ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ വോട്ടർമാർക്ക് തങ്ങളുടെ സിറ്റിംഗ് എം.എൽ.എമാരോട് കടുത്ത അതൃപ്തിയെന്ന് സർവേ റിപ്പോർട്ടുകൾ. എന്നാൽ, ഈ പ്രാദേശിക അതൃപ്തി സംസ്ഥാന സർക്കാരുകൾക്കെതിരെയോ മുഖ്യമന്ത്രിമാർക്കെതിരെയോ ഉള്ള ഭരണവിരുദ്ധ വികാരമായി മാറിയിട്ടില്ലെന്ന് 'വോട്ട് വൈബ്' (Vote Vibe), 'ഇന്ത്യ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ' സർവേകൾ വ്യക്തമാക്കുന്നു.

To advertise here,

ജനപ്രതിനിധികളെ തങ്ങളുടെ ആവശ്യങ്ങൾക്കായി സമീപിക്കാൻ സാധിക്കാത്തതിലുള്ള പ്രശ്‌നങ്ങളാണ് പ്രാദേശികമായി ജനങ്ങൾക്കിടയിലുള്ള അതൃപ്തിക്ക് പ്രധാന കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകനും വോട്ട് വൈബ് സ്ഥാപകനുമായ അമിതാഭ് തിവാരി ചൂണ്ടിക്കാട്ടി. പല എം.എൽ.എമാരും മണ്ഡലത്തിലെ വികസന കാര്യങ്ങൾ തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏൽപ്പിച്ച് സംസ്ഥാന തലസ്ഥാനങ്ങളിൽ തങ്ങുകയാണെന്ന് ജനങ്ങൾ പരാതിപ്പെടുന്നു. ഇത് തെരഞ്ഞെടുപ്പുകളിൽ പുതിയ സ്ഥാനാർത്ഥി നിർണ്ണയത്തെയും പാർട്ടി സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നൽകുന്നതിനെയും കാര്യമായി ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ.

സർവേ പ്രകാരം യുപിയിലാണ് എം.എൽ.എമാർക്കെതിരെ ഏറ്റവും കൂടുതൽ ജനരോഷമുള്ളത്. 49% വോട്ടർമാരും തങ്ങളുടെ സിറ്റിംഗ് എം.എൽ.എയുടെ പ്രവർത്തനത്തിൽ അതൃപ്തരാണ്. എന്നാൽ, യോഗി ആദിത്യനാഥ് സർക്കാരിന്റെ പ്രകടനത്തിൽ 41.8% ആളുകൾ തൃപ്തരാണ് എന്നതാണ് കൗതുകം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 43.4% പിന്തുണയോടെ യോഗി ആദിത്യനാഥ് തന്നെയാണ് ഇപ്പോഴും മുന്നിൽ. എസ്.പി മേധാവി അഖിലേഷ് യാദവിന് 35.5% പിന്തുണയുണ്ട്. തൊഴിലില്ലായ്മയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിഷയമായി സർവേയിൽ ചൂണ്ടിക്കാണിക്കുന്നത്. 23.1% ഇക്കാര്യമാണ് ചൂണ്ടിക്കാണിക്കുന്നത്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യവും എസ്.പി സഖ്യവും തമ്മിൽ കടുത്ത മത്സരമാണ് പ്രവചിക്കുന്നത്.

ഉത്തരാഖണ്ഡിലെ പുഷ്‌കർ സിങ്‌ ധാമി നയിക്കുന്ന ബിജെപി സർക്കാരിനോട് 39.1% ആളുകൾ തൃപ്തരാണെങ്കിലും, സിറ്റിങ്‌ എം.എൽ.എമാരുടെ കാര്യത്തിൽ 48% പേരും അതൃപ്തി രേഖപ്പെടുത്തുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 28.2% പിന്തുണയോടെ ധാമിയാണ് ഒന്നാമത്. തൊഴിലില്ലായ്മയും (20.7%), വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുമാണ് ഇവിടുത്തെയും പ്രധാന ചർച്ചാവിഷയങ്ങൾ.

പഞ്ചാബിൽ ഭഗവന്ത് മാൻ നയിക്കുന്ന ആം ആദ്മി പാർട്ടി സർക്കാരിന്റെ പ്രവർത്തനത്തിൽ 40% പേർ സംതൃപ്തരാണ്, എന്നാൽ 45.3% വോട്ടർമാരും തങ്ങളുടെ എം.എൽ.എമാരിൽ അതൃപ്തരാണ്. മയക്കുമരുന്ന് മാഫിയയാണ് (25.7%) പഞ്ചാബിലെ ഏറ്റവും വലിയ പ്രശ്‌നമായി വോട്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങൾക്ക് വോട്ട് ചെയ്യാൻ താത്പര്യം കൂടുതലും ആം ആദ്മി പാർട്ടിയോട് തന്നെയാണ്. 34% പേർ പാർട്ടിയെ പിന്തുണയ്ക്കുന്നു. കോൺഗ്രസിന് 30.2% പിന്തുണയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 40.1% പിന്തുണയോടെ ഭഗവന്ത് മാൻ തന്നെയാണ് വോട്ടർമാരുടെ പ്രിയപ്പെട്ട നേതാവ്.

പഞ്ചാബിലും ഉത്തരാഖണ്ഡിലുമാണ് ആദ്യം തെരഞ്ഞെടുപ്പ് നടക്കുക. നിയമസഭാ കാലാവധി അവസാനിക്കുന്ന 2027 മാർച്ചിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കക. ഉത്തർപ്രദേശ് നിയമസഭയുടെ കാലാവധി 2027 മെയ് 22-നാണ് അവസാനിക്കുന്നത്.