നിലമ്പൂർ: രാജ്യത്ത് തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കപ്പെടുകയോ, ക്രമക്കേടുകൾ നടത്തുകയോ ചെയ്യപ്പെടുന്നുവെങ്കിൽ അത് ജനാധിപത്യത്തിന് ഗുരുതര ഭീഷണിയാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. ചോക്കാട് കോട്ടപ്പുഴ മലവെള്ളപ്പാച്ചിലിൽ മരിച്ച സജിതയുടെ മുണ്ടേരി അപ്പൻകാപ്പിലെ വീട്ടിൽ സന്ദർശനം നടത്തിയശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

To advertise here,

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നടപടികളും അനീതിയും സംബന്ധിച്ച് രാഹുൽ ഗാന്ധി നിരന്തരം ഉന്നയിക്കുന്ന വിഷയങ്ങൾ ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം ക്രമക്കേടുകൾക്ക് സഹായം നൽകുന്നുവെന്ന ആരോപണം ശരിയാണെങ്കിൽ അത് വളരെ ഗൗരവത്തോടെ അന്വേഷിക്കേണ്ട വിഷയമാണ്. തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഇക്കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും അത് അനുവദിക്കുന്നുണ്ടെങ്കിൽ അതും ഗുരുതരമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ആരോപണങ്ങളിൽ കൃത്യമായ നടപടിക്രമം പാലിച്ച് നീതിയുക്തമായ അന്വേഷണം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിലെ കൃത്രിമങ്ങൾ, ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കംചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ രാഹുൽ ഗാന്ധി ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തരം വിഷയങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.

പോത്തുകല്ല് അപ്പൻകാപ്പ് ഉന്നതിയിലെ വീട്ടിലാണ് ബുധനാഴ്ച ഉച്ചയോടെ പ്രിയങ്ക ഗാന്ധി എം.പി. എത്തിയത്. കുടുംബത്തിന്റെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ അവർ അനുഭാവപൂർവ്വമായ ഇടപെടൽ നടത്തുമെന്ന ഉറപ്പ് നൽകിയാണ് മടങ്ങിയത്. ആര്യാടൻ ഷൗക്കത്ത് എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.