'എന്തായാലും കാടിനകത്ത് നായാട്ടുകാരെ കണ്ട സ്ഥിതിക്ക് പിറ്റേന്ന് കാട്ടിലൊന്ന് ചുറ്റി സഞ്ചരിച്ച് വരാമെന്നുതന്നെ ഫോറസ്റ്റർ സാറ് പറഞ്ഞു. എനിക്ക് നായാട്ടുകാരെ അന്വേഷിച്ച് കാട്ടിലോട്ട് പോകുന്നത് ആദ്യത്തെ അനുഭവമായിരുന്നു. അതുകൊണ്ട് ആലോചിച്ചപ്പോൾത്തന്നെ നല്ല പേടി തോന്നി. എന്തായാലും പിറ്റേന്ന് ഞങ്ങൾ മൂന്ന് സ്റ്റാഫുകളും കൂടി സ്റ്റോക്കിൽനിന്ന് പഴയ .303 റൈഫിളും തുടച്ച് മിനുക്കിയാണ് വിശ്വസ്തരായ മൂന്ന് വാച്ചറന്മാരേയും കൂട്ടി കാട് കയറിയത്.' 

To advertise here,

'അന്നും പതിവില്ലാതെ പറക്കുളത്തെ നടയിൽ കുറെ ചന്ദനത്തിരികളുടെ ഭസ്മം കിടക്കുന്നുണ്ടായിരുന്നു. അതിനർത്ഥം ആയിടയ്ക്കും കാട്ടിനകത്ത് ആള് കയറിയിട്ടുണ്ടെന്നാണ്! അതുകൊണ്ട് ലേശം കരുതിത്തന്നെയാണ് ഞങ്ങൾ മുന്നോട്ട് പോയത്. മരംമുറിക്കാരാണെങ്കിൽ കാക്കിക്കാരെ കണ്ടാൽ ഓടിപ്പോകും എന്നുറപ്പായിരുന്നു. പക്ഷെ വെടിക്കാരാണെങ്കിൽ, പ്രത്യേകിച്ച് ആനവെടിക്കാരാണെങ്കിൽ, എന്താകുമെന്ന് പറയാൻ പറ്റില്ല. അതൊക്കെ സാറിന് അറിയാമായിരിക്കുമല്ലോ...?'

മോഹനൻ ആരാധനയോടെ എന്നെ നോക്കി. പറയുമ്പോൾ പ്രൊബേഷണറായ 'ഒരു കുട്ടി' റെയ്ഞ്ച് ഓഫീസറാണല്ലോ അയാളുടെ മുമ്പിലിരിക്കുന്ന ഈ 'ഞ്യാൻ'! അതെല്ലാം എനിക്ക് പരിചിതമായിരിക്കും എന്നാണ് ആ പാവം വിശ്വസിക്കുന്നത്. അയാളുടെ കഥ കേട്ടിട്ട് തന്നെ പേടിയായി. എങ്കിലും എന്തിനാണ് ഞാനായിട്ട് കുറയ്ക്കുന്നതെന്ന് കരുതി അനുഭസ്ഥനെപ്പോലെ ഞാൻ മോഹനൻ പറഞ്ഞത് തലകുലുക്കി ശരിവച്ചു. വനംവകുപ്പിൽ കയറിയിട്ട് ആറ് മാസമേ ആയിട്ടുള്ളൂ എങ്കിലും നമുക്ക് അങ്ങനെ വിട്ടുകൊടുക്കാനാകില്ലല്ലോ. 'പിറ്റേന്ന് ഞങ്ങൾ അതിരാവിലെ തന്നെ പുറപ്പെട്ടു. നേരം പരപരാ വെളുക്കുന്നതേ ഉള്ളൂ. തോക്കും തോളിൽ വച്ച് സെക്ഷൻ ഫോറസ്റ്ററാണ് മുന്നിൽ. ഏതാണ്ട് രണ്ടര മൂന്ന് കിലോമീറ്റർ എങ്കിലും നടന്നിരിക്കണം. മുൻപ് സജി സൂചിപ്പിച്ചിരുന്ന ആ ഇല്ലിക്കാടിനടുത്തെത്തിയപ്പോൾ കുറച്ചകലെയായി എന്തോ ആൾപ്പെരുമാറ്റം ! വന്യമൃഗങ്ങളൊന്നും അല്ലെന്ന് ഉറപ്പായിരുന്നു. അവിടെ അങ്ങനെ പ്രശ്‌നക്കാരായ മൃഗങ്ങൾ സാധാരണ എത്താറില്ല. സമയം കളയാതെ ഞങ്ങൾ അടുത്ത് കണ്ട പാറക്കെട്ടിനിടയിലേയ്ക്ക് പമ്മിയിരുന്നു. അരണ്ട വെളിച്ചത്തിൽ നമ്മളെ അപ്പോൾ ആരും പെട്ടെന്ന് കാണില്ലെന്നുറപ്പാണ്.' 

'അവർ നാലു പേരുണ്ടായിരുന്നു. പതുക്കെ നടന്ന് ഞങ്ങൾ ഇരിക്കുന്നതിന് മുൻപിലെ വഴിത്താരയിലൂടെ തന്നെ വരികയാണവർ. പാളി നോക്കിയപ്പോൾ അരണ്ട വെളിച്ചത്തിലും എന്തോ തലയിൽ ചുമന്നിട്ടുള്ളത് കാണാം. സംശയിക്കാനില്ല. പറഞ്ഞുകേട്ടത് വച്ചുനോക്കുമ്പോൾ നായാട്ടുകാർ തന്നെയാണ്. തീർച്ച. അടുത്തത് ആക്ഷനാണ്! ഞങ്ങൾ തമ്മിൽത്തമ്മിൽ നോക്കി.'

'തോക്ക് കൈയ്യിലിരിക്കുന്ന സെക്ഷൻ ഫോറസ്റ്ററെയാണ് ഞാൻ ഉറ്റുനോക്കിയത്. അദ്ദേഹമാണല്ലോ സീനിയർ. അദ്ദേഹം തന്നെയാണ് നിർദേശം തരേണ്ടതും. പക്ഷേ പുള്ളിയാകട്ടെ കുലുക്കമൊന്നുമില്ലാതെ റൈഫിളും ചൂണ്ടി ശിലപോലെ ഇരിക്കുകയാണ്. ഇനിയെങ്ങാനും അദ്ദേഹം വെടി പൊട്ടിക്കുമോ? എങ്കിൽ എന്തായിരിക്കും സംഭവിക്കുന്നത്? അവർ തിരിച്ച് വെടിവയ്ക്കുമോ? അതോ ആരെങ്കിലും വെടിയേറ്റ് വീഴുമ്പോൾ ബാക്കിയുള്ളവർ ജീവനും കൊണ്ട് ഓടുമോ..? ഇത് എന്റെ ആദ്യത്തെ എൻകൌണ്ടറാണ്. ക്രമം തെറ്റി മിടിക്കുന്ന നെഞ്ചോടെ ഞാൻ നോക്കിയിരുന്നു!' 

മോഹനൻ നിർത്തി. അയാൾ പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി. അപ്പോൾ എന്റെ നെഞ്ചിനുള്ളിൽ മുട്ട വച്ചാൽ അനായാസം പുഴുങ്ങി എടുക്കാൻ പരുവമാണ്. അന്ന് ആ സംഘത്തിന് എന്ത് പറ്റിയിരിക്കാം എന്ന് കരുതിയല്ല എന്റെയുള്ളിലെ വെപ്രാളം. മറിച്ച് ഇത്തരത്തിലുള്ള കാട്ടിലാണല്ലോ ശിഷ്ടകാലം ഞാൻ ജോലി ചെയ്യാൻ പോകുന്നത് എന്നാലോചിച്ചായിരുന്നു. 

'തമിഴ്‌നാട്ടിൽ അത്തരത്തിൽ കാട്ടിനുള്ളിൽ വനംകൊള്ളക്കാരെയൊക്കെ നിഷ്‌കരുണം വെടിവച്ച് കൊന്നിട്ടുണ്ട് എന്ന കഥകൾ ഞാനും കേട്ടിട്ടുണ്ടായിരുന്നു. അതൊക്കെ ശരിയാണോ എന്നറിയില്ല. ശ്വാസം അടക്കിപ്പിടിച്ച് ഇരിക്കവേ അടുത്തെത്തിയ അവരുടെ മുന്നിലേയ്ക്ക് അലറിക്കൊണ്ട് തോക്കും ചൂണ്ടിക്കൊണ്ട് ഫോറസ്റ്റർ ചാടിവീഴുകയായിരുന്നു. ഒപ്പം എന്റെ കൂടെയുണ്ടായിരുന്ന സ്റ്റാഫുകളും മൂന്ന് വാച്ചറന്മാരും..!' 

'നിൽക്കെടാ അവിടെ...വെയ്ക്കടാ വെടി...!' കാടിന്റെ നിശ്ശബ്ദതയെ വിറപ്പിക്കുന്ന ആക്രോശമായിരുന്നു അത്. ലേശം പിന്നിലായിരുന്നെങ്കിലും ഞാനും അപ്പോൾ കിടുങ്ങി വിറച്ചു. അത് ഫോറസ്റ്ററുടെ ശബ്ദമായിരുന്നുവെന്നുറപ്പ്. പുള്ളിയുടെ കയ്യിലാണ് നിറയുള്ള തോക്കിരിക്കുന്നത്! പിന്നെ അങ്ങേര് വെടി വയ്ക്കാതെ ഈ കിടന്ന് അലറുന്നതെന്തിനാണ്..? പലവിധ ചിന്തകളിൽ നടുങ്ങി നിൽക്കവേ നടന്ന് വന്നവർ തലയിലിരുന്ന കെട്ടുകൾ നിലത്തെറിഞ്ഞ് കാട്ടുപൊന്തകൾ ചവിട്ടിത്തകർത്ത് ഓടുകയായിരുന്നു. അവരിട്ടിരുന്ന വാറ് പൊട്ടിയ ചെരുപ്പുകൾ അങ്ങിങ്ങായി ചിതറിത്തെറിക്കുന്നു!' 

'അപ്പോൾ അവിടമാകെ പ്രത്യേക മണം പരന്നു. സംഗതി നിലത്ത് വീണ് പൊട്ടിയത് മൂന്ന് കന്നാസ് ചാരായമാണ്! അതെ, അവർ കള്ളവാറ്റുകാരായിരുന്നു. തലേന്നത്തെ അദ്ധ്വാനം കഴിഞ്ഞ് വെളുപ്പിനെ തന്നെ സാധനവുമായി മടങ്ങുന്ന 'തൊഴിലാളികൾ'!' 

'ആരെടാ...പിടിയെടാ...നിൽക്കെടാ...കൊല്ലടാ...'എന്നൊക്കെയുള്ള അലർച്ചകൾ വീണ്ടും കാടിനെ വിറപ്പിച്ചു. വാച്ചറന്മാർ വേട്ടനായ്ക്കളെപ്പോലെ കള്ളവാറ്റുകാരുടെ പിന്നാലെ ഓടുകയാണ്. ഞാൻ ഞെട്ടിത്തരിച്ച് അനങ്ങാനാകാതെ നിന്നുപോയി.'

'അവരുടെ അട്ടഹാസങ്ങളും പൊന്തകൾ ചവിട്ടി മെതിച്ച് ഓടുന്ന ശബ്ദവും അകന്നകന്ന് പോയി. അപ്പോൾ നോക്കുമ്പോഴുണ്ട് അവരിൽ മുന്നിൽ വന്നയാൾ ഓടാതെ തലയിലെ കന്നാസുമായി ഞങ്ങളുടെ മുന്നിൽ ഒരേ നിൽപ്പ്! ഇതെന്താണ്...കടുവയെ പിടിച്ച കിടുവയോ...? കുറ്റകൃത്യത്തിനിടെ കൈയ്യോടെ പിടിക്കപ്പെട്ടിട്ടും അത്രമേൽ കൂസാതെ നിൽക്കുന്ന ആ ഭീകരൻ ആരാണ്...? പല വിധത്തിലുള്ള ചിന്തകൾ എന്നെ ശ്വാസം മുട്ടിക്കുന്നത് പോലെ!'

'ഫോറസ്റ്ററും രണ്ട് സ്റ്റാഫുകളും കൂടി അവനെ വളഞ്ഞു. അപ്പോൾ 'എന്നെ ഒന്നും ചെയ്യല്ലേ സാറേ...'എന്നപേക്ഷിച്ചുകൊണ്ട് അവൻ തലയിൽ ചുമന്നിരുന്ന വലിയ കന്നാസിലെ ചാരായം പതിയെ നിലത്തിറക്കി വച്ചു. ഇപ്പോൾ ആള് നിന്ന് കിടുകിടാ വിറയ്ക്കുകയാണ്...!'

'ഠപ്പേ...!' വെടി പൊട്ടുന്ന മാതിരിയുള്ള ഒരടിയുടെ ശബ്ദമാണ് പിന്നീട് കേട്ടത്. ഒപ്പം വീഴ്ചയുടെ ശബ്ദവും! ഫോറസ്റ്ററുടെ വലത്തേ കൈവീശിയുള്ള ആ ഒറ്റ അടിയിൽത്തന്നെ അവൻ നിലത്ത് വീണു. നിലത്ത് കിടന്നും 'അയ്യോ.. എന്നെ ഒന്നും ചെയ്യല്ലേ സാറേ..' എന്നയാൾ കരഞ്ഞുകൊണ്ടിരുന്നു. കിടന്ന ഇടത്ത് അതേ നിലയിൽ ചവിട്ടും കൂടി കൊടുത്തതിന് ശേഷമാണ് അദ്ദേഹം അല്പം ഒന്ന് തണുത്തതെന്ന് തോന്നി. അല്പനേരം നിലത്ത് അതേ കിടപ്പ് കിടന്ന അവനെ ഫോറസ്റ്റർ തന്നെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു.' 

'ഫോറസ്റ്ററും കൂടെയുണ്ടായിരുന്ന മറ്റേ സ്റ്റാഫും അയാളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവർ ആരൊക്കെയാണെന്നും അവരുടെ സ്ഥിരം 'കളങ്ങൾ' (ചാരായം വാറ്റുന്ന രഹസ്യ സങ്കേതങ്ങൾ) എവിടെയൊക്കെയാണെന്നും ചോദിച്ചു. അവനതിനൊക്കെ എന്തൊക്കെയോ മറുപടി പറയുന്നുമുണ്ടായിരുന്നു.'

അപ്പോഴേയ്ക്കും ഓടി രക്ഷപ്പെട്ടവരെ പിന്തുടർന്നിട്ടും കിട്ടാതെ വാച്ചറന്മാർ തിരികെ എത്തിത്തുടങ്ങിയിരുന്നു. അതുംകൂടി കണ്ടപ്പോൾ എന്തുകൊണ്ടാണ് അയാൾ കൂട്ടാളികളെപ്പോലെ ചുമന്നുക്കൊണ്ടുവന്ന കന്നാസ് എറിഞ്ഞിട്ട് കാട്ടിലേയ്ക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കാതിരുന്നത് എന്നായിരുന്നു സംശയം.

ഞാൻ പ്രതീക്ഷിച്ച ആ ചോദ്യം അവരിലാരോ അയാളോട് ചോദിക്കുന്നതും കേട്ടു. 'സാറേ...എനിക്ക് രണ്ടുകാൽ വിരലില്ല ' അയാൾ തന്റെ വലത് കാൽപ്പത്തി നീട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. വലത്തേ പാദത്തിലെ തള്ളവിരലും കൂടെയുള്ള നാലാമത്തെ വിരലും കാണാനില്ല! ചെരിപ്പിടാൻ കഴിയാത്തതിനാലാകണം അയാൾ നഗ്‌നപാദനായാണ് നടന്നിരുന്നതും എന്ന് തോന്നുന്നു. നിറയെ വടുക്കളോട് കൂടിയതും ചത വളർന്ന് മൂടിയതുമായ ആ കാലിന്റെ വിരലുകളില്ലാതെ മുൻഭാഗം വല്ലാത്ത കാഴ്ചയായിരുന്നു!'

പിന്നീട് അവൻ സംസാരിച്ചു തുടങ്ങി. 'പണ്ടൊരു ദിവസം പറമ്പിൽനിന്നും അപ്പൻ പുഴുക്ക് ഉണ്ടാക്കാനായി കൊണ്ടുവന്ന കൂഴച്ചക്ക വെട്ടിയപ്പോൾ കാണാനായി അടുത്തുപോയി നിന്നതാണ് സാറേ. നല്ല 'പിടിത്തത്തിലായിരുന്ന' (ലഹരിയിലായിരുന്ന) അപ്പൻ രണ്ടാമതും ആഞ്ഞുവീശിയപ്പോൾ കോടാലി മാറി വീണതാണ്...! നട്ടുച്ചയ്ക്ക് പിന്നെ അവിടെമാകെ ചോരപ്പുഴയായിരുന്നു!'

'ഞാനന്നൊന്നും അത്ര കാര്യമാക്കിയില്ല. എന്നെ സൈക്കിളിലിരുത്തി അപ്പൻ തന്നെ അടുത്തുള്ള ആശൂത്രിയിലോട്ട് (ആശുപത്രി) കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ 'ഡോക്കിട്ടർ' (ഡോക്ടർ) പറഞ്ഞതനുസരിച്ച് അച്ഛനും അവിടത്തെ 'കമ്പോണ്ടരും' (Compounder) കൂടി എന്നെപ്പിടിച്ച് അമർത്തിക്കിടത്തി 'കുരൂത്തി' പോലും വയ്ക്കാതെ (ഇൻജക്ഷൻ എടുക്കാതെ) കരിംപച്ചക്കാണ് ഒൻപത് തുന്നലിട്ടത്.'

'അപ്പോ എട്ടുനാടും പൊട്ടത്തക്ക വണ്ണം ഞാൻ കിടന്ന് നിലവിളിച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അതൊക്കെ കരിഞ്ഞു. പക്ഷെ പിന്നെയാണ് മനസ്സിലായത്, തള്ളവിരലില്ലാതെ ഒരുത്തനും ഓടാൻ പറ്റൂല്ലെന്ന്! കഷ്ടിച്ച് മൂന്നുനാലടി വയ്ക്കുമ്പോഴേയ്ക്കും വീണുപോവും. അതോണ്ടാണ് സാറേ ഞാനോടാതെ നിന്നത്...!'

തൊഴുന്ന മാതിരി കൈകൾ രണ്ടും കൂട്ടിപ്പിടിച്ചും അടുത്ത അടി എപ്പോഴാണ് വീഴുന്നതെന്നും ഭയന്ന് നിൽക്കുകയാണ് കക്ഷി. അവൻ മുഴുമിപ്പിക്കുന്നതിന് മുൻപ് തന്നെ ഫോറസ്റ്ററുടെ വലത് കൈപ്പത്തി വീണ്ടും അന്തരീക്ഷത്തിലേയ്ക്ക് ഉയർന്നു. പക്ഷേ തല്ലിയില്ല. കാലിലെ തള്ളവിരലില്ലെങ്കിൽ ഓടി രക്ഷപ്പെടാൻ പോലും പറ്റില്ലെന്നത് എനിക്കും പുത്തനറിവായിരുന്നു!

'പിന്നെ എന്ത് സംഭവിച്ചു...?' അടക്കാനായില്ല എന്റെ ആകാംക്ഷ.

'എന്ത് പറ്റാൻ...? പാവം തോന്നി അവനെ നമ്മളങ്ങ് വെറുതെ വിട്ടു. പോയി പിഴച്ചോട്ടെ എന്ന് കരുതി. അത്ര തന്നെ..!' നിസ്സാരമട്ടിൽ മോഹനൻ പറഞ്ഞു. 

'അയാളുടെ കാര്യമല്ല...ആ കന്നാസിലിരുന്ന ചാരായത്തിന് എന്ത് പറ്റിയെന്നാണ് ഞാൻ ചോദിച്ചത്...?' ഞാൻ നയം വ്യക്തമാക്കി.

'ഓ..അതോ...അത് അവനെക്കൊണ്ടുതന്നെ മൂന്ന് കിലോമീറ്റർ ചുമപ്പിച്ച് ഒഴിഞ്ഞ് കിടന്ന ക്വാർട്ടേഴ്‌സിൽ കൊണ്ട് വയ്പിച്ചു. എന്നിട്ടാണ് പൊയ്‌ക്കോളാൻ പറഞ്ഞത്. അവൻ പോയ പാടെ നമ്മൾ അതവിടെനിന്നു പൊക്കി മാറ്റുകയും ചെയ്തു...!'

ചെറുചിരിയോടെയാണ് മോഹനൻ ആ കഥ പറഞ്ഞ് നിറുത്തിയത്. (പണ്ട് വനത്തിനുള്ളിലെ കാട്ടുചോലകളിലും ഓലികളിലുമൊക്കെ കള്ളവാറ്റ് നടത്തുന്നവർക്കെതിരെ ചിലയിടങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെങ്കിലും കടുത്ത നടപടികൾ സ്വീകരിച്ചിരുന്നില്ല. വൻതോതിൽ ചന്ദനം ഉൾപ്പടെയുള്ള മരംമുറിയും കൊമ്പിനായി ആനകളേയും ഇറച്ചിക്കായി കാട്ടുപോത്ത്, മ്‌ളാവ്, പുള്ളിമാൻ, കാട്ടുപന്നി, കൂരൻ, കേഴ എന്തിന് കരയാമവരെയുള്ളതിനെ വേട്ടയാടുന്ന സംഘങ്ങളേയും ആണ് അവർ മുഖ്യഭീഷണിയായി കണ്ടിരുന്നത്.

മറയൂരിൽ പ്രൊബേഷണർ ആയിരിക്കുമ്പോൾ അംഗീകൃത കള്ളവാറ്റുകാർ തന്നെ ചന്ദനക്കള്ളന്മാരെക്കുറിച്ച് രഹസ്യവിവരങ്ങൾ ചിലർക്ക് നൽകുന്നതിന് ഞാനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതൊന്നും പുറത്ത് പറയാനാകില്ലെങ്കിലും! 

'രസം അതല്ല സാറേ... അന്ന് വേട്ടക്കാരാണെന്ന് കരുതി ഒളിച്ച് നിന്നശേഷം അരണ്ട വെളിച്ചത്തിൽ വാറ്റുകാരെ കണ്ടപ്പോൾ ശരിക്കും ആരാണെന്ന് തിരിച്ചറിയാഞ്ഞിട്ടും വിളിയും അട്ടഹാസവും മുഴക്കിയതല്ലാതെ നമ്മുടെ ഫോറസ്റ്റർ വെടി വയ്ക്കാതെന്താണെന്ന് സാറ് ചോദിച്ചില്ലല്ലോ...' മോഹനൻ പറഞ്ഞത് ന്യായമായ സംശയം ആണ്. എനിക്കത് ചോദിക്കണമെന്ന് തോന്നിയിരുന്നില്ല എന്നത് വാസ്തവവും. 

'ഉം...അതെന്താ അയാൾ വെടി വയ്ക്കാത്തത്...?' ഗൌരവത്തിൽത്തന്നെ ഞാൻ തുടർന്നു. പിന്നെ അതിന് മറുപടിയും ഞാൻ തന്നെ പറഞ്ഞു. 'അതെനിക്കറിയാം. വെടിയേറ്റ് ആരെങ്കിലും ചത്തുപോയാൽ പുലിവാലാകുമെന്ന് പേടിച്ചായിരിക്കും. അല്ലേ..?' ഇതിലൊക്കെ എന്തിരിക്കുന്നുവെന്നും എനിക്ക് അതൊക്കെ നന്നായി അറിയാം എന്ന മാതിരിയുമാണ് ഞാനത് പറഞ്ഞത്.

ഓപ്പറേഷനുകളിൽ ആവേശം പൂണ്ട് എടുത്ത് ചാടിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഓഫീസറെന്ന നിലയിൽ ഞാൻ സദാ ജാഗരൂകനാണല്ലോ എന്നെന്റെ മനസ്സിൽ അപ്പോൾ സ്വയം തോന്നിക്കാണണം. ശരിക്കും എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നിയ നിമിഷങ്ങൾ. പക്ഷെ, അപ്പോൾ മോഹനന്റെ മറുപടി എന്നെ അമ്പരപ്പിച്ചു കളഞ്ഞു! 

'ഒലക്കേട മൂട്...ഈ സാറിതെന്തോന്നാണ് വിചാരിക്കണത്… എന്റെ പൊന്നുസാറേ നമ്മുടെ കാര്യം വലിയ കഷ്ടമാണ്. അതൊക്കെ സാറ് സർവ്വീസിൽ കേറുമ്പോ അറിയാമ്പോണേ ഉള്ളൂ. ജന്മത്ത് സർവ്വീസ് ചെയ്യാതേയും 'പുൾത്രൂ' (Pull Through) അടിക്കാതേയും വച്ചിരുന്ന ആ തോക്കിന്റെ ബാരലിൽ നിറച്ച് തുരുമ്പായിരുന്നു. അതുവച്ച് ആരെയെങ്കിലും വെടിവച്ചാൽ പുറത്തോട്ട് പോകാതെ ഉണ്ട അകത്തിരുന്ന് പൊട്ടി വെടിവയ്ക്കണവൻ തന്നെ ആദ്യം ചാകും. അതുകൊണ്ടാ...!' 

ആകെ ചൂളിപ്പോയ ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല. മോഹനൻ അന്ന് എന്നോട് പറഞ്ഞ ആ നഗ്‌നസത്യം ചിലയിടത്തെങ്കിലും ഇന്നും ബാധകമാണെന്ന് മാത്രം പറയാം. അതിന്റെ പേരിൽ പഴയ വനംവകുപ്പുകാർ ആരും എന്നെ 'എടുത്ത് ഉടുക്കാൻ' വരില്ലെന്ന് പ്രതീക്ഷിച്ചോട്ടെ! എന്തായാലും പണ്ട് ഞാൻ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ ആണ്ടിലും ആവണിക്കും ആണ് പുൾത്രൂവും ക്‌ളീനിംഗും ഒക്കെ നടത്തിയിരുന്നത്. അതും എഴുതി അനുവാദം വാങ്ങി ഏതെങ്കിലും പൊലീസ് ക്യാമ്പുകളിൽ കൊണ്ടുപോയിട്ട്! ഇന്നൊക്കെ വലിയ മാറ്റങ്ങൾ വനംവകുപ്പിലും വന്നിട്ടുണ്ട്. ഞാനിങ്ങനെ പറഞ്ഞുവെന്ന് കരുതി സമാധാന പ്രിയരായ വായനക്കാർ ആരും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ഹാലിളകി നിൽക്കുന്ന വനംവകുപ്പുകാരുടെ കൈയ്യിലിരിക്കുന്ന നിറതോക്കിന് മുന്നിൽ ചെന്ന് മാറ് വിരിച്ച് കാട്ടികൊടുക്കില്ല എന്ന് പ്രത്യാശിക്കുന്നു! 

അറിഞ്ഞുകൊണ്ടല്ലെങ്കിൽക്കൂടി മോഹനൻ തന്നെ നടത്തിയതും അല്ലെങ്കിൽ അയാൾ അറിയാതെ പങ്കുകാരനായതുമായ ചാരായ റെയ്ഡിന്റെ കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. വർഷങ്ങൾക്ക് ശേഷം മോഹനനും കൂട്ട് സ്റ്റാഫും കൂടി രാവിലെ മുതൽ പൊരിവെയിലത്ത് ഫീൽഡിൽ 'പെരാമ്പുലേഷൻ' (Perambulation – കാൽനടയായുള്ള ചുറ്റിസഞ്ചാരം) കഴിഞ്ഞ് തളർന്ന് മടങ്ങുകയായിരുന്നു. അപ്പോൾ ഇറക്കത്തിലെ 'ഓലി'യ്ക്ക് (ചെറിയ കുളം) അടുത്തായി ഈറക്കാടുകളിൽനിന്ന് പുകച്ചുരുളുകൾ ഉയരുന്നു. അപ്പോഴേയ്ക്കും മൂന്നുനാല് കൊല്ലത്തെ സർവ്വീസുള്ള മോഹനനും കൂട്ടുസ്റ്റാഫിനും അത് കള്ളവാറ്റ് ആണെന്ന് മനസ്സിലാക്കാൻ പ്രത്യേകിച്ച് ബുദ്ധി വേണ്ടായിരുന്നു,  കോമൺസെൻസ് മാത്രം മതിയായിരുന്നു! 

അവർ കുറച്ചു കൂടി അടുത്ത് ചെന്ന് കാതോർത്തു. വാറ്റുകാർ നാലഞ്ച് പേരുണ്ട് എന്നുറപ്പാണ്. സ്റ്റാഫുകളോ രണ്ടേ രണ്ടുപേർ മാത്രവും! ഇരുവരും കൂടി കൊഴിഞ്ഞ ഉണക്കയിലകൾ മൂടിക്കിടന്ന ഈറക്കാട്ടിനിടയിലൂടെ ശബ്ദമുണ്ടാക്കാതെ പതിയെപ്പതിയെ താഴേയ്ക്ക് ഇറങ്ങിത്തുടങ്ങി. ആരൊക്കെയാണ് വാറ്റുകാർ എന്നെങ്കിലും അറിയാനാകുമല്ലോ. പലപ്പോഴും നിലത്തടിഞ്ഞ് കിടക്കുന്ന മിനുസമാർന്ന ഉണക്കഈറയിലകളിൽച്ചവിട്ടി അടിതെറ്റാതിരിക്കുവാൻവശങ്ങളിൽ നിൽക്കുന്ന ഈറക്കമ്പുകളിൽ പിടിച്ചാണ് ഇറക്കം. അതിനിടിയിലാണ് ആ മഹാബദ്ധം വന്ന് പിണഞ്ഞത്! ഇലമൂടിക്കിടന്ന ഉരുളൻ കല്ല് ഷൂവിട്ട മോഹനന്റെ ചവിട്ടടിയിൽ നിന്നൂർന്ന് താഴേക്ക് പാഞ്ഞു. കാടിനകത്തെ നിശ്ശബ്ദമായ അന്തരീക്ഷത്തിൽ അടിഞ്ഞു കിടക്കുന്ന ഉണക്ക ഈറയിലകളിലൂടെ വലിയ ഒച്ചയുണ്ടാക്കി കല്ല് താഴേയ്‌ക്കെത്തുന്ന ശബ്ദം കേട്ട വാറ്റ് സംഘാംഗങ്ങൾ ഞെട്ടിത്തരിച്ച് മുകളിലേയ്ക്ക് നോക്കി. പിന്നെ ആ രണ്ട് സ്റ്റാഫുകൾക്കും മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഓടി അവരുടെ അടുത്തേയ്ക്ക് എത്തുന്നത് ബുദ്ധിമോശമാകുമെന്ന് ഇരുവർക്കും അറിയാമയിരുന്നു.

അപ്പോൾ തോന്നിയ ബുദ്ധിയിൽ യൂണിഫോമിലെ വിസിൽ കോഡിൽ കിടന്ന വിസിൽ എടുത്ത് ശ്വാസകോശം പൊട്ടുമാറ് ശ്വാസം നിറച്ച് ഇരുവരും ആവുന്നത്ര ശക്തിയിൽ ഊതി! അത് കേൾക്കെ വാറ്റുകളത്തിൽ മുന്നോടിയായി ശമയലിൽ ഏർപ്പെട്ടിരുന്ന നാൽവർ സംഘം കരുതിയത് അതിശക്തരായ വനപാലകരുടെ വലിയ ടീമിനാൽ വലയം ചെയ്യപ്പെട്ട് കഴിഞ്ഞെന്നും ഏത് നിമിഷവും പിടിയാലാവാം എന്നുമായിരുന്നു. അതോടെ അവർ ജീവനും കൊണ്ടോടി! കാട്ടുപൊന്തകൾ ചവിട്ടി മെതിച്ചുകൊണ്ട് ഓടിയകലുന്ന കാൽപ്പെരുമാറ്റം കേട്ടിട്ടും കുറെ നേരം കഴിഞ്ഞതിന് ശേഷമാണ് അങ്ങോട്ടിറങ്ങി ചെല്ലാൻ മോഹനനും കൂട്ടാളിയും ധൈര്യപ്പെട്ടത്. പക്ഷെ അവിടെ ചെന്നപ്പോഴത്തെ കാഴ്ച്ച!

വലിയ അലൂമിനിയം കലത്തിൽ വെന്ത് തൂവിക്കിടക്കുന്ന കുത്തരിച്ചോറ്. വലിയ ആർഭാടങ്ങൾ ഒന്നും അവകാശപ്പെടാനില്ലെങ്കിലും അടുപ്പിൽ ഉള്ളി മാത്രം ഇട്ടുണ്ടാക്കിയ 'എന്തിനോ വേണ്ടി തിളയ്ക്കുന്ന' സാമ്പാറും പിന്നെ ചാളക്കരുവാട് (ഉണക്കമീൻ) വറുത്തതും. പോരാത്തതിന് കൂട്ടത്തിലെ ഏതോ ഒരുത്തന് നല്ലപാതി സ്‌നേഹത്തോടെ കൊടുത്തുവിട്ട കടുമാങ്ങാ അച്ചാറും! ആനന്ദലബ്ധിക്കിനിയെന്ത് വേണം. നീണ്ട ആറുനാളുകൾ കൊണ്ട് നാല്പത് കിലോയ്ക്ക് മുകളിൽ ശർക്കര കലക്കി ഈസ്റ്റും കാരീഞ്ചപ്പട്ടയും ഇട്ടുപുളിപ്പിച്ച് തയ്യാറാക്കിയെടുത്ത കോടയുടെ ബാഷ്പീകരണവും നീരാവിയുടെ സാന്ദ്രീകരണവും ഉൾപ്പടെയുള്ള രാസപ്രക്രിയകളൊന്നും തന്നെ അവിടെ തുടങ്ങിയതായി കാണുന്നില്ല. വാഷ് വലിയ കന്നാസുകളിൽ അരികത്ത് തന്നെ ഇരുപ്പുണ്ട്. 

നിയന്ത്രണം വിട്ടുപോയ ഉദ്യോഗസ്ഥന്മാർ അവിടെ 'തേക്കലിൽ' കണ്ട (വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം) 'കൂവയില' (Maranta arundinacea) കുറച്ചെണ്ണം പൊട്ടിച്ചെടുത്ത് നിലത്തങ്ങോട്ട് വിരിച്ചു. കൈകൾ കഴുകാനൊന്നും മിനക്കെട്ടില്ല. പിന്നെ കയിലിൽ കോരിയെടുത്ത ആവി പറക്കുന്ന ചോറും ചൂട് സാമ്പാറും കടുമാങ്ങായും കൂട്ടി ഉണക്കമീനിന്റെ ആർഭാടത്തിൽ കുശാലായൊരു തട്ടങ്ങോട്ട് തട്ടി. ജീവനും കൊണ്ട് ഓടിപ്പോയ വാറ്റുകാർ മണിക്കൂറുകൾ കഴിയാതെ എന്തായാലും കൃത്യസ്ഥലം സന്ദർശിക്കാനിടയില്ലെന്ന് അവർക്കുറപ്പായിരുന്നു! 

അറിയാതെ ആണെങ്കിലും ആവശ്യത്തിന് ഉപകരിച്ച അന്നദാതാക്കളോട് ക്ഷമിക്കാനാണ് മഹാമനസ്‌കരായ മോഹനനും കൂട്ടുകാരനും പിന്നീട് തോന്നിയത്. കാരണം വിശപ്പിന്റ തീവ്രതയും ആഹാരത്തിന്റെ വിലയും ലേശം മുൻപ് അവർ നേരിട്ട് അനുഭവിച്ചതാണല്ലോ. അതുകൊണ്ടുതന്നെ കന്നാസുകളിലിരുന്ന ആ വാഷ് പോലും നശിപ്പിക്കാതെ കഞ്ഞിയും കറികളും പോലും ബാക്കി വച്ച് ഇരുവരും പെട്ടെന്ന് തന്നെ തിരിച്ചുപോക്കിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അപ്പോഴാണ് അവിടെ തലപ്പ് വെട്ടിയ ഈറക്കുറ്റികളിൽ തൂക്കിയിട്ട രണ്ട് ഉടുപ്പുകൾ കാണുന്നത്. അത് പാചകത്തിന് നിന്നിരുന്നവരുടേത് ആകാനാണ് വഴി. എരിയുന്ന അടുപ്പിലെ തീയും പുകയും കൂടി വന്നപ്പോൾ വിയർത്തു മുഷിയാതെ അഴിച്ച് തൂക്കിയതാകണം. ജോലി കഴിഞ്ഞ് എടുത്തിടാമല്ലോ എന്ന് കരുതി. 

താമസംവിനാ അവയും പരിശോധനയ്ക്ക് വിധേയമാക്കി. ഒന്നിന്റെ പോക്കറ്റിൽ പനാമ സിഗററ്റിന്റെ ഇരുപതിന്റെ പാക്കറ്റും പഴയ മൈനപ്പടമുള്ള തീപ്പെട്ടിയും. പിന്നെയോ...? അതെ, രണ്ട് ഷർട്ടുകളുടേയും തെറുത്ത് കയറ്റി വച്ചിരുന്ന കയ്യിന്റെ മടക്കുകളിൽ ഒളിപ്പിച്ചിരുന്ന നോട്ടുകളും പോക്കറ്റുകളിൽക്കിടന്ന ചില്ലറകളും ഉൾപ്പടെ എണ്ണി ചിട്ടപ്പെടുത്തിയാൽ ആയിരത്തി ഒരുന്നൂറ്റി മുപ്പത്തി അഞ്ച് രൂപാ മാത്രം! തീരെ മോശമില്ലാത്ത സംഖ്യ തന്നെ.

(അവസാനിക്കുന്നില്ല)