തിരുവനന്തപുരത്തിന്റെ സാംസ്‌കാരിക ഭൂപടത്തിൽ തന്റേതായ മുദ്ര പതിപ്പിച്ച പ്രമുഖ കലാകാരനും സംഘാടകനുമാണ് ഇന്ന് വിടപറഞ്ഞ സൂര്യ കൃഷ്ണമൂർത്തി. ശാസ്ത്ര സാങ്കേതിക മേഖലയിലെ ഔദ്യോഗിക ജീവിതത്തോടൊപ്പം കലാസാംസ്‌കാരിക പ്രവർത്തനങ്ങളെയും സമന്വയിപ്പിച്ചു കൊണ്ടുപോയ അപൂർവ്വ വ്യക്തിത്വത്തിനുടമ.

To advertise here,

നടരാജ കൃഷ്ണമൂർത്തി എന്നായിരുന്നു യഥാർത്ഥ പേര്. കെ.എൻ. അയ്യരുടെയും സരസ്വതി അമ്മാളിന്റെയും മകനായി കോട്ടയത്തായിരുന്നു ജനനം. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തെയും കൊണ്ട് മാതാപിതാക്കൾ തിരുവനന്തപുരത്തേക്കെത്തി. അതോടെ നാടും വീടും ലോകവുമെല്ലാം തിരുവനന്തപുരമായി മാറി. തിരുവനന്തപുരം മോഡൽ സ്‌കൂൾ, ആർട്‌സ് കോളേജ്, ടികെഎം എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എഞ്ചിനീയറിങ് പഠനത്തിന് തൊട്ടുപിന്നാലെ ഐ.എസ്.ആർ.ഒയിൽ ജോലിയിൽ പ്രവേശിച്ചു. 1972 മുതൽ 99 വരെയുള്ള കാലത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയർമെന്റ് എടുത്ത് കലാപ്രവർത്തനങ്ങളിൽ സജീവമായി.

സൂര്യ സംഘടനയുടെ തുടക്കവും ഇതോടെയായിരുന്നു. 1977-ൽ ആണ് സൂര്യ എന്ന പേരിൽ കലാസംഘടന ആരംഭിച്ചത്. അതോടെ അദ്ദേഹത്തിന്റെ പേരിനൊപ്പം സൂര്യ എന്നത് മായ്ക്കാൻ പറ്റാത്ത വാക്കായി വിളക്കിച്ചേർക്കപ്പെട്ടു. സിനിമ മാത്രം പ്രദർശിപ്പിക്കുന്ന കലാസംഘടനയിൽനിന്ന് മറ്റെന്ത് ചെയ്യാനാകും എന്ന ചിന്തയാണ് സൂര്യയുടെ വളർച്ചയ്ക്ക് പ്രേരകമായത്. വളരെ വ്യത്യസ്തമാകണം 'സൂര്യ' എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. കാലക്രമേണെ അത് സംഗീതം, നൃത്തം, നാടകം തുടങ്ങിയ വിവിധ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, കലാകാരന്മാർക്ക് വേദിയൊരുക്കുന്ന പ്രസ്ഥാനമായി വളർന്നു.

സിനിമയിൽ സംഗീതവും നൃത്തവും പെയിന്റിംഗും ഫോട്ടോഗ്രാഫിയും നാടകവുമൊക്കെയുണ്ട്. അവയൊക്കെ ഒന്നൊന്നായി എല്ലാവർക്കും ആസ്വദിക്കാൻ അവസരമുണ്ടാകണമെന്നും ആഗ്രഹിച്ചു. അങ്ങനെയാണ് ഓരോ വിഭാഗത്തിലും സൂര്യ ഫെസ്റ്റിവലുകൾ ഉണ്ടായത്. ഹിന്ദുസ്ഥാനി സംഗീതം ഇവിടെ ഏറ്റവും കൂടുതൽ പ്രചരിച്ചത് സൂര്യയിലൂടെയാണ്. കഥക്, ഒഡീസി തുടങ്ങിയ നൃത്ത ഇനങ്ങളും സൂര്യയിൽകൂടി കേരളത്തിലുള്ളവർക്ക് ആസ്വദിക്കാനായി. നിലവിൽ ലോകമെമ്പാടുമുള്ള 23 രാജ്യങ്ങളിലും 30 നഗരങ്ങളിലും 'സൂര്യ'യുടെ ശാഖകളും സാംസ്‌കാരിക പ്രവർത്തനങ്ങളും വ്യാപിപ്പിച്ചിട്ടുണ്ട്.

തുടർച്ചയായി നൂറിലേറെ ദിവസത്തോളം നീണ്ടുനിൽക്കുന്ന വിപുലമായ സാംസ്‌കാരിക ഫെസ്റ്റിവൽ സംഘടിപ്പിക്കുന്ന ലാഭേച്ഛയില്ലാത്ത വലിയൊരു കലാപ്രസ്ഥാനമാണ് 'സൂര്യ'. ഓഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ സംഘടനയ്ക്കില്ല. തിരുവനന്തപുരത്ത് ആരംഭിച്ച് പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ച സൂര്യ ഫെസ്റ്റിവൽ ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക മേളകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

കേരളത്തിൽ ആദ്യമായി ലൈറ്റ് ആൻഡ് സൗണ്ട് ഷോ, വേലുത്തമ്പി ദളവ എന്ന പേരിൽ സംവിധാനം ചെയ്തത് സൂര്യ കൃഷ്ണമൂർത്തിയാണ്. അതുമുതൽ നാടകങ്ങളുടേയും സംഗീതനാടങ്ങളുടേയും പുതുമ നിറഞ്ഞ ദൃശ്യാനുഭവത്തിനാണ് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. കലാരംഗത്തെ മികച്ച സംഭാവനകളും സൃഷ്ടികളും മുൻനിർത്തി രാഷ്ട്രപതിയുടെ സ്റ്റേജ് ക്രാഫ്റ്റ് ആൻഡ് ഡയരക്ഷനുള്ള ദേശീയ പുരസ്‌കാരം, കേരള സർക്കാരിന്റെ രണ്ടാം ഉയർന്ന പുരസ്‌കാരമായ കേരളപ്രഭ പുരസ്‌കാരം, തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം, ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ മാൻ ഓഫ് ദി ഇയർ പുരസ്‌കാരം എന്നിവയും സൂര്യ കൃഷ്ണമൂർത്തിയെ തേടിയെത്തി.

തികഞ്ഞ ഗണപതി ഭക്തൻ

വലിയൊരു ഗണപതി വിഗ്രഹ ശേഖരണത്തിന് ഉടമയാണ് സൂര്യ കൃഷ്ണമൂർത്തി. അദ്ദേഹത്തിന്റെ വീട്ടിൽ മാത്രം ആയിരത്തി അഞ്ഞൂറിലേറെ ഗണപതി വിഗ്രഹങ്ങളുണ്ട്. തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി കൊട്ടാരത്തിലേക്ക് അദ്ദേഹത്തെ വിളിപ്പിക്കുകയും താൻ പൂജിച്ചിരുന്ന ഒരു ഗണപതി വിഗ്രഹം അദ്ദേഹത്തിന് സമ്മാനമായി നൽകുകയും ചെയ്തു എന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ സവിശേഷമായ അനുഭവമായിരുന്നു.