
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് 200 കോടി രൂപ അടിയന്തരമായി പിൻവലിച്ച് സംസ്ഥാന ട്രഷറിയിലേക്ക് അടയ്ക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. സർക്കാർ ഇന്ന് ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതോടെ ഉത്തരവിൽ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി രംഗത്തെത്തി. നവംബർ 18 നാണ് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി നഗരസഭ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കത്ത് നൽകിയത്. കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും നിക്ഷേപിക്കണമെന്നും നവംബർ 24 നുള്ളിൽ തീരുമാനം എടുക്കണമെന്നും നിർദേശമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സർക്കാർ ഫണ്ട് മാറ്റം നീക്കം നടത്തുന്നത് നഗരസഭ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ വേണ്ടിയാണെന്ന് ബിജെപി പ്രതികരിച്ചു.
ഫണ്ട് മാറ്റാനുള്ള ശ്രമത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. നിശ്ചിത കാലയളവിലേയ്ക്ക് എന്ന് പറയുമ്പോഴും എപ്പോൾ ഫണ്ട് തിരിച്ച് കിട്ടുമെന്നതിൽ ഉറപ്പില്ലെന്നതും ബിജെപിയെ ആശങ്കയിലാക്കുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി എൻഡിയെ ഭരണസമിതി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്.
'തിരുവനന്തപുരം നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് 200 കോടി രൂപ അടിയന്തരമായി പിൻവലിച്ച് സംസ്ഥാന ട്രഷറിയിലേക്ക് അടയ്ക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രതിഷേധാർഹമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത്, പുതിയ നഗരസഭ അധികാരത്തിൽ വന്നിട്ടില്ലാത്ത സാഹചര്യത്തിലും ഒരു ഡിവിഷനിൽ കൂടി തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിരിക്കുന്ന സന്ദർഭത്തിലാണ് സർക്കാരും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ചേർന്ന് ധൃതിപിടിച്ച് പണം ട്രഷറിയിലേക്ക് മാറ്റാൻ ശ്രമം നടത്തുന്നത്. പുതിയ ഭരണസമിതി വരുന്ന സമയത്ത് പഴയ ഉത്തരവിന്റെ പേരും പറഞ്ഞു നഗരസഭയുടെ തനത് ഫണ്ട് മാറ്റുന്നത് നഗരസഭയുടെ പ്രവർത്തനം അട്ടിമറിക്കാനുള്ള ശ്രമം ആയിട്ട് മാത്രമേ കാണാൻ സാധിക്കൂ. ഈ ശ്രമത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ നിലനിൽക്കുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ സെക്രട്ടറിയുടെ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ തടയണമെന്നും ബിജെപി ആവശ്യപ്പെടുന്നു', ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്സ്. സുരേഷ് പ്രതികരിച്ചു.
കോർപ്പറേഷൻ്റെ ഫണ്ട് മാറ്റാനുള്ള ശ്രമം, പുതിയ ഭരണസമിതിയെ തകർക്കാൻ : കരമന ജയൻ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ്റെ തനത് ഫണ്ടിൽ നിന്ന് 200 കോടി അടിയന്തിരമായി ട്രഷറിയിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് പുതിയ ഭരണ സമിതിയെ പ്രതിസന്ധിയിലാക്കാനുള്ള ഗൂഡശ്രമങ്ങളുടെ ഭാഗമാണെന്ന് ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ.
പഴയ ഭരണസമിതിയുടെ കാലാവധി നവംബർ 11 ന് അവസാനിക്കുകയും, പുതിയ ഭരണ സമിതി നിലവിൽ വരാതിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി നഗരസഭാ സെക്രട്ടറിക്ക് മാത്രമായി കത്ത് കൊടുത്ത് നടത്തുന്ന ഈ നീക്കം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് സർക്കാരിലേക്ക് മാറ്റിയ തുകകൾ ഒന്നും തന്നെ തിരിച്ച് കൊടുക്കാത്ത ചരിത്രമുള്ള സംസ്ഥാന സർക്കാരും അതിനെ നയിക്കുന്ന സിപിഎമ്മും പുതിയതായി തിരുവനന്തപുരം നഗരസഭയുടെ അധികാരം ഏറ്റെടുക്കുന്ന ബിജെപി നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ പ്രവർത്തനങ്ങളെ തകർക്കാൻ ലഷ്യമിടുന്നതിൻ്റെ ആദ്യപടി ആയാണ് തകൃതിയായി ഫണ്ട് മാറ്റാനുള്ള ശ്രമമെന്നും അത്തരം ശ്രമങ്ങളെ തടയുമെന്നും കരമന ജയൻ പറഞ്ഞു
Content Highlights: Kerala govt orders Trivandrum Corporation to transfer ₹200 Cr from its own fund to state treasury. BJP alleges move aims to disrupt civic body operations. Read details.
Published: 18 Dec 2025, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented