പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിവാദപരാമർശവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിഹാറിൽ ഡോ. കൃഷ്ണ സിങ്ങിന്റെ 139-ാമത് ജന്മദിനാഘോഷച്ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു സംഭവം.

To advertise here,

ഖാർഗെ പ്രസംഗിക്കവേ, സദസ്സിൽനിന്നൊരാൾ മോദിയെ അനുകൂലിച്ച് സംസാരിച്ചതാണ് സംഭവങ്ങൾക്ക് തുടക്കംകുറിച്ചത്. മോദി എവിടെയും പോകില്ല എന്നായിരുന്നു സദസ്സിലുണ്ടായിരുന്നയാൾ പറഞ്ഞത്. ഇതിനോട്, മോദിയുടെ അച്ഛന് വരെ പോകേണ്ടിവരുമെന്നായിരുന്നു ഖാർഗെയുടെ മറുപടി. പിന്നാലെ മോദി അനുകൂല പരാമർശം നടത്തിയ ആളെ വേദിയിൽനിന്ന് നീക്കംചെയ്യുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.

പ്രസംഗത്തിൽ പ്രധാനമന്ത്രി മോദിയെ ഖാർഗെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ‘മോദിക്ക് കള്ളം പറയുന്ന ശീലമുണ്ട്. അധികാരത്തിലെത്തി ആദ്യ നൂറുദിവസത്തിനകം കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞു. എവിടെയാണ് ആ പണം എന്നാണ് എനിക്ക് ചോദിക്കാനുള്ളത്, ഖാർഗെ പറഞ്ഞു. ആർഎസ്എസിനെയും ഖാർഗെ വിമർശിച്ചു. രാജ്യത്ത് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം നിലനിൽക്കുന്നിടത്തോളം സമാധാനമുണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഖാർഗെയുടെ പരാമർശത്തിനെതിരേ രൂക്ഷപ്രതികരണവുമായി ബിജെപി രംഗത്തെത്തി. സാമൂഹികമാധ്യമമായ എക്സിലെ ഔദ്യോഗിക അക്കൌണ്ടിലൂടെ ആയിരുന്നു പ്രതികരണം.

‘ഒരുകാലത്ത് കള്ളന്മാരും സാമൂഹികവിരുദ്ധരും ഉപയോഗിച്ചിരുന്ന ഭാഷയാണ് ഇപ്പോൾ കോൺഗ്രസ് അധ്യക്ഷൻ പ്രയോഗിക്കുന്നത്. അവരുടെ യുവരാജാവ്, നിരാശയും അമർഷവും പ്രകടിപ്പിക്കുന്ന ചില സന്ദർഭങ്ങളിൽ തെരുവിൽ വനിതാപോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നു. മറ്റു ചിലപ്പോൾ സ്വന്തം പാർട്ടി നേതാക്കളുമായി പോലും ഉന്തുംതള്ളിലും ഏർപ്പെടുന്നു. അവരുടെ പ്രവർത്തനശൈലി മൊത്തത്തിൽ ഒരു മാഫിയയുടേതിന് സമാനമായി മാറിയിരിക്കുകയാണ്. ഇതൊരു രാഷ്ട്രീയ പാർട്ടിയല്ലാതായിരിക്കുന്നു ഒരു മാഫിയ സംഘത്തെയാണ് ഇത് ഓർമിപ്പിക്കുന്നത്’. 

‘ഖാർഗെ പറയുന്ന സ്വപ്നം സാക്ഷാത്കരിക്കാൻ, അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് പത്തുവർഷക്കാലം പയറ്റാവുന്ന എല്ലാ തന്ത്രങ്ങളും പയറ്റി. എന്നിട്ടും കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു. ഇന്ന്, അതേ സ്വപ്നം സാക്ഷാത്കരിക്കാൻ അവരുടെ മകൻ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അലയുകയാണ് ചിലപ്പോൾ വിയറ്റ്‌നാമിലേക്ക്, മറ്റു ചിലപ്പോൾ കൊളംബിയയിലേക്ക്. നിങ്ങളുടെ ഈ സ്വപ്നം ഒരിക്കലും യാഥാർഥ്യമാകാൻ രാജ്യത്തെ ജനങ്ങൾ അനുവദിക്കില്ല!, എന്നായിരുന്നു ബിജെപിയുടെ മറുപടി.