കോഴിക്കോട്: കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ കിണറ്റിൽവീണ കള്ളനെ പുറത്തെത്തിച്ചു. കൊയിലാണ്ടി നന്തിയിൽ കുഞ്ഞബ്ദുള്ളയുടെ കിണറ്റിലാണ് അസം സ്വദേശിയായ അഗസ്റ്റിൻ ബിർള (26) വീണത്. അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ പുറത്തെടുത്തത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടിലെ ആവശ്യങ്ങൾക്കായി വെള്ളം കോരാനായി എത്തിയപ്പോഴാണ് കിണറ്റിനുള്ളിൽ ആളനക്കം കേട്ടത്. കിണറിന് മുകളിലുള്ള ഗ്രില്ല് മാറിക്കിടക്കുന്നതും ശ്രദ്ധയിൽപെട്ടു. പിന്നാലെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ പുറത്തെത്തിച്ചത്. 22 അടി താഴ്ചയുള്ള കിണറാണിത്. കിണറിനോട് ചേർന്നുള്ള കുളിമുറിയിലൂടെ വീടിനകത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇയാൾ പരിസരത്തെ മറ്റേതെങ്കിലും വീടുകളിൽ മോഷണശ്രമം നടത്തിയിരുന്നോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടുകാർ ഇതുവരെയും പോലീസിൽ പരാതി നൽകിയിട്ടില്ല.
പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി വിശദമായി ചോദ്യംചെയ്യുമെന്നും പരാതി ലഭിച്ചാൽ ഇയാൾക്കെതിരെ കേസെടുക്കുമെന്നും കൊയിലാണ്ടി പോലീസ് അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഷിജി ഐ, ജിനീഷ് കുമാർ, നിധി പ്രസാദ് ഇഎം, അനൂപ് എൻപി, നിതിൻരാജ് ഇകെ., ഇന്ദ്രജിത്ത് ഐ, ബാലൻ ടിപി, അനിൽകുമാർ പി എം, സുധീഷ്, റിജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Content Highlights: Burglary attempt thwarted by accidental fall into a 22-foot deep well. Fire and Rescue Services performed a successful extraction operation. Police investigation underway to determine if other properties were targeted. Suspect is currently under medical observation at Koyilandy Taluk Hospital.
Published: 01 May 2026, 12:36 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented