ബീജിംഗ്: ചൈനയുടെ ആദ്യത്തെ ആറാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ J-36ൽ ഘടിപ്പിക്കാൻ ശേഷിയുള്ള ഉയർന്ന ഊർജ്ജത്തിലുള്ള ലേസർ ആയുധ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ചൈനീസ് പ്രതിരോധ മേഖല പുറത്തുവിട്ടു. ചെങ്ഡു എയറോസ്പേസ് കോർപ്പറേഷൻ (CAC) നിർമ്മിച്ച ഈ ഭീമൻ യുദ്ധവിമാനം 2024 ഡിസംബറിലാണ് ആദ്യമായി നിരീക്ഷണത്തിൽ പെട്ടതും കന്നിപ്പറക്കൽ നടത്തിയതും. ബീജിംഗിൽ നടന്ന 14-ാമത് ചൈന ഇന്റർനാഷണൽ ഡിഫൻസ് ഇലക്ട്രോണിക്‌സ് എക്‌സിബിഷനിൽ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈന( AVIC)യുടെ ബീജിംഗ് പ്രെസിഷൻ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ ലേസർ സിസ്റ്റത്തിന്റെ വിവരങ്ങൾ പ്രദർശിപ്പിച്ചത്. 380 കിലോഗ്രാമിൽ താഴെ മാത്രം ഭാരമുള്ള ഈ സിസ്റ്റത്തിന് 100 കിലോവാട്ടിൽ കൂടുതൽ (100kW+) പ്രഹരശേഷിയുണ്ടെന്നാണ് അവകാശവാദം. മൈക്രോറേഡിയൻ (microradian RMS) തലത്തിലുള്ള ഉയർന്ന ഡൈനാമിക് ട്രാക്കിംഗ് കൃത്യത ഇതിനുണ്ട്. ടെലിസ്‌കോപ്പുകളുടെയും ഒപ്റ്റിക്കൽ ഉപകരണങ്ങളുടെയും കൃത്യത അളക്കാനുപയോഗിക്കുന്ന യൂണിറ്റാണ് മൈക്രോ റേഡിയൻ. ലേസർ ആയുധങ്ങളിൽ ആ അളവ് എത്രത്തോളം കുറയുന്നോ അത്രത്തോളം നശീകരണ ശേഷിയും അതിനുണ്ടാകും. ചൈന വികസിപ്പിച്ച ഈ പുതിയ ലേസർ ആയുധത്തിന് അതിവേഗത്തിൽ പറക്കുന്ന യുദ്ധവിമാനത്തിന്റെ കമ്പനം, കാറ്റിന്റെ തടസ്സങ്ങൾ, വിമാനത്തിന്റെ തിരിവുകൾ എന്നിവയ്ക്കിടയിലും ലേസർ ബീം ചിതറിപ്പോകാതെ ഒരു ബിന്ദുവിൽ തന്നെ കേന്ദ്രീകരിച്ച് നിർത്താൻ സാധിക്കും.

To advertise here,

ഇതിനൊപ്പം പല ദിശകളിലേക്ക് വേഗത്തിൽ തിരിക്കാൻ കഴിയുന്ന ഒരു ബോൾ-ടൈപ്പ് ഗിംബൽഡ് ബീം ഡയറക്ടർ (gimballed beam director) വഴിയാണ് ലേസർ ബീം ശത്രു ലക്ഷ്യങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നത്. അതിനാൽ പല ദിശകളിൽ നിന്നുള്ള ആക്രമണങ്ങളെ ഇതിന് പ്രതിരോധിക്കാൻ സാധിക്കും. ഏകദേശം 10 കിലോമീറ്റർ വരെയുള്ള പരിധിയിൽ വരുന്ന മിസൈലുകൾ, ഡ്രോണുകൾ എന്നിവയുടെ പുറംചട്ടയും ഇലക്ട്രോണിക് ഘടകങ്ങളും കരിച്ചു തകർക്കാൻ ഈ ലേസറിന് ശേഷിയുണ്ട്. ടെയിൽ ലെസ് ഫ്‌ളയിങ് വിങ് (tailless flying-wing) ഡിസൈനിലുള്ള ഈ വിമാനത്തിന് മൂന്ന് എഞ്ചിനുകളാണുള്ളത്. ഏകദേശം 45 മുതൽ 55 ടൺ വരെ ഭാരമുള്ള ഈ വലിയ യുദ്ധവിമാനത്തിന് ലേസർ സംവിധാനങ്ങൾക്കാവശ്യമായ വൻതോതിലുള്ള ഊർജ്ജം ഉത്പാദിപ്പിക്കാൻ സാധിക്കും.

രണ്ടു പൈലറ്റുമാർക്ക് ഇരിക്കാവുന്ന സൈഡ്-ബൈ-സൈഡ് കോക്ക്പിറ്റും ആയുധങ്ങൾ സൂക്ഷിക്കുന്ന മൂന്ന് ഇന്റേണൽ വെപ്പൺ ബേയും വിമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചൈനീസ് ഗവേഷകർ ലേസറുകളിൽ ഉണ്ടാകുന്ന അമിത ചൂട് ഒഴിവാക്കാനുള്ള പുതിയ കൂളിംഗ് സാങ്കേതികവിദ്യ വികസിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ ഇവ ഉപയോഗിക്കുമ്പോഴുള്ള അമിതമായ ചൂടുമൂലം വിമാനം ഇൻഫ്രാറെഡ് റഡാറുകളിൽ പെടാതെ മറയ്ക്കാൻ സാധിക്കും. അമേരിക്ക തങ്ങളുടെ വിമാനങ്ങളിൽ ലേസർ പോഡുകൾ ഘടിപ്പിക്കാനുള്ള ഷീൽഡ് (SHiELD) പദ്ധതി ഭാരവും അമിത ചൂടും കാരണം 2024-ൽ നിർത്തിവെച്ച പശ്ചാത്തലത്തിലാണ് ചൈനയുടെ ഈ മുന്നേറ്റമെന്നതാണ് ശ്രദ്ധേയം. അതേസമയം നിലവിൽ ജെ-36 പ്രോട്ടോടൈപ്പിൽ ഈ ലേസർ ആയുധം പൂർണ്ണമായി ഘടിപ്പിച്ച് പരീക്ഷണം നടത്തിയിട്ടുണ്ടോ എന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാൽ തന്നെയും ചൈനയുടെ നേട്ടം യുഎസിന് ഭീഷണിയാണ്.

പരമ്പരാഗത മിസൈലുകൾ ഉപയോഗിച്ചുള്ള പ്രതിരോധത്തിന് വൻ തുക ചെലവാകുമ്പോൾ, ലേസർ ആയുധങ്ങൾ ഉപയോഗിച്ച് വളരെ കുറഞ്ഞ ചെലവിൽ പരിധിയില്ലാതെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സാധിക്കും എന്നതാണ് ലേസർ ആയുധങ്ങളുടെ പ്രത്യേകത. വിമാനത്തിന്റെ എൻജിനുകൾ പ്രവർത്തിക്കുന്ന സമയത്തോളം ഈ ആയുധം പ്രയോഗിക്കാനാകും. അമേരിക്കയുടെ ആറാം തലമുറ വിമാനമായ എഫ്-47 പദ്ധതികൾ വികസന ഘട്ടത്തിലായിരിക്കെ, ചൈന തുടർച്ചയായി പ്രോട്ടോടൈപ്പുകൾ പരീക്ഷിച്ച് വേഗത്തിൽ മുന്നേറുന്നത് യുഎസിന് വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വാർത്തകൾ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നുണ്ട്. ഡയറക്ട് എനർജി ആയുധങ്ങളുടെ രംഗത്ത് ഇന്ത്യയും മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും അത് വിമാനങ്ങളിൽ ഉപയോഗിക്കാൻ തക്ക രീതിയിലേക്ക് വളർന്നിട്ടില്ല.