പാലാ: മോഷണക്കേസിൽ പിടിയിലായ പ്രതി പോലീസ് സ്‌റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാമപുരം വെള്ളിയേപ്പള്ളി പേഴത്തിനാൽ വിഷ്ണു(19) ആണ് കത്രികകൊണ്ട് കഴുത്തിന് മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. പ്രതിയുടെ മുറിവ് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.

To advertise here,

പാലാ ജനറൽ ആശുപത്രിയിലെ ക്യാഷ് കൗണ്ടർ തകർത്ത് അകത്തു കയറി പണം മോഷ്ടിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉച്ചയോടെയാണ് പ്രതിയെ സ്റ്റേഷനിലെത്തിച്ചത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുവാനും കോടതിയിൽ ഹാജരാക്കുവാനുമുള്ള നടപടികൾ പോലീസുകാർ നടത്തുമ്പോളായിരുന്നു സംഭവം. സ്റ്റേഷനിലുള്ളിൽ ഇരിക്കുമ്പോൾ മേശപ്പുറത്തിരുന്ന ചെറിയ കത്രിക പോലീസുകാരുടെ ശ്രദ്ധയിൽ പെടാതെ എടുക്കുകയും കഴുത്തിൽ കുത്തിമുറിവേൽപ്പിക്കുകയുമായിരുന്നു.

സംഭവം കണ്ട പോലീസുകാർ ഉടൻ പ്രതിയെ പിടികൂടുവാൻ ശ്രമിച്ചപ്പോൾ അവർക്കെതിരെയും അക്രമം നടത്തുവാൻ ശ്രമിച്ചു. തുടർന്ന് പോലീസ് പ്രതിയെ പാലാ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതി രാമപുരത്ത് വൃദ്ധയെ പീഡിപ്പിച്ച കേസിലും കഞ്ചാവ് വിറ്റ് കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ഓഗസ്റ്റ് നാലിന് വൈകിട്ടായിരുന്നു പ്രതി പാലാ ജനറലാശുപത്രിയിൽ മോഷണം നടത്തിയത്. ഒരു സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കൂടെ നിൽക്കുകയായിരുന്നു വിഷ്ണു. ആശുപത്രിയുടെ മുകൾ നിലയിലെ കൗണ്ടറിൽ ആളില്ലാത്ത സമയത്ത് ഗ്രില്ല് തകർത്ത് അകത്തു കയറിയാണ് പണം കവർന്നത്. ഇതിന്റെ സി.സി.ടിവി. ദൃശ്യങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)