തൊടുപുഴ: മാനസിക പീഡനത്തെത്തുടർന്ന് തൊടുപുഴ സ്മിത ആശുപത്രിയിലെ നഴ്‌സ് ആത്മഹത്യയ്ക്കുശ്രമിച്ചു. യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ ആശുപത്രിയിലെ മൂന്ന് പേരെ സസ്‌പെൻഡ്‌ചെയ്തു. ചീഫ് നഴ്‌സിങ് ഓഫീസർ ലിസിമോൾ ഫിലിപ്പ്, നഴ്‌സിങ് സൂപ്രണ്ട് നിഷ, നഴ്‌സ് അൽഫോൻസ എന്നിവരെയാണ് സസ്‌പെൻഡുചെയ്തത്.
ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. രാത്രി ഡ്യൂട്ടിയിലായിരുന്ന നഴ്‌സ് കടുത്ത മാനസികപീഡനത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറികൂടിയാണ് യുവതി. അസോസിയേഷന് രൂപംനൽകിയശേഷം ആശുപത്രിയിലെ ശമ്പളവുമായി ബന്ധപ്പെട്ടും അമിത ജോലിഭാരത്തെക്കുറിച്ചും സമ്മർദത്തെക്കുറിച്ചും യുവതിയടക്കമുള്ളവർ ലേബർ ഓഫീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് ചീഫ് നഴ്‌സിങ് ഓഫീസർ (സി.എൻ.ഒ.), എമർജൻസി ഡിപ്പാർട്‌മെന്റ് സൂപ്പർവൈസർ, മറ്റൊരു സ്റ്റാഫ് നഴ്‌സ് എന്നിവർ തുടർച്ചയായി മാനസിക പീഡനത്തിനിരയാക്കിയെന്നാണ് ആരോപണം. ലേബർ ഓഫീസിൽ നൽകിയ പരാതിയിൽ അടുത്തദിവസം ചർച്ച നടക്കാനിരിക്കുകയാണ്. തൊഴിൽ പീഡനം തന്നെയാണ് നടന്നിട്ടുള്ളതെന്ന് യു.എൻ.എ. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണ വിധേയരായവരെ മാറ്റിനിർത്തുമെന്ന് ആശുപത്രിയിൽനിന്ന് ഉറപ്പുലഭിച്ചിരുന്നു. എന്നാൽ ഇവരിൽ സ്റ്റാഫ് നഴ്‌സിനെ ഉൾപ്പെടുത്തി തിങ്കളാഴ്ചത്തെ ഡ്യൂട്ടി രജിസ്റ്റർ തയ്യാറാക്കി.
ജീവനൊടുക്കാൻ ശ്രമിച്ച നഴ്‌സ് അടക്കമുള്ള വാട്‌സാപ് ഗ്രൂപ്പിലാണിത് പ്രസിദ്ധീകരിച്ചത്. തുടർന്ന് ഡി.വൈ.എഫ്.ഐ.യും കേരള നഴ്‌സസ് യൂണിയനും (സി.ഐ.ടി.യു.), യുവമോർച്ച പ്രവർത്തകരും ആശുപത്രിക്കുള്ളിൽ പ്രതിഷേധിച്ചു. ഇതോടെ സ്റ്റാഫ് നഴ്‌സിനെതിരേമാത്രം നടപടിയെടുത്ത് ആശുപത്രി കത്ത് പുറത്തിറക്കി. മൂന്നുപേർക്കുമെതിരേ നടപടി വേണമെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു. പക്ഷേ അപ്പോഴും സ്റ്റാഫ് നഴ്‌സിനെതിരേമാത്രം നടപടിയെടുത്ത് ലെറ്റർപാഡിൽ പേനകൊണ്ട് എഴുതിയ മറ്റൊരു കത്താണ് പുറത്തിറക്കിയത്. പ്രതിഷേധക്കാർ നിലപാടിൽ ഉറച്ചുനിന്നതോടെ മൂന്നുപേരെയും സസ്‌പെൻഡുെചയ്തുകൊണ്ടുള്ള ഉത്തരവ് ആശുപത്രി പുറത്തിറക്കുകയായിരുന്നു.
ആരോപണ വിധേയരായവർക്കെതിരേ പോഷ് ആക്ട് പ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യവകുപ്പുമന്ത്രി, ആഭ്യന്തരവകുപ്പുമന്ത്രി എന്നിവർക്ക് യൂണിയൻ പരാതി നൽകി. മൂവരുടെയും രജിസ്‌ട്രേഷൻ അന്വേഷണവിധേയമായി സസ്‌പെൻഡുചെയ്യണമെന്ന് നഴ്‌സിങ് കൗൺസിൽ രജിസ്ട്രാറോടും ആവശ്യപ്പെട്ടു. തൊടുപുഴ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ആശുപത്രി അധികൃതർ വിശദീകരണം നൽകാൻ തയ്യാറായില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Nurse at Smita Hospital, Thodupuzha, attempted suicide due to alleged workplace harassment., Three hospital staff members, including the CNO, suspended following intense protests., The victim is a UNA unit secretary who had previously filed complaints regarding work pressure and salary issues., Union leaders are demanding action under the POSH Act and suspension of nursing registrations., Police have recorded the victim's statement as investigations continue.
Published: 01 Jun 2026, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented