
തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം വിമാനത്താവളത്തിനോടു ചേര്‍ന്നുള്ള ഹാങ്ങര്‍ യൂണിറ്റിലേക്കു മാറ്റും. യുദ്ധവിമാനം, എയര്‍ ഇന്ത്യയുടെ വിമാന അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രമായ ഹാങ്ങര്‍ യൂണിറ്റിലേക്കു മാറ്റാമെന്ന് നേരത്തേ ഇന്ത്യന്‍ വ്യോമസേന ബ്രിട്ടീഷ് അധികൃതരോടു പറഞ്ഞിരുന്നു.
എന്നാല്‍, അന്ന് ബ്രിട്ടീഷ് അധികൃതര്‍ ഇതു നിഷേധിച്ചിരുന്നു. എന്നാല്‍, രണ്ടാഴ്ച കഴിഞ്ഞിട്ടും വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഹാങ്ങര്‍ യൂണിറ്റിലേക്കു മാറ്റുന്നത്. വിമാനം സുരക്ഷിതമായി ഹാങ്ങര്‍ യൂണിറ്റിലേക്കു മാറ്റുമെന്നും എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനാകുമെന്നാണു പ്രതീക്ഷയെന്നും ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ വക്താവ് ന്യൂഡല്‍ഹിയില്‍ അറിയിച്ചു.
വിമാനത്തെ ഹാങ്ങര്‍ യൂണിറ്റിലേക്കു വലിച്ചുമാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ ബ്രിട്ടണില്‍നിന്ന് എത്തിക്കും. തിരുവനന്തപുരത്തുള്ള ഉപകരണങ്ങള്‍കൊണ്ട് അത്യാധുനിക യുദ്ധവിമാനത്തെ വലിച്ചുനീക്കിയാല്‍ സാങ്കേതികത്തകരാറുണ്ടാകാമെന്ന ആശങ്കയിലാണ് വിദേശത്തുനിന്നുതന്നെ ഉപകരണങ്ങള്‍ എത്തിക്കുന്നത്. വിമാനം നന്നാക്കാന്‍ ഇംഗ്ലണ്ടില്‍നിന്നു വിദഗ്ദ്ധരെത്തുമ്പോഴായിരിക്കും ഉപകരണങ്ങളും കൊണ്ടുവരിക.
40 അംഗ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തെത്തുന്നത്. നേരത്തേ ബ്രിട്ടണില്‍നിന്ന് അഞ്ചുപേര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇവരുടെ മേല്‍നോട്ടച്ചുമതലയിലാണ് നിലവില്‍ യുദ്ധവിമാനം സൂക്ഷിച്ചിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 40 അംഗ വിദഗ്ദ്ധസംഘം കേരളത്തിലേക്കെത്തുന്നത്. എഫ്-35 നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്കീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഇക്കൂട്ടത്തിലുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ രണ്ടാഴ്ചയോളമായി കനത്ത മഴയില്‍ തുറന്ന സ്ഥലത്ത് എഫ്-35 നിര്‍ത്തിയിട്ടാണ് തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചത്. എഫ്-35, മറ്റൊരു രാജ്യത്തിന്റെ അധീനതയിലുള്ള അറ്റകുറ്റപ്പണി കേന്ദ്രത്തിലേക്കു മാറ്റേണ്ടതില്ല എന്നതായിരുന്നു നേരത്തേ ബ്രിട്ടീഷ് സംഘത്തിന്റെ തീരുമാനം. മണ്‍സൂണ്‍ സാഹചര്യമായതിനാല്‍ പണികള്‍ നടത്തുന്നതിന് താത്കാലിക ഷെഡ്ഡുപോലുള്ള സംവിധാനമൊരുക്കാമെന്ന വ്യോമസേനയുടെ നിര്‍ദേശവും ബ്രിട്ടണ്‍ നിരസിച്ചിരുന്നു.
വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലാണ് എഫ്-35. അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35, ഇന്ധനക്കുറവുണ്ടായതിനെ തുടര്‍ന്നാണ് 14-ന് രാത്രിയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.
എഫ് 35 പൈലറ്റ് വിമാനത്തിന്റെ അടുത്തിരുന്നത് സാധാരണ പെരുമാറ്റമെന്ന് യുഎസ് നേവി മുന്‍ വൈമാനികന്‍
തിരുവനന്തപുരം: ബ്രിട്ടണിന്റെ അമേരിക്കന്‍ നിര്‍മിത എഫ് 35 യുദ്ധവിമാനം അടിയന്തരസാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയശേഷം പൈലറ്റ് വിമാനത്തിന്റെ അടുത്തുനിന്നു മാറാന്‍ വിസമ്മതിച്ചത് ഇത്തരം സാഹചര്യങ്ങളില്‍ പാലിക്കേണ്ട സ്റ്റാന്‍ഡേഡ് പ്രോട്ടക്കോള്‍ പ്രകാരമാണെന്ന് യുഎസ് നേവിയുടെ മുന്‍ പൈലറ്റ്.
അമേരിക്കന്‍ എഴുത്തുകാരനും യുഎസ് നാവികസേനയ്ക്കുവേണ്ടി എഫ് എ-18 ഹോര്‍ണറ്റ് യുദ്ധവിമാനം പറത്തുകയും ചെയ്തിട്ടുള്ള സി.ഡബ്ല്യു. ലെമോയ്ന്‍ ആണ് ഇതുസംബന്ധിച്ച് വിശദീകരണവുമായി എത്തിയത്. രാജ്യത്തിന്റെ പ്രതിരോധസംബന്ധമായ ലേഖനങ്ങള്‍ അപ്ലോഡ് ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങിലാണ് മാതൃഭൂമി വാര്‍ത്തയെ ചുവടുപിടിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്.
ജൂണ്‍ 14-ന് രാത്രി വൈകിയാണ് എഫ് 35 വിമാനം തിരുവനന്തപുരത്ത് ഇറങ്ങുന്നത്. വിമാനം ഇറങ്ങിയശേഷം പരിസരം വിട്ടുപോകാന്‍ വിസമ്മതിച്ച പൈലറ്റ് മൈക്ക് വിമാനം കാണാവുന്ന തരത്തില്‍ കസേരയിട്ടിരുന്ന വിവരം മാതൃഭൂമി വാര്‍ത്തയിലുണ്ടായിരുന്നു. ഈ സംഭവം വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അഞ്ചാം തലമുറയില്‍പ്പെട്ട അത്യാധുനിക സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ ഉള്‍പ്പെടുന്ന ഫൈറ്റര്‍ വിമാനങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍പ്പെടുമ്പോള്‍ പൈലറ്റ് പാലിക്കേണ്ട സ്റ്റാന്‍ഡേഡ് പ്രോട്ടക്കോളാണിതെന്ന് ലെമോയ്ന്‍ ചൂണ്ടിക്കാട്ടുന്നു. വിമാനത്തിന്റെ രഹസ്യാത്മകത സംരക്ഷിക്കുന്നതിനും അതിലടങ്ങിയിട്ടുള്ള നിഗൂഢ വിവരങ്ങള്‍ ചോര്‍ത്തുന്നതു തടയുന്നതിനും പൈലറ്റിന് ഉത്തരവാദിത്വമുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു.
രണ്ടാഴ്ചയായി വെയിലും മഴയുമേറ്റ് പുറത്തുകിടക്കുന്ന എഫ് 35 എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്കു മാറ്റാന്‍ ബ്രിട്ടണ്‍ ആദ്യം തയ്യാറാവാതിരുന്നതും ഇതൊക്കെ കണക്കിലെടുത്താണ്. സാങ്കേതികത്തകരാര്‍ പരിഹരിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് ഹാങ്ങറിലേക്കു മാറ്റാന്‍ ഇപ്പോള്‍ തയ്യാറായിട്ടുള്ളത്.
Content Highlights: uk fighter jet f 35 grounded at thiruvananthapuram airport will be moved to airport hanger
Published: 26 Jun 2025, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented