
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾക്കെതിരേ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. സ്വകാര്യ ആശുപത്രികളിൽ 60 ശതമാനവും വിദേശ നിക്ഷേപങ്ങളാണെന്നും നിയന്ത്രണം വിദേശ കമ്പനികളുടെ കൈയിലാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ പോകുന്നവർ സൂക്ഷിക്കണമെന്നും സർക്കാർ ആശുപത്രികളെ തകർക്കലാണ് വിദേശ കമ്പനികളുടെ ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്വകാര്യ ആശുപത്രിയിൽ അനസ്തേഷ്യയിലെ പിഴവുമൂലം രോഗിമരിക്കാനിടയായ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'സ്വകാര്യ ആശുപത്രികളുടെ തോന്ന്യവാസം ഒരിക്കലും അനുവദിക്കില്ല. ഇതുപോലുള്ള ആശുപത്രികളിൽ 60 ശതമാനം വിദേശ നിക്ഷേപമാണ്. അവരുടെ നിയന്ത്രണത്തിലല്ല കാര്യങ്ങൾ. അതുകൊണ്ട് അവിടെ പോകുന്നവർ സൂക്ഷിക്കുക. വിദേശ കമ്പനികളുടെ ലക്ഷ്യം സർക്കാർ ആശുപത്രികളെ തകർക്കലാണ്. അതനുസരിച്ച് ഞങ്ങൾ അതിനെ നേരിടും', മുരളീധരൻ പറഞ്ഞു.
രോഗി മരിച്ച വിഷയത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കാനുണ്ട്. എടുത്തുചാടിപ്പോയാൽ കോടതിയിൽനിന്ന് സ്റ്റേ കിട്ടും. നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കും. നടപടി ഉണ്ടാകും എന്ന കാര്യത്തിൽ തർക്കം വേണ്ട. വിഷയത്തിൽ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്നും കുറ്റക്കാർക്കെതിരേ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കെ.കെ. രാഗേഷിനെതിരെ വിമർശനം
പാർട്ടിക്കുപോലും വേണ്ടാത്ത ജില്ലാ സെക്രട്ടറിയാണ് കെ.കെ. രാഗേഷ് എന്നും മുരളീധരൻ പറഞ്ഞു. ‘രാഗേഷ് കാരണമാണ് രണ്ട് എംഎൽഎമാർ ഞങ്ങൾക്ക് അധികം ലഭിച്ചത്. അദ്ദേഹം ഇനിയും ആ സ്ഥാനത്ത് ഇരുന്നാൽ ജില്ലയിൽ യുഡിഎഫിന് കൂടുതൽ ജനപ്രതിനിധികളെ ലഭിക്കും. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരേ ഞങ്ങൾ മിണ്ടാത്തത്. അദ്ദേഹം അവിടെത്തന്നെ ഇരിക്കട്ടെ’, സി.പി.എം. രാഷ്ട്രീയ വിശദീകരണ യോഗത്തിൽ കെ. കരുണാകരനെ പരിഹസിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു കെ. മുരളീധരൻ.
നുണപറയുന്ന കാര്യത്തിൽ കെ. കരുണാകരന്റെ റെക്കോർഡ് വി.ഡി. സതീശൻ ഭേദിക്കുമെന്നായിരുന്നു കെ.കെ. രാഗേഷിന്റെ പരാമർശം. ഇതിനേക്കുറിച്ചുള്ള ചോദ്യത്തിന്, 'അദ്ദേഹത്തിന്റെ നേതാക്കന്മാരെക്കുറിച്ച് ഞങ്ങൾ അങ്ങനെ പറയുന്നില്ല. മുതിർന്ന നേതാക്കളെ ബഹുമാനിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അതുകൊണ്ടാണ് രാഗേഷിന് മറുപടി പറയാത്തത്. യാതൊരു ക്വാളിറ്റിയും ഇല്ലാതെ സെക്രട്ടറിയായി വന്നയാളാണ് രാഗേഷ്. അതിന്റേതായ സ്വഭാവം അദ്ദേഹം കാണിക്കും. ഓരോരുത്തരും അവരുടെ സംസ്കാരത്തിനനുസരിച്ചേ പ്രവർത്തിക്കൂ. കൂടുതൽ അതിനെക്കുറിച്ച് പറയുന്നില്ല', മുരളീധരൻ പറഞ്ഞു.
Content Highlights: K. Muraleedharan claims 60% of private hospitals have foreign investments aimed at destroying government hospitals., Strong legal action promised regarding the patient death due to anesthesia in a private hospital., Sharp criticism against CPM district secretary K.K. Ragesh over remarks on K. Karunakaran.
Published: 31 Aug 2026, 02:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented