'വിരുദുനഗർസംഭവം നാം മലയാളികളെയും നന്നായൊന്ന് ജാഗ്രതപ്പെടുത്തട്ടെ' തിങ്കളാഴ്ച മാതൃഭൂമി ദിനപത്രത്തിന്റെ മുഖപ്രസംഗം  പറഞ്ഞവസാനിപ്പിച്ചത് ഈ വരികളിലൂടെയാണ്. 25 പേരുടെ ജീവനെടുത്ത തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ കട്ടനാർപട്ടിയിൽ പടക്കശാലയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽനിന്ന് കേരളത്തിനും പാഠങ്ങൾ ഉൾക്കൊള്ളാനുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു മുഖപ്രസംഗം. കേരളം വിറങ്ങലിച്ച പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് പത്താണ്ട് പിന്നിടുന്ന വേളയിൽകൂടിയായിരുന്നു ജാഗ്രത പാലിക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തൽ. എന്നാൽ, മണിക്കൂറുകൾ പിന്നിടും മുമ്പേ സംസ്ഥാനം മറ്റൊരു വലിയ ദുരന്തത്തിന്  കൂടി സാക്ഷ്യംവഹിച്ചിരിക്കുകയാണ്. തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നിടത്ത് നടന്ന ഉഗ്രസ്‌ഫോടനത്തിൽ 12പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് ആശങ്ക.

To advertise here,

സ്ഫോടനസ്ഥലത്തിന് സമീപത്തെ പറമ്പുകളിലെല്ലാം ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലാണെന്ന് ദൃക്‌സാക്ഷികൾ പറയുമ്പോൾ ദുരന്തത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ. സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെടിക്കെട്ടപകടങ്ങളിലൊന്നായി മാറിയേക്കാവുന്ന ദുരന്തം. 17 ദിവസം മുമ്പാണ് സംസ്ഥാനത്ത് രണ്ട് യുവാക്കളുടെ ജീവനെടുത്ത മറ്റൊരു പടക്കനിർമാണ സ്‌ഫോടനം നടന്നത്.  കോഴിക്കോട് കുന്ദമംഗലത്തിന് സമീപം കുരിക്കത്തൂരിലാണ് പടക്കനിർമാണത്തിനിടെ വീട്ടിൽ സ്‌ഫോടനമുണ്ടായി രണ്ടുപേർ മരിച്ചത്.

വേനൽക്കാലത്ത് പടക്കമുണ്ടാക്കുമ്പോൾ രാസവസ്തുക്കൾ തമ്മിൽ കൂട്ടിക്കലർത്തുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഓർമിപ്പിക്കുന്നു.

പടക്കശാലയിലെ മുറികൾ വളരെ ഇടുങ്ങിയതാണെന്നും ഇവിടെ കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് കൂടുതൽ പടക്കങ്ങൾ നിർമിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നും വിരുദ നഗർ സ്‌ഫോടനത്തിൽ പോലീസിന്റെ പ്രാഥമിക നിരീക്ഷണം.

കോഴിക്കോട് കുന്ദമംഗലത്ത് സ്‌ഫോടനം നടന്ന വീടിനുള്ളിൽ പടക്കനിർമാണം നടന്നിരുന്നത് നാട്ടുകാർക്ക് പോലും അറിയില്ലായിരുന്നു. വൻ തോതിൽ പനയോലകളും അരച്ചാക്ക് വെടിമരുന്നും വീടിന് സമീപത്ത് ശേഖരിച്ചനിലയിലായിരുന്നു. സ്‌ഫോടനത്തെത്തുടർന്ന് രണ്ടുപേരുടെ മരണത്തിനിടയായ വീടും പരിസരവും പരിശോധിച്ച പോലീസിന് പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടത് അവിടെ നടന്നത് പരസ്യമായ രഹസ്യമായിരുന്നു എന്നതാണ്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും നിയമങ്ങൾ കാറ്റിൽ പറത്തിയും നടക്കുന്ന പടക്കനിർമാണശാലകളിലാണ് പലപ്പോഴും നിരവധി ജീവനുകൾ കവരുന്ന സ്‌ഫോടനങ്ങൾക്ക് സാക്ഷ്യംവഹിക്കുന്നത്.

നാട് വിറങ്ങലിച്ച പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് പത്ത് ദിവസം മുമ്പാണ് പത്താണ്ട് തികഞ്ഞത്. അന്ന് ക്ഷേത്രോത്സവത്തിന്റെ ആരവങ്ങളിലേയ്ക്ക്  പൊടുന്നനെയാണ് ദുരന്തം കടന്നെത്തിയത്. 2016 ഏപ്രിൽ 10-ന് പുലർച്ചെ 3.13-ന് പുറ്റിങ്ങൽ മൈതാനിയിൽ കത്തിയമർന്നത് 110 മനുഷ്യരാണ്. ഗുരുതരമായി പരിക്കേറ്റത് 656 പേർക്ക്. പരിക്കേറ്റവരിൽ പലർക്കും ഇത്രകാലമായിട്ടും ജീവിതം പഴയനിലയിലേക്ക് എത്തിയിട്ടില്ല. അപകടമേൽപ്പിച്ച ശാരീരികവും മാനസികവുമായ ആഘാതത്തിന്റെ തീവ്രത കുറയുന്നുമില്ല.

മീനഭരണി ഉത്സവത്തിന്റെ സമാപനംകുറിച്ച് രാത്രി 12-നാണ് വെടിക്കെട്ട് തുടങ്ങിയത്. പ്രശസ്തമായ വെടിക്കെട്ട് കാണാൻ മറ്റുനാടുകളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിനുപേരാണ് പരവൂരിലേക്ക് ഒഴുകിയെത്തിയത്. വെടിക്കെട്ട് ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്.

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻതന്നെ സമയമേറെ വേണ്ടിവന്നു. ചിതറിത്തെറിച്ച ശരീരങ്ങളും നിലവിളികളും മൈതാനത്തെ നടുക്കി. പൊള്ളലേറ്റ മനുഷ്യരുടെ നിലവിളികളും അവരെ രക്ഷപ്പെടുത്താനുള്ള പരക്കംപാച്ചിലുകളുമായിരുന്നു പിന്നീട്. വഴിയരികിൽ പാർക്കുചെയ്തിരുന്ന സ്വകാര്യബസുകളിലുൾപ്പെടെ പരിക്കേറ്റവരുമായി സമീപത്തെ ആശുപത്രികളിലേക്ക് നാട്ടുകാർ പാഞ്ഞു.

പൊട്ടിത്തെറിയുടെ ആഘാതത്തിൽ തെറിച്ചുവീണ കോൺക്രീറ്റ് അവശിഷ്ടങ്ങളും നിരവധിപേരുടെ ജീവനെടുത്തു. പ്രദേശത്തെ 358 വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. 2.58 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയത്. പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ പിന്നീട് വെടിക്കെട്ട് നടത്തിയിട്ടില്ല. സ്‌ഫോടനം നടന്ന കമ്പപ്പുരയും ഇപ്പോഴില്ല.