ന്യൂഡൽഹി: 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ശിരോമണി അകാലിദളും വീണ്ടും കൈകോർത്തേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. തങ്ങളുടെ ആശയങ്ങളോടും പദ്ധതികളോടും യോജിക്കുന്ന മറ്റ് രാഷ്ട്രീയ കക്ഷികളുമായി സഖ്യത്തിന് തയ്യാറാണെന്ന് അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ വെളിപ്പെടുത്തിയതാണ് സഖ്യസാധ്യതകൾക്ക് വീണ്ടും ജീവൻ നൽകിയത്. പഞ്ചാബിന്റെ ഏറ്റവും വലിയ രണ്ട് ശത്രുക്കൾ കോൺഗ്രസും ആം ആദ്മി പാർട്ടിയുമാണെന്ന് സുഖ്ബീർ സിങ് ബാദൽ ആരോപിച്ചു. അതിനാൽ ഈ പാർട്ടികളുമായി യാതൊരുവിധ രാഷ്ട്രീയ ധാരണയ്ക്കും സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ ആശയങ്ങളോട് യോജിക്കുന്ന മറ്റ് പാർട്ടികളുമായി സഹകരിക്കാൻ അകാലിദൾ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് അകാലിദൾ-ബി.ജെ.പി ഭരണകാലത്ത് പഞ്ചാബിൽ സമാധാനം നിലനിന്നിരുന്നുവെന്നും അടിസ്ഥാനസൗകര്യം, വ്യവസായം, വൈദ്യുതി ഉൽപ്പാദനം എന്നീ മേഖലകളിൽ സംസ്ഥാനം വലിയ വികസനം കൈവരിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ പരാമർശത്തോടെ സംസ്ഥാനത്ത് ഇരുപാർട്ടികളും തമ്മിൽ സഖ്യമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി പ്രചരിക്കാൻ തുടങ്ങി.
2027-ലെ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് സുഖ്ബീർ സിങ് ബാദലിന്റെ പ്രതികരണം പുറത്തുവന്നത് എന്നതാണ് ശ്രദ്ധേയം. അതേസമയം, അകാലിദളുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് പഞ്ചാബ് ബി.ജെ.പി അധ്യക്ഷൻ കേവൽ സിങ് ധില്ലൻ പ്രതികരിച്ചു. സംസ്ഥാനത്തെ 117 നിയമസഭാ മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബി.ജെ.പി തയ്യാറെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, അമിത് ഷായുടെ പ്രസ്താവന കൃത്യമായ രാഷ്ട്രീയ സൂചന നൽകുന്നുണ്ടെന്നും സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ബി.ജെ.പി ദേശീയ നേതൃത്വത്തിൽ നിന്നായിരിക്കും വരികയെന്നും മുതിർന്ന ബി.ജെ.പി നേതാക്കൾ അഭിപ്രായപ്പെടുന്നു.
അകാലിദളും ബി.ജെ.പിയും പഞ്ചാബിൽ 24 വർഷത്തോളം നീണ്ട ദീർഘകാല പങ്കാളികളായിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക നിയമങ്ങളിൽ പ്രതിഷേധിച്ച് 2020 സെപ്റ്റംബറിലാണ് അകാലിദൾ എൻ.ഡി.എ സഖ്യം ഉപേക്ഷിച്ചത്. തുടർന്ന് 2022-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും വേവ്വേറെ മത്സരിച്ചെങ്കിലും വൻതിരിച്ചടിയാണ് നേരിട്ടത്. 117 അംഗ നിയമസഭയിൽ ബി.ജെ.പി രണ്ടും അകാലിദൾ മൂന്നും സീറ്റുകൾ മാത്രമാണ് കരസ്ഥമാക്കിയത്. നിയമം പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് കേന്ദ്രസർക്കാർ പിൻവലിച്ചെങ്കിലും ഇരുപാർട്ടികളും പരസ്പരം അകലം പാലിച്ചു.
നിലവിൽ പഞ്ചാബിലെ എഎപി സർക്കാരിനെതിരെ വലിയ ജനരോഷമുണ്ടെന്നാണ് അകാലിദളും ബിജെപിയും കരുതുന്നത്. അതിനാൽ ഒരുമിച്ചുനിന്നാൽ നേട്ടാമുണ്ടാക്കാമെന്ന് ഇരുകൂട്ടരും കരുതുന്നുണ്ട്. പഞ്ചാബിൽ അധികാരം തിരികെ പിടിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. അതിനാൽ ഇത്തവണ കടുത്ത ത്രികോണ മത്സരത്തിനാകും സംസ്ഥാനം സാക്ഷ്യം വഹിക്കുക എന്നാണ് വിലയിരുത്തൽ
Content Highlights: Speculations rise about Akali Dal and BJP alliance in Punjab politics ahead of the 2027 elections, as leaders express willingness for collaboration.
Published: 23 Oct 2026, 04:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented