കയ്പമംഗലം: തിരഞ്ഞെടുപ്പുകാലത്ത് ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വർഗീയവാദികൾ വോട്ട് ബാങ്കുണ്ടെന്ന് പറഞ്ഞ് തന്നെ കാണാൻ വരേണ്ടെന്ന് വി.ഡി. സതീശൻ. പുതുയുഗയാത്രയ്ക്ക് കയ്പമംഗലത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാർത്തന്നെ പച്ചയ്ക്ക് വർഗീയത പറയുകയും വർഗീയത പറയുന്നവരെ പൊന്നാടയണിയിക്കുകയും ചെയ്യുന്ന നാട്ടിൽ ഇതൊന്നുമില്ലാത്ത പുതിയൊരു കേരളമാണ് ലക്ഷ്യമിടുന്നത്. സർക്കാരിന്റെ ഖജനാവ് നിറയ്ക്കുന്ന സാമ്പത്തികപദ്ധതികൾക്കാണ് യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ പ്രഥമപരിഗണന നൽകുക.
രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെ ബന്ധപ്പെടുത്തിയും 17 മിനി തുറമുഖങ്ങൾ നിർമിച്ചും നടപ്പാക്കുന്ന മിഷൻ സമുദ്ര എന്ന തീരദേശ ഷിപ്പിങ് പ്രോജക്ട് യു.ഡി.എഫിന്റെ സ്വപ്‌നപദ്ധതിയാണ്. നാടിന്റെ നട്ടെല്ലൊടിച്ചാണ് ഇടതുഭരണം മുന്നോട്ടുപോകുന്നത്. എല്ലാത്തിനും പരിഹാരമുണ്ടാക്കുന്നതും ഇടതുസർക്കാർ തകർത്ത സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതുമായ ബദൽപരിപാടികളോടെയാണ് യു.ഡി.എഫ്. മുന്നോട്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. കയ്പമംഗലം നിയോജകമണ്ഡലം ചെയർമാൻ എസ്.എ. സിദ്ദിഖ് അധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി., എ.െഎ.സി.സി. സെക്രട്ടറി ടി.എൻ. പ്രതാപൻ, ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, സോണിയാ ഗിരി, എം.കെ. അബ്ദുൾസലാം, പി.എസ്. മുജീബ് റഹ്‌മാൻ, സുനിൽ പി. മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചാക്കോളാസ് സ്വർണക്കപ്പ് ഫുട്ബോൾ മത്സരം പുനരാരംഭിക്കും
രാജ്യാന്തരപ്രശസ്തി നേടിയ ചാക്കോളാസ് സ്വർണക്കപ്പിനായുള്ള ഫുട്ബോൾമത്സരം തൃശ്ശൂരിൽ പുനരാരംഭിക്കുെമന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഉറപ്പ്. തൃശ്ശൂരിലെ വിവിധ മേഖലകളിലെ വ്യക്തികളുമായി നടത്തിയ ‘സംവദിക്കാം, പുതുയുഗത്തിനായി’ എന്ന പരിപാടിയിൽ ഫുട്ബോൾതാരം സി.വി. പാപ്പച്ചനാണ് തൃശ്ശൂരിന്റെ പൈതൃകം സൂക്ഷിച്ച ചാക്കോളാസ് കപ്പ് ഫുട്ബോൾ നിലച്ചുപോയത് ചൂണ്ടിക്കാണിച്ചത്.
ഇത് പുനരാരംഭിക്കുന്നതിനുള്ള ചുമതല തൃശ്ശൂർ മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ് എന്നിവരെ ഏൽപ്പിക്കുകയും ചെയ്തു.
തനിത്തങ്കത്തിൽ നിർമിച്ച 135 പവനുള്ള ചക്കോളാസ് സ്വർണക്കപ്പ് ചാക്കോള കുടുംബമാണ് ഏർപ്പെടുത്തിയത്. 28 വർഷം കളിക്കളങ്ങളിൽ മിന്നിത്തിളങ്ങിയ കപ്പ് ചക്കോള ട്രോഫി ഫുട്‌ബോൾ മത്സരം അവസാനിച്ച 1983 മുതൽ ബാങ്ക് ലോക്കറിലാണ്. 1955-ൽ തൃശ്ശൂരിലെ ചാക്കോള പാലു ബ്രദേഴ്‌സ് ആരംഭിച്ചതാണ് ചാക്കോളാസ് സ്വർണക്കപ്പ്. പാലു ചാക്കോള, ലോന ചാക്കോള, ജോസഫ് ചാക്കോള എന്നീ സഹോദരന്മാരായിരുന്നു പാലു ബ്രദേഴ്‌സ്.
1983-84 കാലത്ത് നടത്തിയ ചാക്കോളാസ് സ്വർണക്കപ്പ് മത്സരം വൻ സാമ്പത്തികബാധ്യതയിലെത്തിയതോടെയാണ് സംഘാടകരായ തൃശ്ശൂർ അത്‌ലറ്റിക്സ് അസോസിയേഷൻ പിന്മാറിയതും മത്സരം നിലച്ചതും. 28 വർഷത്തെ പാരമ്പര്യമുണ്ടെങ്കിലും ഇടയ്ക്ക് ചാക്കോളാ ട്രോഫിക്കായുള്ള മത്സരം മുടങ്ങിയിരുന്നു. മൊത്തം 23 മത്സരങ്ങളാണ് നടന്നത്.
പുതുയുഗയാത്രയുടെ ഭാഗമായി പ്രഭാതവേദി
തൃശ്ശൂർ: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയോടനുബന്ധിച്ച് തൃശ്ശൂരിൽ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് പ്രഭാതവേദി സംഘടിപ്പിച്ചു.
പ്രകൃതിദുരന്തബാധിതർ, ഭാഷാന്യൂനപക്ഷം, രാഷ്ട്രീയ ആക്രമണ ഇരകളുടെ ബന്ധുക്കൾ, വന്യജീവിയാക്രമണ ബാധിതർ, സർക്കാർ ഏറ്റെടുത്ത ഭൂമിക്കും വസ്തുവകകൾക്കും നഷ്ടപരിഹാരം ലഭിക്കാത്തവർ, കൃഷിക്കാർ, കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, വ്യാപാരി-വ്യവസായികൾ, തോട്ടം തൊഴിലാളികൾ, കശുവണ്ടിത്തൊഴിലാളികൾ, കയർത്തൊഴിലാളികൾ, കൈത്തറിനെയ്ത്തുതൊഴിലാളികൾ, പാചകത്തൊഴിലാളികൾ, മറ്റ് അസംഘടിത തൊഴിലാളി വിഭാഗങ്ങൾ, അവശതയനുഭവിക്കുന്ന കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ, നാടകം, സിനിമ തുടങ്ങിയ കലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, സാമൂഹികപ്രവർത്തകർ, പരിസ്ഥിതിപ്രവർത്തകർ, വിദ്യാഭ്യാസപ്രവർത്തകർ ആരോഗ്യപ്രവർത്തകർ,എഴുത്തുകാർ, പ്രവാസികൾ, വനിതകൾ, വിദ്യാർഥികൾ, യുവജനങ്ങൾ, പി.എസ്.സി. ഉദ്യോഗാർഥികൾ, ഐ.ടി-സ്റ്റാർട്ടപ്പ്- ടൂറിസം മേഖലയിലുള്ളവർ തുടങ്ങിയ വിഭാഗങ്ങളുടെ പ്രതിനിധികളുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സംവദിച്ചു.
ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, യു.ഡി.എഫ്. ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, ബെന്നി ബഹനാൻ. എം.പി., സി.പി. ജോൺ, കെ.ആർ. ഗിരിജൻ, എം.പി. വിൻസെന്റ്, തോമസ് ഉണ്ണിയാടൻ, സി.വി. കുര്യാക്കോസ്, സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, മേയർ േഡാ. നിജി ജസ്റ്റിൻ, ഷാനിമോൾ ഉസ്മാൻ, ജോസഫ് ചാലിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Kerala`s Opposition Leader V.D. Satheesan rejects communal politics, vows economic revival & coastal shipping projects for a new Kerala. Read more!
Published: 20 Feb 2026, 07:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented