി കൈകോർക്കണം. അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിപ്പാർട്ട്മെന്റ് ഓഫ് സീനിയർ സിറ്റിസണുമായി 12 സ്ഥാപനങ്ങളാണ് ധാരണാപത്രം ഒപ്പുവച്ചത്.
മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും എൻ.ജി.ഒകളെയും ഏകോപിപ്പിച്ച് സമഗ്രമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ പഞ്ചായത്തിലും പരിചരണം ആവശ്യമുള്ള മുതിർന്ന പൗരന്മാർ, അവരുടെ മാനസികാരോഗ്യം, രോഗബാധിതരുടെ വിവരങ്ങൾ എന്നിവ അടങ്ങിയ കൃത്യമായ ഡാറ്റ ശേഖരിക്കും. ഈ വിവരങ്ങൾ കാലാനുസൃതമായി പുതുക്കിക്കൊണ്ടിരിക്കും. കൃത്യമായ ഡാറ്റ ലഭ്യമാകുന്നതോടെ പുതിയ ക്ഷേമപദ്ധതികൾ എളുപ്പത്തിൽ ആസൂത്രണം ചെയ്യാൻ സാധിക്കും.
മുതിർന്ന പൗരന്മാർക്ക് പരിചരണം ഫലപ്രദമായി നടപ്പിലാക്കാനുള്ള 'കെയർ ഗീവേഴ്സ്’ കോഴ്സിനായി സിലബസ് ചിട്ടപ്പെടുത്തുകയാണ്. ജർമ്മനി, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സിലബസുകൾ പഠിച്ച് കേരളത്തിന്റെ സാഹചര്യത്തിന് അനുയോജ്യമായാണ് തയ്യാറാക്കുന്നത്. നഴ്‌സിങ്ങിന് തൊട്ടുതാഴെ വരുന്ന ഒരുവർഷത്തെ പ്രായോഗിക കോഴ്‌സായായിരിക്കും ഇത്.
സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ, സി.എസ്.ആർ ഫണ്ടുകൾ എന്നിവ ഏകോപിപ്പിച്ച് കെയർ ഗീവേഴ്‌സിനെ നിയമിക്കും. പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒരു 'വോളണ്ടിയർ കോർ' രൂപീകരിക്കും. വിദ്യാർത്ഥികൾ പ്രായമായവരെ സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തുന്നത് അവരുടെ ഏകാന്തത മാറ്റാനും ജീവിതാശ വർധിപ്പിക്കാനും സഹായിക്കും. പരിചരണം നൽകുന്നതിനൊപ്പം സിൽവർ ഇക്കോണമിയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. റിട്ടയർചെയ്ത വ്യക്തികളുടെ പരിചയസമ്പത്തും അറിവും പുതിയ സ്റ്റാർട്ടപ്പുകൾക്കും വ്യവസായങ്ങൾക്കും മെന്ററിങ്ങിനായി പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുതിർന്ന പൗരന്മാരുടെ ക്ഷേമരംഗത്ത് അക്കാദമിക, ഗവേഷണ, സാങ്കേതിക, സ്ഥാപനതല സഹകരണത്തിനായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 12 സ്ഥാപനങ്ങളുമായാണ് ഡിപ്പാർട്ട്മെന്റ് ഓഫ് സീനിയർ സിറ്റിസൺ ധാരണാപത്രം ഒപ്പുവച്ചത്. ഈ സ്ഥാപനങ്ങൾ അവയുടെ വൈദഗ്ധ്യത്തിനനുസരിച്ച് തിരഞ്ഞെടുത്ത വിഷയമേഖലകളിൽ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കും. സജീവവും ആരോഗ്യകരവുമായ വാർധക്യം, സമൂഹാധിഷ്ഠിത പരിചരണവും സ്വതന്ത്ര ജീവിതവും, സിൽവർ ഇക്കോണമിയും കെയർ ഇക്കോണമിയും, ഗവേഷണവും വിവരാധിഷ്ഠിത നയരൂപീകരണവും, സാർവത്രിക സാമൂഹിക സുരക്ഷയും അവകാശങ്ങളും എന്നീ അഞ്ച് വിഷയമേഖലകളിലാണ് വകുപ്പിന്റെ പ്രവർത്തനം.
മുതിർന്ന പൗരന്മാർക്കുള്ള സംസ്ഥാന നയവും സംസ്ഥാന കർമപദ്ധതിയും സംബന്ധിച്ച ഏകദിന ശിൽപശാലയും ഇതേ ദിവസം നടന്നു. ഈ സ്ഥാപനങ്ങൾക്കൊപ്പം വിവിധ സർക്കാർ വകുപ്പുകളും ശിൽപശാലയിൽ പങ്കെടുത്തു. ശിൽപശാലയ്ക്ക് ശേഷം സ്ഥാപന പ്രതിനിധികൾ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് വകുപ്പിന്റെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ഡിപ്പാർട്ട്മെന്റ് ഓഫ് സീനിയർ സിറ്റിസൺ സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, ഡയറക്ടർ ഡോ. അരുൺ എസ്. നായർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്), ഡിമെൻഷ്യ ഇന്ത്യ അലയൻസ്, പബ്ലിക് ഹെൽത്ത് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ, ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ്, ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ്, സ്വസ്തി ദ ഹെൽത്ത് കാറ്റലിസ്റ്റ്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്, സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ്, ഭാരത മാതാ എക്സ്റ്റൻഷൻ ഫോർ ഓർഗാനിക് റിസർച്ച് ആൻഡ് എൻവയോൺമെന്റ്, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) എന്നിവയാണ് ധാരണാപത്രം ഒപ്പുവെച്ച സ്ഥാപനങ്ങൾ.
Content Highlights: Kerala Chief Minister VD Satheesan announced comprehensive elderly care initiatives and signed MoUs with 12 institutions to strengthen senior citizen welfare and promote the silver economy in the state.
Published: 09 Nov 2026, 07:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented