ശബരിമല: അയ്യപ്പഭക്തരുടെ വ്യക്തിവിവരങ്ങൾ ശേഖരിച്ച്, അവരുടെ പേരിൽ ട്രാവൽ ഏജൻസികൾ ശബരിമല സന്നിധാനത്തെ മുറികൾ കൂട്ടത്തോടെ ഓൺലൈനിൽ ബുക്ക് ചെയ്യുന്നു. ഒരു ഐ.പി. വിലാസത്തിൽനിന്ന് ഒരു മുറിമാത്രമേ ബുക്ക് ചെയ്യാനാകൂ എന്ന ദേവസ്വം ബോർഡിന്റെ നിയന്ത്രണം മറികടന്നാണിത്. ഭക്തരെ ചൂഷണംചെയ്ത് ലാഭമുണ്ടാക്കാൻ ഏജൻസികൾ ബുക്കിങ് പ്ലാറ്റ്ഫോമിൽ നടത്തുന്ന ക്രമക്കേട് സൈബർ പോലീസ് അന്വേഷിക്കണമെന്ന്, ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി.

To advertise here,

ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നിർദേശപ്രകാരം, ദേവസ്വം വിജിലൻസ് എസ്.പി. വി. സുനിൽകുമാർ 25-ന് ‘കൈലാസ്’ ഉൾപ്പെടെയുള്ള ഗസ്റ്റ് ഹൗസുകളിൽ പരിശോധന നടത്തിയിരുന്നു. തീർഥാടകരല്ലെന്ന് സംശയം തോന്നിയവരെ ചോദ്യംചെയ്തപ്പോൾ, അവർ ഒരു ട്രാവൽസിന്റെ ജീവനക്കാരാണെന്നും ടൂർ മാനേജർ, പിൽഗ്രിം മാനേജർ എന്നീനിലകളിൽ തീർഥാടകർക്കൊപ്പം എത്തിയതാണെന്നും വ്യക്തമായി. ഈ ഏജൻസി ആദിവസംമാത്രം 21 മുറി ബുക്ക് ചെയ്തിരുന്നു. ഇതിൽ 15 എണ്ണം ‘സഹ്യാദ്രി’ ഗസ്റ്റ് ഹൗസിലാണ്. 14 മുറിക്ക് 3070 രൂപവീതവും ഒരു മുറിക്ക് 1740 രൂപയുമാണ് അടച്ചിരുന്നത്.

ഏജൻസിയുടെ ഡയറക്ടർമാർതന്നെയാണ് തീർഥാടകർക്കുവേണ്ടി ഓൺലൈനിൽ മുറികൾ ബുക്ക് ചെയ്തിരുന്നതെന്ന്, അക്കോമഡേഷൻ ഓഫീസിലെ രേഖകൾ പരിശോധിച്ചും തീർഥാടകരെ ബന്ധപ്പെട്ടും വിജിലൻസ് സ്ഥിരീകരിച്ചു. ഇവർ വെർച്വൽ ക്യൂ ബുക്കിങ്ങും നടത്തിയിരുന്നു. മുറികൾ തീർഥാടകരുടെ പേരിലായതിനാൽ, അവർതന്നെ കൗണ്ടറിലെത്തി താക്കോൽ വാങ്ങും. നട തുറന്നതുമുതൽ എല്ലാ ദിവസവും ഈ ഏജൻസിവഴി തീർഥാടകർ എത്തുന്നുണ്ട്. പല ഏജൻസികളുടെയും ജീവനക്കാർ, വിജിലൻസ് നൽകുന്ന തിരിച്ചറിയൽ കാർഡോ വെർച്വൽ ക്യൂ പാസോ ഇല്ലാതെയാണ് സന്നിധാനത്ത് താമസിച്ച്‌ പ്രവർത്തിക്കുന്നത്‌.

സന്നിധാനത്ത് താമസസൗകര്യം പരിമിതമാണ്. കൂട്ട ബുക്കിങ് തടഞ്ഞ് മുറികൾ നീതിപൂർവവും സുതാര്യവുമായി അനുവദിക്കാൻ ഐ.ടി. വിദഗ്ധരുമായി ആലോചിച്ച് ദേവസ്വം ബോർഡ് അടിയന്തരനടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മുറികൾ ബുക്കുചെയ്ത ഏജൻസികളുടെ പേരിൽ കേസെടുക്കാൻ നിർദേശിക്കുമെന്ന്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

വെർച്വൽ ക്യൂ ബുക്കിങ്ങിലും ക്രമക്കേട് സംശയം

വെർച്വൽ ക്യൂ ബുക്കുചെയ്തിട്ട് തീർഥാടകർ എത്താത്തതിനുപിന്നിലും ട്രാവൽ ഏജൻസികളുടെ ഇടപെടലെന്ന സംശയം ഏറി. ദേവസ്വം ബോർഡിന്റെ സൈറ്റിൽ ദർശനത്തിന് സ്ലോട്ട് ഒഴിവില്ലെന്ന് കാണിച്ച ദിവസങ്ങളിൽത്തന്നെ, ചില ട്രാവൽ ഏജൻസികളുടെ സൈറ്റിൽ സ്ലോട്ട് ലഭ്യമാണെന്ന പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഭക്തരിൽനിന്ന് കൂട്ടമായി ബുക്കിങ്ങിന് തിരിച്ചറിയൽ വിവരങ്ങളുൾപ്പെടെ ഏജൻസികൾ ശേഖരിച്ചതും അധികൃതരുടെ ശ്രദ്ധയിലെത്തിയിട്ടുണ്ട്.