എടക്കര: തള്ളയാന ഉപേക്ഷിച്ച ആനക്കുട്ടിക്ക് തുണയായി വഴിക്കടവിലെ വനപാലകർ. ഉൾവനത്തിലെ അളയ്ക്കൽ പട്ടികവർഗ ഉന്നതിക്കുസമീപം കാണപ്പെട്ട ഒരുമാസം പ്രായമായ കുട്ടിക്കൊമ്പന്റെ പരിചരണമാണ് ഇവർ ഏറ്റെടുത്തത്. വെള്ളിയാഴ്ച വൈകീട്ടോടെ ഒറ്റപ്പെട്ടനിലയിൽ ഉന്നതിക്ക് സമീപം കാണപ്പെട്ട ആനക്കുട്ടിയെ വനപാലകരുടെ നേതൃത്വത്തിൽ ആനക്കൂട്ടത്തിലേക്ക് എത്തിച്ചിരുന്നു. എന്നാൽ അമ്മയാനയും മറ്റ് ആനകളും ഒപ്പംകൂട്ടാൻ തയ്യാറായില്ല. 

To advertise here,

 ശനിയാഴ്ച രാവിലെ വീണ്ടും കോളനിക്ക് സമീപം കാണപ്പെട്ട ആനക്കുട്ടിയെ അധികൃതർ നെല്ലിക്കുത്ത് വനം ഓഫീസിലേക്ക് എത്തിക്കുകയായിരുന്നു. കരിക്ക്, ഗ്ലൂക്കോസ്, ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾ എന്നിവ ആനക്കുട്ടിക്ക് നൽകുന്നുണ്ട്. മുത്തങ്ങ, കോടനാട് എന്നിവിടങ്ങളിലുള്ള ആന വളർത്തൽ കേന്ദ്രം അധികൃതരുമായി വഴിക്കടവ് അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. 

ചീഫ് വൈൽഡ് വാർഡന്റെ നിർദേശപ്രകാരം ആനക്കുട്ടിയെ ഏതെങ്കിലും കേന്ദ്രത്തിലേക്ക് എത്തിക്കും. വനം അസിസ്റ്റന്റ് വെറ്ററിനറി സർജൻ ഡോ. ശ്യാം, റെയ്ഞ്ച് ഓഫീസർ പി. വിമൽ എന്നിവരുടെ നേതൃത്വത്തിലാണ്  പരിചരണം.