തിരുവനന്തപുരം: എക്സൈസ് കമ്മിഷണർ ചുമതലയിൽനിന്ന് നീക്കപ്പെട്ടതിന് പിന്നാലെ, വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരേ ഗുരുതരമായ കൈക്കൂലി ആരോപണം ഉന്നയിച്ച് സീറാം സാംബശിവ റാവു. ഉദ്യോഗസ്ഥർ ബാർ ഉടമകളിൽനിന്ന് സ്ഥിരമായി കൈക്കൂലി വാങ്ങിയിരുന്നെന്നും ഇവരെ സ്ഥാനത്തുനിന്ന് നീക്കണമെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബാർ ലൈസൻസ് അനുവദിച്ചതിൽ താൻ അഴിമതി കാട്ടിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

To advertise here,

പടിയിറങ്ങുംമുൻപ് എക്സൈസ് വകുപ്പിലെ ഗുരുതരമായ അഴിമതിയെ കുറിച്ചുള്ള വിവരങ്ങളടങ്ങിയതാണ് സീറാം സാംബശിവ റാവു വകുപ്പിന് സമർപ്പിച്ച റിപ്പോർട്ട്. ഇതിൽ ഉദ്യോഗസ്ഥനായ വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർ കൈക്കൂലി വാങ്ങിയെന്ന് ആരോപണമുണ്ട്. ബാർ ഉടമകളിൽനിന്ന് ഇരുവരും നിരന്തരം കൈക്കൂലി വാങ്ങിയിരുന്നു. വിനോദ് ബാർ ഉടമകളിൽനിന്ന് പലതവണയായി 30,000 രൂപയും 20,000 രൂപയും വാങ്ങിയിട്ടുണ്ട്.

കള്ളുഷാപ്പ് അനുവദിക്കുന്നതിൽ ക്രമക്കേട് നടത്തിയ ഇവർ, ലൈസൻസ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും അജയ് കോട്ടയത്ത് ബാറുകൾ ലീസിനെടുത്ത് പ്രവർത്തിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബാറുകളിൽനിന്ന് ഇവർ മാസപ്പടി വാങ്ങാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഓണംപോലുള്ള വിശേഷ ദിവസങ്ങളിൽ ഇവർ പണം വാങ്ങുമായിരുന്നു. ബാർ ഉടമകൾ സന്തോഷം എന്ന പേരിലാണ് മാസപ്പടി ചിലവുകൾ ചിലവുപട്ടികയിൽ രേഖപ്പെടുത്താറുണ്ടായിരുന്നത്. ആരോപണ വിധേയർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും പോസ്റ്റുകളിൽ നിന്ന് മാറ്റണമെന്നുമുള്ള ശുപാർശകളും റിപ്പോർട്ടിലുണ്ട്.

‍ലൈസൻസ് കൊടുത്ത വിഷയത്തിൽ താൻ ക്രമക്കേടുകൾ കാണിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞ സാംബ ശിവ റാവു, ഇതുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. ചട്ടപ്രകകാരം ലൈസൻസ് അനുവദിക്കാൻ തനിക്ക് അധികാരമുണ്ടെന്നും സർക്കാറിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നും സംബശിവ റാവു റിപ്പോർട്ടിൽ പറയുന്നു.

ലൈസൻസ് തരംമാറ്റിയതിൽ രണ്ട് ഡെപ്യൂട്ടി കമ്മിഷണർമാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. പി. ഷിബു, പി.കെ സതീശ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ഇവരെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടും സാംബശിവ റാവു സമർപ്പിച്ചിരുന്നു. ഇവർ യാതൊരുവിധ ക്രമക്കേടും നടത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ സസ്പെൻഷൻ റദ്ദാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.