കൊട്ടാരക്കര: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന് വേണ്ടി പ്രചാരണം നടത്തിയെന്ന പരാതിയിൽ പോലീസ് അസോസിയേഷൻ ഭാരവാഹികളായ നാല് ഉദ്യോഗസ്ഥരെ കൊല്ലം റൂറൽ ജില്ലയിൽ നിന്നും പുറത്തേക്ക് സ്ഥലം മാറ്റി. ദക്ഷിണമേഖലാ ഐ.ജി.യുടേതാണ് അച്ചടക്ക നടപടി.
കൊല്ലം റൂറലിലെ അസോസിയേഷൻ നേതാക്കളായ ഗ്രേഡ് എസ്.ഐ.മാരായ എസ്. നജീം, എസ്.എൽ. സുജിത്ത്, എസ്.സി.പി.ഓ. എ.എസ്. ശിവേഷ്, സി.പി.ഓ. വി. ചിന്തു എന്നിവർക്കെതിരെയാണ് നടപടി. നജീം, ശിവേഷ് എന്നിവരെ കോട്ടയം ജില്ലയിലേക്കും സുജിത്ത്, ചിന്തു എന്നിവരെ ആലപ്പുഴയിലേക്കുമാണ് മാറ്റിയത്.
തിരഞ്ഞെടുപ്പ് കാലത്ത് ഇടതുസർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും പോലീസ് സേനയ്ക്കായി ചെയ്ത കാര്യങ്ങളും വിവരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് കെ.എൻ. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചിത്രീകരിച്ചതാണെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ്. സ്ഥാനാർത്ഥിയും മുൻ എം.എൽ.എ.യുമായ പി. അയിഷാ പോറ്റി തിരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പി.ക്കും പരാതി നൽകുകയായിരുന്നു. കൊട്ടാരക്കര ഡി.വൈ.എസ്.പി. നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐ.ജി. നടപടി സ്വീകരിച്ചത്.
എന്നാൽ, ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളയുകയാണ് ആരോപണവിധേയരായ ഉദ്യോഗസ്ഥർ. പോലീസ് അസോസിയേഷൻ സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ വീഡിയോ തങ്ങൾ അറിയാതെ ചില ഇടത് അനുകൂല ഓൺലൈൻ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് നേതാക്കൾ വ്യക്തമാക്കി. ഇതിനെതിരെ റൂറൽ എസ്.പി.ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അവർ അറിയിച്ചു. റൂറൽ ജില്ലയിലെ പോലീസ് സേന നേരിടുന്ന പരിമിതികൾ വ്യക്തമാക്കാനും അംഗങ്ങളെ വസ്തുത ബോധ്യപ്പെടുത്താനുമാണ് വീഡിയോ തയ്യാറാക്കിയത്. വീഡിയോയിൽ ബാലഗോപാലിനെക്കുറിച്ചോ തിരഞ്ഞെടുപ്പിനെക്കുറിച്ചോ യാതൊരു പരാമർശവുമില്ലെന്നും, നിലവിലെ നടപടികൾ രാഷ്ട്രീയപ്രേരിതമാണെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
Content Highlights: Four police association leaders transferred out of Kollam Rural district., Action taken following a complaint by UDF candidate P. Aisha Potty regarding an LDF campaign video., Southern Zone IG ordered the disciplinary transfer after a DySP inquiry., Accused officers claim the video was meant for an association conference and misused by media.
Published: 19 Sept 2026, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented