തൃശ്ശൂർ: പൂരത്തിന് വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്ന അഞ്ച് വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻസ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് മുൻ ഡിജിപി ജേക്കബ് തോമസ്. അപകടം മുൻകൂട്ടിക്കണ്ട് ഇത്തരം സ്ഥലങ്ങളിൽ ഫയർ എഞ്ചിനുകൾ തയ്യാറാക്കി നിർത്തണമായിരുന്നെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. അതുകൊണ്ട് അപകടമുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ അധികൃതർ സ്വീകരിക്കണമായിരുന്നു. ഒരപകടം നടന്നശേഷമല്ല ഫയർ എഞ്ചിനുകൾ അവിടെ എത്തേണ്ടത്. പൂരത്തിന് വെടിക്കെട്ടിന്റെ സ്ഥാനത്ത് ഡിജിറ്റലായിട്ടുള്ള വിനോദോപാധികൾ ഒരുക്കാൻ പറ്റുമോയെന്ന് ചിന്തിക്കേണ്ട സമയമായെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

"തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് സുരക്ഷിതമായി നടത്താനുള്ള സജ്ജീകരണങ്ങൾ അത്രയധികം ശ്രദ്ധിച്ചുവേണമായിരുന്നു ഒരുക്കാൻ. പൂരനഗരിക്ക് കിലോമീറ്ററുകൾ അകലെയാണ് ഇപ്പോൾ അപകടം ഉണ്ടായത്. എങ്കിലും അപകടമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതായിരുന്നു. വെടിമരുന്ന് വലിയ അളവിൽ ഒരു സ്ഥലത്ത് സൂക്ഷിക്കുന്നതിന് പകരം പല സ്ഥലത്തായി സൂക്ഷിച്ചിരുന്നെങ്കിൽ അപകടത്തിന്റെ ആഘാതം കുറയ്ക്കാൻ പറ്റുമായിരുന്നു. തൃശ്ശൂർ പൂരം എല്ലാ വർഷവും ഉള്ളതാണല്ലോ. രണ്ട് ഫയർ എഞ്ചിനുകളും അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ഈ വെടിമരുന്ന് സൂക്ഷിക്കുന്നതിന്റെ സമീപത്ത് തയ്യാറാക്കി നിർത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ദുരന്തമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്വീകരിക്കുമായിരുന്നു.

തൃശ്ശൂരിൽ ഇപ്പോഴുണ്ടായ അപകടം വെച്ചുനോക്കുകയാണെങ്കിൽ ഫയർ ഫോഴ്സ് സംവിധാനം അവിടെ ഉണ്ടായിരിക്കില്ല. വെടിമരുന്ന് സൂക്ഷിപ്പുശാലയിലെ ജോലിക്കാർ മാത്രമാകും അവിടെയുണ്ടായിരുന്നത്. അവർക്ക് സുരക്ഷയേക്കുറിച്ച് വലിയ ധാരണയുണ്ടാകില്ല. രണ്ട് ഫയർ എഞ്ചിനുകൾ ആ പരിസരത്ത് സജ്ജീകരിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ചിട്ടയായി നടക്കുമായിരുന്നു. അപകടം എപ്പോൾ വേണമെങ്കിലും ഉണ്ടാകാമല്ലോ. ഇതിനുമുൻപും ഉണ്ടായിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും ഇത്തരം അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് അപകടമുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ അധികൃതർ സ്വീകരിക്കണമായിരുന്നു.

കോഴിക്കോട് മിഠായിത്തെരുവും തിരുവനന്തപുരം ചാലയും ഇടയ്ക്കിടെ തീപ്പിടിത്തമുണ്ടാകുന്ന സ്ഥലങ്ങളാണ്. ഞാൻ ഫയർ ഫോഴ്സിന്റെ ഡയറക്ടർ ജനറലായിരുന്ന സമയത്ത് ഇവിടങ്ങളിൽ ഫയർ ഫോഴ്സ് വാഹനങ്ങൾ തയ്യാറാക്കി നിർത്തി. അവിടെ ഇപ്പോൾ വലിയ അപകടങ്ങൾ ഉണ്ടാകുന്നില്ല. തൃശ്ശൂർ പൂരമെന്നത് കുറച്ച് ദിവസമാണ് നടക്കുന്നത്. അതിന്റെ ഭാഗമായുള്ള കരിമരുന്ന് സൂക്ഷിപ്പുിശാലകളിൽ ഫയർ എഞ്ചിനുകൾ സ്റ്റേഷൻ ചെയ്യണമായിരുന്നു.

പുറ്റിങ്ങൽ അപകടവും ഇപ്പോഴത്തെ അപകടവും തമ്മിൽ വ്യത്യാസമുണ്ട്. അവിടെ ആളുകൾ കൂടിനിന്ന സ്ഥലത്താണ് അപകടമുണ്ടായത്. എക്സ്പ്ലോസീവ് നിയമമനുസരിച്ച് സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്നതിനും ആ സ്ഥലവുമായും ബന്ധപ്പെട്ട് കുറേ നിബന്ധനകളുണ്ട്. അതെല്ലാം പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് അധികൃതരാണ്. അങ്ങനെ ചെയ്തിരുന്നെങ്കിൽ അപകടം ഉണ്ടാകുമായിരുന്നില്ല. തൃശ്ശൂർ പൂരം എല്ലാ വർഷവും നടക്കുന്ന കാര്യമാണ്. എല്ലാ ജനങ്ങളുടേയും ഉത്സവമായ പൂരം കുറ്റമറ്റ രീതിയിൽ, സുരക്ഷിതമായി നടത്തുക എന്നത് അധികാരികളുടെ ഉത്തരവാദിത്തമാണ്.

ഇപ്പോഴുണ്ടായ അപകടത്തിന് ക്ഷേത്രവുമായി  ബന്ധമില്ല. പൂരത്തിന് ഉപയോഗിക്കുന്ന വെടിമരുന്നുകൾ സുരക്ഷിതമായിട്ടാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പാക്കാനുള്ള നിയമം നമുക്കുണ്ട്. അധികൃതർ അത് ചെയ്യണമായിരുന്നു. കരിമരുന്നുകളും ചൂടും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണല്ലോ. ഇന്നത്തെ കാലത്ത് വെടിക്കെട്ടിന്റെ സ്ഥാനത്ത് ഡിജിറ്റലായിട്ടുള്ള വിനോദോപാധികൾ ചെയ്യാൻ പറ്റുമോയെന്ന് ആലോചിക്കാവുന്നതാണ്. ശാശ്വതമായിട്ടുള്ള പരിഹാരം എന്നുള്ള രീതിയിൽ അങ്ങനെ ചെയ്യുന്നതിനേക്കുറിച്ച് ചിന്തിക്കുന്നതിനുള്ള സമയമായിട്ടുണ്ട് എന്നാണ് തോന്നുന്നത്." ജേക്കബ് തോമസ് പറഞ്ഞു.

തൃശ്ശൂർ മുണ്ടത്തിക്കോട്ട് പൂരത്തിന് വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്ന അഞ്ച് വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻസ്‌ഫോടനത്തിൽ 12 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും ലഭിച്ചതായി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. നാൽപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ച ഇരുപത്തഞ്ചോളം പേരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.